ജനങ്ങൾ പഞ്ചായത്തിന് കൈമാറിയിട്ട് 16 വർഷം ; വിളമന വട്ടവയൽ - വട്ട്യങ്ങാട് റോഡിനോട് പഞ്ചായത്തധികൃതർ കാണിക്കുന്നത് തികഞ്ഞ അവഗണനയെന്ന് പ്രദേശവാസികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: പതിനാറ് വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് ഏറ്റെടുത്ത വട്ടവയൽ - വട്ട്യങ്ങാട് റോഡിനോട് തികഞ്ഞ അവഗണന കാണിക്കുന്നതായി പ്രദേശവാസികൾ . പായം പഞ്ചായത്തിലെ പതിനാറാം വാർഡിൽ പെട്ട റോഡ് ഏറെ പ്രതീക്ഷയോടെ ആയിരുന്നു നാട്ടുകാർ പഞ്ചായത്തിന് കൈമാറിയത്. എന്നാൽ ഏറ്റെടുത്ത കാലത്തെക്കാളും ദയനീയമായ അവസ്ഥയിലാണ് ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ഈ റോഡിനുള്ളത് .  
ഒരു കിലോമീറ്ററോളം വരുന്ന റോഡിന്റെ ഇരു ഭാഗവും അധികൃതർ കോൺക്രീറ്റ് ചെയ്തും ടാർ ചെയ്തും നവീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ മദ്ധ്യ ഭാഗത്തായി നാനൂറു മീറ്ററോളം വരുന്ന ഭാഗമാണ് അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലുള്ളത്. ഈ ഭാഗം ഒരു മഴപെയ്യുന്നതോടെ ചെളിക്കുളമാകുകയാണ്. പിന്നെ കാല്നടയാത്രപോലും ദുസ്സഹമാക്കുന്നു. നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ടവർക്കെല്ലാം നിവേദനം നൽകി. എം എൽ എ ഫണ്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നുമൊക്കെ തുക വകയിരുത്തിയതായി പറന്നിരുന്നെങ്കിലും പിന്നീട് ഫണ്ട് മറ്റൊരു വഴിക്ക് തിരിച്ചു വിടുന്ന കാഴ്ച്ചയാണ് പ്രദേശത്തുകാർക്ക് കാണാൻ കഴിഞ്ഞത്. തീരെ വീതികുറഞ്ഞതും അധികം ആളുകൾ ഉപയോഗിക്കാത്തതുമായ റോഡുകൾ പോലും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും മറ്റും കോൺക്രീറ്റ് ചെയ്യുമ്പോൾ റോഡിന് വീതിയിലെന്ന് പറഞ്ഞ് പ്രദേശവാസികളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുകയാണ് അധികൃതർ എന്നാണ് ഈ റോഡിനെ ഉപയോഗിക്കുന്നവർ പറയുന്നത്. 
   വിശാലമായ പാടശേഖരവും, ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന റബറും, തെങ്ങും, വാഴകളും അടങ്ങിയ കൃഷിയിടങ്ങളും, കൊടും വേനലിലും വറ്റാത്ത നീരുറവകളു മുള്ള ഫലഭൂയിഷ്ടമായ ഒരിടം കൂടിയാണ് പായം പഞ്ചായത്തിലെ വിളമന എന്ന ഈ ഭൂ പ്രദേശം. ഈ റോഡിന്റെ ശോച്യാവസ്ഥകാരണം ഏക്കറുകളോളം കൃഷിയിടം തന്നെ തരിശിടേണ്ട ഗതികേടിലാണ് പ്രദേശത്തെ കർഷകർ. കൃഷിക്ക് എറ്റവും കൂടുതൽ പരിഗണന നൽകുന്ന പഞ്ചായത്തായിട്ടും ഈ പ്രദേശത്തോടുള്ള അവഗണന തുടർക്കഥയായി മാറുകയാണ്.
 നാട്ടുകാർ റോഡിനായി സ്ഥലം നല്കിയപ്പോൾ പാടശേഖരത്തെ സംരക്ഷിക്കുന്ന ചെറിയ ഓവുചാൽ മൂടിപ്പോയതാണ് ഇവിടുത്തെ കർഷകർക്ക് വിനയായത്. കുന്നിന് താഴെയുള്ള റോഡിലേക്ക് കുന്നിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം പാടശേഖരത്ത് നിറയുന്നതോടെ നെല്ല് ഉൾപ്പെടെ ഒന്നും കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയായി. പുതുമഴയ്ക്ക് കൃഷിയിറക്കിയാൽ നെല്ലായാലും മരച്ചീനിയായാലും വാഴയായാലും വെളളത്തിൽ മുങ്ങും. പൊന്നു വിളയിച്ചിരുന്ന പാടങ്ങൾ മഴക്കാലം മുഴുവൻ ഇതേനില തുടരുന്നതിനാൽ കൃഷി മുഴുവൻ നശിച്ചു പോകുന്നു. ഇപ്പോൾ ആറുവർഷമായി നിലം തരിശിടുകയാണ് കർഷകർ. റോഡ് നന്നാക്കി പാടത്തിലേക്ക് വെള്ളം കയറാത്ത നിലയിൽ ഓവുചാൽ നിർമ്മിച്ചാൽ മാത്രമെ പ്രദേശം കൃഷി യോഗ്യമാക്കാനാവു. കൃഷിയിടത്തിന്റെ മറ്റൊരു ഭാഗത്തുകൂടി ഒഴുകുന്ന തോട് വർഷങ്ങളായി നവീകരിക്കാനും ശ്രമം ഉണ്ടാകുന്നില്ല. മഴക്കാലത്തിന് മുൻമ്പ് ഇത്തരം തോടുകളിൽ അടിഞ്ഞ മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിന് തൊഴിലുറപ്പിൽ പദ്ധതി വെക്കാമെങ്കിലും പ്രദേശത്തോട് അയിത്തം കല്പ്പിക്കുന്ന സമീപനം ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാകുന്നതും നാട്ടുകാരുടെ ദുരിതം കൂട്ടുന്നു.


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha