പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു ; സംസ്ഥാനത്ത് പനി മരണം 95 ആയി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണിയാമ്പറ്റ: പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു.  വയനാട് ജില്ലയിലെ കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ പള്ളിക്കുന്ന് വിനോദിന്റെ മകന്‍ ലിഭിജിത്ത് (3) ആണ് മരിച്ചത്.ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവുമായിരുന്നു.അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ചികിത്സ തേടിയത്. കമ്പളക്കാട് സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തി അല്പസമയത്തിനകം കുട്ടി മരിക്കുകയായിരുന്നു.

ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 95 ആയി. പനി ബാധിച്ച് കഴിഞ്ഞ ദിവസം ചികില്‍സ നേടിയത് പതിനായിരത്തിലേറെ പേരാണ്. ഈ മാസം ഇതുവരെ ഉള്ള പനി ബാധിതരുടെ എണ്ണം 261662 എന്നാണ് ആരോ​ഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട കണക്ക്. ഇവരില്‍ 1660 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി തളര്‍ത്തിയത് 142 പേരെയാണ്. ജലജന്യ രോഗങ്ങളും വയറിളക്ക രോഗങ്ങളും ബാധിച്ചത് 250050 പേരെയാണ്.

കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍, പനി മരണങ്ങളുടെ നിരക്ക് ഉയര്‍ന്ന അവസ്ഥയാണ്. ഡെങ്കി പനി തീവ്രമാകുന്നതോടെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. കുട്ടികളിലും മറ്റ് രോഗങ്ങള്‍ ഉളളവരിലും രോഗബാധ കടുത്തേക്കുമെന്ന മുന്നറയിപ്പുമുണ്ട്. തുടക്കം മുതല്‍ കൃത്യമായ ചികില്‍സ നല്‍കിയില്ലെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, പനി കണക്കില്‍ അവ്യക്തത ഇല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സ്വയം ചികിത്സ പാടില്ലെന്നാണ് സര്‍ക്കാര്‍ നേരത്തെ മുതല്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ആരോഗ്യ വകുപ്പ് മെയ് മാസം മുതല്‍ പനി നിയന്ത്രിക്കാന്‍ ജാഗ്രത പാലിച്ചിരുന്നെന്നും ഡെങ്കിപനി കേസുകള്‍ കൂടുതല്‍ ഉണ്ടാകാതിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മസ്തിഷ്‌ക ജ്വരത്തെ സംബന്ധിച്ചും ജാഗ്രതാ നിർദേശം മന്ത്രി നൽകിയിട്ടുണ്ട്. എന്തുകൊണ്ട് മരണം സംഭവിച്ചെന്ന് പരിശോധിച്ച് വരികയാണെന്നും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരാഴ്ചക്കിടെ രണ്ടാമത്തെ കുട്ടിക്കാണ് വയനാട് ജില്ലയിൽ പനി ബാധിച്ച് ജീവൻ നഷ്ടമാകുന്നത്. രണ്ട് ദിവസം മുമ്പാണ് വയനാട്ടിൽ പനി ബാധിച്ച് നാലുവയസ്സുകാരി മരിച്ചത്. തൃശ്ശിലേരി സ്വദേശികളായ അശോകൻ അഖില ദമ്പതികളുടെ മകൾ രുദ്രയാണ് മരിച്ചത്.

പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എടയൂർകുന്ന് ഗവ. എൽ.പി. സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ് രുദ്ര. അതേസമയം പനിക്കൊപ്പം ഗുരുതര ഉദരസംബന്ധമായ രോഗങ്ങളും സംസ്ഥാനത്ത് പെരുകുന്നതായി ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. പനി വ്യാപനം കുട്ടികളിലും വർദ്ധിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha