ഷീനയുടെ ക്യാൻവാസിൽ പ്രകൃതിയുടെ നിറങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : പ്രകൃതിയിൽനിന്നിറങ്ങി വന്ന നിറങ്ങളാണ്‌ ഷീനയുടെ ക്യാൻവാസിൽ. ആകാശവും ഭൂമിയും ഇലകളും പൂക്കളും പുഴയുമെല്ലാം പ്രകൃതിക്കൊപ്പം ചേരുന്ന കലാകാരിയുടെ ഭാവനയുടെ ചാരുതയിൽ ലയിക്കുകയാണ്‌. ദിവസവും നാം കാണുന്നതും അനുഭവിച്ചറിയുന്നതുമായ നിമിഷങ്ങൾ പ്രകൃതിയുടെ ഭാവങ്ങൾ എടുത്തണിയുമ്പോഴാണ്‌ ഷീനയുടെ ചിത്രങ്ങൾ വ്യത്യസ്‌തമാവുന്നത്‌. 
 
കൂത്തുപറമ്പ്‌ സ്വദേശിനിയായ പി.കെ. ഷീന യു.പി സ്‌കൂളിൽ പഠിക്കുമ്പോഴാണ്‌ വരച്ചു തുടങ്ങിയത്‌. ചിത്രകലാധ്യാപികയായ അംബുജാക്ഷിയാണ്‌ ഷീനയ്‌ക്ക്‌ വരച്ച്‌ വളരാൻ പ്രചോദനമായത്‌. സ്‌കൂൾ പഠനത്തിനൊപ്പം ചിത്രകലാപഠനവും തുടർന്നു. പ്രീഡിഗ്രിക്ക്‌ ശേഷം തലശേരി സ്‌കൂൾ ഓഫ്‌ ആർട്‌സിൽ പഠിച്ചു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ്‌ ഓഫ്‌ മ്യൂസിക്‌ ആൻഡ്‌ ഫൈൻ ആർട്‌സിൽനിന്ന്‌ ബി.എഫ്‌.എ ബിരുദം നേടി. കോഴിക്കോട് ആർട്‌ ഗ്യാലറിയിൽ ലളിതകലാഅക്കാദമി സഹകരണത്തോടെ സോളോ എക്‌സിബിഷൻ നടത്തി. ലളിതകലാ അക്കാദമിയുടെ സംസ്ഥാനതല ചിത്രപ്രദർശനത്തിലും ചിത്രകലാ പരിഷത്ത്‌ ചിത്രപ്രദർശനങ്ങളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്‌. 
  
15 വർഷം വ്യക്തിപരമായ കാരണങ്ങളാൽ നിറങ്ങളുടെ ലോകത്ത്‌ മാറിനിന്നെങ്കിലും കഴിഞ്ഞ വർഷം വീണ്ടും പെയിന്റിങ്‌ ബ്രഷ്‌ കൈയിലെടുത്തു. ലളിതകലാ അക്കാദമി അമൃത്‌മഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിൽ മതിലിൽ ചിത്രം വരച്ചതോടെയാണ്‌ വീണ്ടും സജീവമായത്‌. അക്രിലിക്‌, ഓയിൽ, വാട്ടർ കളർ മാധ്യമങ്ങളിലാണ്‌ ഷീനയുടെ വര. ‘‘വരയില്ലാത്ത നാളുകൾ മറ്റൊരു ജന്മത്തിലെത്തിയതുപോലെയാണ്‌ തോന്നിയത്‌. അന്നാണ്‌ പെയിന്റിങ്‌ എന്റെ ജീവിതത്തിൽ എന്താണെന്ന്‌ തിരിച്ചറിഞ്ഞത്‌. ജീവിതം ഏത്‌ ഘട്ടങ്ങളിലൂടെ കടന്നുപോയാലും ഒരു തണലും അഭയവുമാണ്‌ എനിക്ക്‌ വര’’– ഷീന പറഞ്ഞു.  

അഞ്ചരക്കണ്ടി ദർശന കലാക്ഷേത്രത്തിൽ ചിത്രകലാധ്യാപികയാണ്‌ ഷീന. ധര എന്ന പേരിലുള്ള ചിത്രകാരികളുടെ കൂട്ടായ്‌മയിൽ കതിരൂർ ആർട്‌ ഗ്യാലറിയിൽ സംഘ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്‌. വെള്ളച്ചാലിലെ സി.കെ. ബാബുവാണ്‌ ഭർത്താവ്‌. മക്കൾ ആഭ, അഭാവ്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha