ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് സി.ബി.ഐ. അന്വേഷിക്കണം: ആക്ഷന്‍ കമ്മിറ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി. ക്രൈംബ്രാഞ്ച് അന്വേഷണം മൂന്നുവര്‍ഷമായി ഇഴഞ്ഞു നീങ്ങുകയാണെന്നും തൃപ്തികരമല്ലെന്നും ഈ കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ആക്ഷന്‍ കമ്മിറ്റിയും, പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മറ്റിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി പ്രസ്തുത ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങിയത്. കേരള ഗവണ്‍മെന്‍റ്, കേരള ഡി.ജി.പി, എസ്.പി ക്രൈംബ്രാഞ്ച്, സി.ബി.ഐ ഡയറക്ടര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

അഡ്വ: കാളീശ്വരന്‍ രാജ്, അഡ്വ: തുളസി കെ രാജ്, അഡ്വ: അപര്‍ണ എന്‍ മേനോന്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന അഡ്വക്കേറ്റ്സ് പാനലാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപര്‍ക്കും പി.ഡി.പിക്കും വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.
ഹൈക്കോടതി ഇടപെട്ട സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻമാര്‍ പരാതിക്കാരെ വിളിച്ചുവരുത്തി അവരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുകയും പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്യുന്നുണ്ട്. കൂടാതെ ഹൈക്കോടതി നോട്ടീസ് കിട്ടിയ ശേഷം കേവലം 2 ദിവസം കൊണ്ട് 17 പേരെക്കൂടി പ്രതിയാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്‍റെ ഈ നടപടിയില്‍ സംശയമുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. മൂന്നുവര്‍ഷമായി മിണ്ടാതിരുന്ന ക്രൈംബ്രാഞ്ച് ധൃതഗതിയില്‍ ഇപ്പോള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കേസ് അട്ടിമറിക്കുന്നതിനാണ് എന്നാണ് സംശയിക്കുന്നത്. 

2020 ഓഗസ്റ്റ് 27 നാണ് ഇത് സംബന്ധിച്ച് ആദ്യ കേസ് ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകര്‍ക്ക് നീതി കിട്ടാന്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. ഒടുവിലാണ് സി.ബി.ഐ എന്‍ക്വയറി വേണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

കമ്പനിയുടെ ഡയറക്ടര്‍മാരില്‍ പലരും ക്രൈംബ്രാഞ്ചിന്‍റെ പിടിപ്പുകേട് കൊണ്ട് വിദേശത്തേക്ക് കടന്നിരിക്കുന്നു. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പൂക്കോയ തങ്ങളുടെ മകനെ പോലും പിടികൂടാനായില്ല. അയാളും വിദേശത്തേക്ക് കടന്നു. കിലോക്കണക്കിന് സ്വര്‍ണ്ണം ഇവര്‍ കടത്തികൊണ്ട് പോയെന്ന് മൊഴിയും ഉണ്ട്. ഇതെല്ലാം തന്നെ വിദേശത്ത് ബിനാമികളുടെ പേരില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടെത്തണമെങ്കില്‍ കേവലം ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ല. അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. മാത്രമല്ല, കമ്പനി ആരംഭിച്ചതിന് ശേഷം പൂക്കോയതങ്ങളുടേയും എം.സി ഖമറുദ്ദീന്‍റേയും ബന്ധുക്കളുടെ പേരില്‍ അടക്കം നടന്ന ഇടപാടുകളും അന്വേഷിക്കണമെന്നും, പുതിയ നിയമപ്രകാരം പ്രതികളുടെ സ്വത്തുവകകള്‍ കണ്ടു കെട്ടണമെന്നും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവന്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഇരകള്‍ക്കും നീതി കിട്ടുന്നതുവരെ പോരാടുമെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. 

ഫാഷന്‍ ഗോള്‍ഡ് വിക്റ്റിം അസോസിയേഷന്‍ ചെയര്‍മാന്‍ ബാലകൃഷ്ണന്‍ പയ്യന്നൂര്‍, ജനറല്‍ കണ്‍വീനര്‍ സൈനുദ്ദീന്‍ കെ.കെ, രക്ഷാധികാരികളായ സുബൈര്‍ പടുപ്പ്, അസീസ് ഹാജി ഒ.എം, കണ്‍വീനര്‍മാരായ മിസിരിയ പടന്ന, മുനീറ, എക്സിക്യൂട്ടീവ് അംഗം മുത്തലിബ് വെള്ളച്ചാല്‍ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha