എലിപ്പനി; ചികിത്സ വൈകുന്നത് മരണത്തിനിടയാക്കും, നാല് അവയവങ്ങൾ അപകടത്തിലാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: ചികിത്സ തേടാൻ വൈകുന്നത് സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണമാകുന്നു. പനി വന്നാൽ സ്വയംചികിത്സ നടത്തി വഷളാകുമ്പോൾ ആസ്പത്രികളിൽ എത്തുന്ന കേസുകൾ കൂടുകയാണ്. രോഗനിർണയത്തിലും ചികിത്സയിലും കാലതാമസം വരുമ്പോൾ എലിപ്പനി സങ്കീർണമാകുന്നു.

ഈ വർഷം എലിപ്പനി ബാധിച്ച് 60 പേർ ഇതിനകം മരിച്ചു. 500 കേസുകൾ സ്ഥിരീകരിച്ചു. മിക്ക ജില്ലകളിലും എലിപ്പനിയുണ്ട്. സാധാരണ വൈറൽ പനി പോലെയല്ല എലിപ്പനി. 10 ശതമാനം രോഗികളിൽ അത് മാരകമായിത്തീരാം. പ്രത്യേകിച്ചും മറ്റു അസുഖങ്ങൾ ഉള്ളവരിലും പ്രായമായവരിലും. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണിത്.

നാല് അവയവങ്ങൾ അപകടത്തിലാകും

എലിപ്പനി സങ്കീർണമായാൽ പല ആന്തരിക അവയവങ്ങളെയും ബാധിക്കും. പ്രവർത്തനം നിലയ്ക്കും. മൾട്ടി ഓർഗൻ സിസ്റ്റം ഫെയിലിയർ എന്നാണിത് അറിയപ്പെടുന്നത്. പ്രധാനമായും നാലുതരത്തിലാണ് സങ്കീർണത വരുന്നത്.

കരൾ: കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം വരാം. കരളിന്റെ പ്രവർത്തനം നിലയ്ക്കാം. വീൽസ് സിൻഡ്രോം എന്ന സങ്കീർണാവസ്ഥ ഉണ്ടാകുന്നു.

ശ്വാസകോശം: അക്യൂട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന അവസ്ഥ വരും. കഠിനമായ ശ്വാസംമുട്ട്, ചുമ എന്നിവ ഉണ്ടാകും.

വൃക്കകൾ: അക്യൂട്ട് കിഡ്നി ഇൻജ്വറി എന്ന അവസ്ഥ വന്ന് വൃക്കയ്ക്ക്‌ പരാജയം സംഭവിക്കും. മൂത്രം കുറയും. ക്രിയാറ്റിനിൻ കൂടും.

ഹൃദയം: മയോഗാർഡൈറ്റിസ് എന്ന സങ്കീർണത വരും. ബി.പി. താഴും. ശ്വാസംമുട്ടും. ഹൃദയപരാജയം വരും.

രോഗാണു

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ. മാസങ്ങളോളം നശിക്കാതെ കിടക്കാനുള്ള ശേഷി.

രോഗവാഹകർ

പ്രധാനമായും എലി. കന്നുകാലികൾ, പന്നി, നായ എന്നിവയും വാഹകരാവാം. രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് രോഗം പകരാം.

പകരുന്നത്

ശരീരത്തിലെ മുറിവുകളിലൂടെയാണ് പ്രധാനമായും രോഗാണുക്കൾ പ്രവേശിക്കുക. വായ, കണ്ണ്, മൂക്ക് എന്നിവിടങ്ങളിലെ കനം കുറഞ്ഞ ശ്ലേഷ്മസ്തരം വഴിയും പകരാം.

ലക്ഷണങ്ങൾ

സാധാരണ വൈറൽ പനിയുമായി ഏറെ സാമ്യം. പനിയോടൊപ്പം അതിശക്തമായ പേശിവേദന, തലവേദന, കണ്ണിൽ ചുവപ്പ്, ശരീരത്തിൽ പാടുകൾ, മഞ്ഞപ്പിത്തം.

തുമ്മലും മൂക്കൊലിപ്പുമൊന്നും എലിപ്പനിയിൽ ഉണ്ടാകില്ല.

പ്രതിരോധിക്കാൻ

മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക. തൊഴിലാളികൾ പ്രത്യേകം ശ്രദ്ധിക്കുക. ഡോക്സിസൈക്ലിൻ പ്രതിരോധമരുന്നായി അധികൃതരുടെ നിർദേശപ്രകാരം ഉപയോഗിക്കാം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha