കമ്മിറ്റിയുമായി സഹകരിക്കില്ല: ബ്ലോക്ക്‌ പ്രസിഡന്റുമാരുടെ യോഗം ബഹിഷ്‌കരിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ജില്ലയിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരെ ഏകപക്ഷീയമായി നിയമിച്ചതിനെതിരെ എ ഗ്രൂപ്പ്‌ പരസ്യപ്രതിഷേധത്തിലേക്ക്‌. സമവായ കമ്മിറ്റി ഏകകണ്‌ഠമായി തീരുമാനിച്ച പേരുകൾ പോലും അട്ടിമറിച്ചാണ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരെ നിയമിച്ചതെന്നും ആരോപണം. വ്യാഴാഴ്‌ച ചേർന്ന യു.ഡി.എഫ്‌ യോഗം എ ഗ്രൂപ്പ്‌ നേതാക്കൾ ബഹിഷ്‌കരിച്ചു. വെള്ളിയാഴ്‌ച ഡി.സി.സി ഓഫീസിൽ ചേരുന്ന ബ്ലോക്ക്‌ പ്രസിഡന്റുമാരുടെ യോഗവും ബഹിഷ്‌കരിക്കും. വ്യാഴം കണ്ണൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ്‌ നേതാക്കളെല്ലാം പങ്കെടുത്തു. ഡി.സി.സി.യും കെ.പി.സി.സിയും തീരുമാനിക്കുന്ന പ്രവർത്തനങ്ങളിൽനിന്ന്‌ മാറിനിൽക്കാൻ കഴിഞ്ഞ ഞായറാഴ്‌ച ചേർന്ന യോഗം തീരുമാനിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന്‌ എ ഗ്രൂപ്പ്‌ നേതാക്കൾ പറഞ്ഞു.  

കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന്റെ താൽപ്പര്യം മാത്രമായിരുന്നു നിയമനത്തിന് മാനദണ്‌ഠമാക്കിയതെന്നാണ്‌ എ ഗ്രൂപ്പിന്റെ പരാതി. 23 ബ്ലോക്ക്‌ പ്രസിഡന്റുമാരെ നിയമിച്ചതിൽ 15 എണ്ണം സുധാകരവിഭാഗത്തിനാണ്‌. അഞ്ച്‌ ബ്ലോക്കുകളിലാണ്‌ എ ഗ്രൂപ്പിന്‌ പ്രസിഡന്റുമാരുള്ളത്‌. നേരത്തെ എട്ട്‌ ബ്ലോക്ക്‌ ഉണ്ടായിരുന്നു. സമവായകമ്മിറ്റി ഏകകണ്‌ഠമായി തീരുമാനിച്ച പേരുകൾ പോലും തള്ളിയ സാഹചര്യത്തിൽ കമ്മിറ്റിയുമായി ഇനി സഹകരിക്കേണ്ടന്നും എ ഗ്രൂപ്പ്‌ യോഗം തീരുമാനിച്ചിട്ടുണ്ട്‌. കാൽനൂറ്റാണ്ടായി എ ഗ്രൂപ്പിന്റെ കൈയിലുള്ള തളിപ്പറമ്പ്‌ ബ്ലോക്കിൽ എ ഗ്രൂപ്പ്‌ നൽകിയ പേര്‌ വെട്ടിയാണ്‌ സരസ്വതിയെ പ്രസിഡന്റാക്കിയത്‌. 

പേരാവൂരിൽ ജൂബിലി ചാക്കോയെ പ്രസിഡന്റാക്കിയതും എ ഗ്രൂപ്പിന്‌ ദഹിച്ചിട്ടില്ല. ഇതിനുപിന്നിൽ ഗ്രൂപ്പിനുള്ളിൽ വിള്ളലുണ്ടാക്കാനുള്ള സുധാകരതന്ത്രമാണോയെന്നും സംശയിക്കുന്നു. കൂത്തുപറമ്പിലും എ ഗ്രൂപ്പ്‌ നിശ്‌ചയിച്ചയാളുടെ പേര്‌ വെട്ടി. കണ്ണൂരിൽ ബ്ലോക്കിലോ മണ്ഡലത്തിലോ അല്ലാത്തയാളെ നിയമിച്ചതിനെതിരെയും പ്രതിഷേധമുണ്ട്‌. പി.കെ. രാഗേഷിന്റെ അനുയായിയായിരുന്ന കായക്കൂൽ രാഹുലിനെയാണ്‌ കണ്ണൂരിൽ പ്രസിഡന്റാക്കിയത്‌. ഇയാൾ കൂറുമാറി സുധാകരനൊപ്പം ചേർന്നതിന്റെ പ്രതിഫലമായിരുന്നു അഴീക്കോട്‌ സ്വദേശിയായ രാഹുലിന്റെ കണ്ണൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനം. ഏകപക്ഷീയമായി പേര്‌ നിർദേശിച്ച ബ്ലോക്കുകളിൽ പോലും കെപിസിസി പ്രസിഡന്റിന്‌ താൽപ്പര്യമുള്ളവരുടെ പേരാണ്‌ വന്നതെന്നും ഇവർ തുറന്നടിക്കുന്നു.

എ ഗ്രൂപ്പിന്റെ പ്രതിഷേധത്തിനൊപ്പം പുറത്താക്കിയതിനെ ചോദ്യം ചെയ്‌തും നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും പി.കെ. രാഗേഷും രംഗത്തിറങ്ങിയിട്ടുണ്ട്‌. മമ്പറം ദിവാകരനടക്കമുള്ളവരുമായി ചേർന്ന്‌ പൊതുവേദി രൂപീകരിക്കുന്നതടക്കമുള്ള കാര്യങ്ങളും ഇവർ ആലോചിക്കുന്നുണ്ട്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha