കണ്ണൂർ : കണ്ണൂരില്‍ സാധനങ്ങളുമായെത്തിയ ലോറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ രണ്ടു പേർ അറസ്റ്റിൽ.നിരവധി ക്രിമനൽ കേസുകളിലെ പ്രതി കോഴിക്കോട് കുറ്റ്യാടി കാക്കാട്ടേരി പാതിരാപറ്റയിലെ കിലിയാമ്മൽ ഹൗസിൽ പി.അൽത്താഫ് (36), കൂട്ടുപ്രതി ജയിൽ ശിക്ഷക്കിടെ പരിചയപ്പെട്ട കതിരൂർ സ്വദേശിയും കാഞ്ഞങ്ങാട് സബ്ജയിൽ റോഡിൽ തോയമ്മലിൽ വാടക ക്വാട്ടേർസിൽ താമസക്കാരനുമായ രയരോത്ത് ഹൗസിൽ കെ. ഷബീർ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ 3.30- ഓടെയാണ് കണ്ണൂർ മാർക്കറ്റിൽ ലോഡുമായെത്തി ലോറിയിൽ ഉറങ്ങുകയായിരുന്ന കണിച്ചാർ പൂളക്കുറ്റിയിലെ ദേവസ്യ- ഗ്രേസി ദമ്പതികളുടെ മകൻ വി.ഡി.ജിൻ്റോ (39) യെ കവർച്ചക്കെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
മോഷണശ്രമം തടയാൻ ശ്രമിച്ചപ്പോഴാണ് കൊലപാതകമെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ മൊഴി നൽകിയത്.
കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിന് സമീപമാണ് ജിൻ്റോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. കാലിനേറ്റ മാരകമുറിവിൽ നിന്നും രക്തം വാർന്നതാണ് മരണകാരണം. സ്റ്റേഡിയത്തിൻ്റെ കിഴക്കേക വാടത്തിന് സമീപം ലോറി നിർത്തിയിട്ടതായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനും പോലീസ് സ്റ്റേഷനുകളുടെയും കൺമുന്നിൽ നടന്ന പാതിരാ കൊലപാതകം കണ്ണൂർ പട്ടണത്തെ ഞെട്ടിച്ചിരുന്നു. ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ അൽത്താഫിന് വധശ്രമം, മയക്കുമരുന്ന് പിടിച്ചുപറി, അടിപിടി, മോഷണം തുടങ്ങി കോഴിക്കോട് ജില്ലയിൽ എട്ടോളം കേസ് നിലവിലുണ്ട്. ഷബീറിനാകട്ടെ കണ്ണൂർ ടൗൺ സ്റ്റേഷൻ, ഇരിട്ടി, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ്, മോഷണം പിടിച്ചുപറി തുടങ്ങി നിരവധി കേസ് നിലവിലുണ്ട്. നാല് മാസം മുമ്പാണ് ഇരുവരും ജയിലിൽ നിന്നിറങ്ങിയത്.
ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി. എ .ബിനു മോഹൻ്റെ നേതൃത്വത്തിൽ എസ്.ഐ. സി .എച്ച്.നസീബ്, എ.എസ്.ഐ.മാരായ അജയൻ, രഞ്ജിത്ത്, ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, ഷൈജു, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു