കാരുണ്യം വറ്റാത്ത കണ്ണൂർ ജനത: സ്നേഹത്തണലുമായി ‘ക്ലീൻ കണ്ണൂർ സേഫ് കണ്ണൂർ’ പദ്ധതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ജീവിതതാളം തെറ്റി തെരുവിലകപ്പെട്ടുപോയവരെ ചേർത്തുപിടിക്കുകയാണ് ‘ക്ലീൻ കണ്ണൂർ സേഫ് കണ്ണൂർ’. അശരണരും ആലംബഹീനരുമായവർക്ക്‌ മികച്ച ജീവിതസാഹചര്യവും സംരക്ഷണവും ഒരുക്കുകയാണ് കാരുണ്യം വറ്റാത്ത കണ്ണൂർ ജനത. പദ്ധതിയുടെ ഭാ​ഗമായി തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ബുധനാഴ്ച തുടക്കമായി. സിറ്റി പൊലീസും സാമൂഹ്യനീതി വകുപ്പും കണ്ണൂരിലെ സന്നദ്ധസംഘടനകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 

ഐ.ആർ.പി.സി ആശ്രയ ഹെൽപ്പ്‌ ഡെസ്ക്, ചോല, കണ്ണൂർ ബ്ലഡ്‌ ഡോണേഴ്സ് കേരള, തണൽ എന്നിവയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മൂന്ന് ഘട്ടങ്ങളിലായാണ് തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുക. നിരവധി സന്നദ്ധസംഘടനകൾ തെരുവിൽ കഴിയുന്നവരുടെ സംരക്ഷണം ഏറ്റെടുക്കാൻ  മുന്നോട്ടുവന്നിട്ടുണ്ട്. 

ആദ്യഘട്ടത്തിൽ ഭിന്നശേഷിക്കാരെയും മാനസിക വൈകല്യമുള്ളവരെയുമാണ് പുനരധിവസിപ്പിക്കുന്നത്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി സന്നദ്ധസംഘടനകളുടെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കും. ചോലയുടെ മേൽനോട്ടത്തിലാണ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുക. രണ്ടാംഘട്ടത്തിൽ, അലഞ്ഞുതിരിയുന്നവരെ പുനരധിവസിപ്പിക്കും. കണ്ണൂർ എ.സി.പി ഓഫീസ് പരിസരത്ത് എ.സി.പി ടി.കെ. രത്നകുമാർ പദ്ധതി ഫ്ലാ​ഗ് ഓഫ് ചെയ്തു.  ഉപദേശകസമിതി ചെയർമാൻ പി. ജയരാജൻ, ഐ.ആർ.പി.സി വൈസ് ചെയർമാൻ പി.എം. സാജിദ്, ഐ.ആർ.പി.സി ആശ്രയ ഹെൽപ് ഡെസ്ക് ചെയർമാൻ എം.ടി. സതീശൻ,  കെ. ഷഹറാസ്, എം. സാജിദ് എന്നിവർ സംസാരിച്ചു. 
  
ബുധനാഴ്ച കണ്ണൂർ ന​ഗരത്തിൽനിന്ന് മാനസികാസ്വാസ്ഥ്യമുള്ള ഏഴുപേരെയും അലഞ്ഞുതിരിയുന്ന ഒരു സ്ത്രീയെയും കണ്ടെത്തി. വൈദ്യ പരിശോധനയ്ക്ക്  വിധേയമാക്കി അറയങ്ങാട് സ്നേഹഭവനിലേക്ക് മാറ്റി. ജൂലൈ അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോഓർഡിനേറ്റർ പി.എം. സാജിദ് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha