മാടായിപ്പാറയെ നശിപ്പിച്ച് വാഹനങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പഴയങ്ങാടി: ഉല്ലാസത്തിനും മറ്റുമായി മാടായിപ്പാറയിലെത്തുന്നവരുടെ വാഹനങ്ങൾ ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയെ നശിപ്പിക്കുന്നു. പാറയിലെത്തുന്നവർ ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ പാറയിലെ പുൽമേടുകളിലൂടെ ഓടിക്കുന്നതാണ് കാരണം.

മഴപെയ്യാൻ തുടങ്ങിയതോടെ പാറയിൽ മുളച്ചുവരുന്ന അനേകം സസ്യങ്ങളുടെ നിലനിൽപ്പിന്‌ ഇത് ഭീഷണിയായി മാറി. കുറേ വർഷങ്ങളായി കാക്കപ്പൂവിനും ചൂതിനും വലിയ കുറവുണ്ടായിട്ടുണ്ട്.‌

വാഹനം ഓടിക്കൽ, മാലിന്യം തള്ളൽ, മദ്യക്കുപ്പികൾ വലിച്ചെറിയൽ എന്നിവ ഇതിന്‌ പ്രധാന കാരണമാണ്. അടുത്തകാലത്തായി തിത്തിരി, വേലിത്തത്ത എന്നീ പക്ഷികളുടെ പ്രജനനം ക്രമാതീതമായി കുറയുന്നുമുണ്ട്. മാടായിപ്പാറയിൽ പ്രധാനമായി കണ്ടുവരുന്ന മഞ്ഞക്കണ്ണി തിത്തിരി, ചൊങ്കണ്ണി തിത്തിരി എന്നിങ്ങനെയുള്ള തിത്തിരിപ്പുള്ളുകൾ പാറപ്പുറത്ത് കല്ലുകൂട്ടി മുട്ടയിടുകയാണ് പതിവ്. കാൽനടയാത്രക്കാരുടെ ശ്രദ്ധയിൽപ്പോലും ഇത് പെടാറില്ല.

ഈസമയം പാറയിൽക്കൂടി വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിക്കുന്നത് ഇവയുടെ വംശനാശത്തിന്‌ ഭീഷണിയാകാറുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും അതൊന്നും ആരും ഗൗനിക്കാറില്ല.

വാഹനങ്ങളുടെ തള്ളിക്കയറ്റം സസ്യങ്ങൾക്ക്‌ മാത്രമല്ല മറ്റ് ജീവജാലങ്ങർക്കും വലിയ ഭീഷണിയാണ്. ചെറു ചെടികൾ ഇല്ലാതാകുമ്പോൾ പൂമ്പാറ്റയുടെ ലാർവകളുടെ ആഹാരമാണ് ഇല്ലാതാകുന്നത്. ഇത് പുൽനീലിശലഭം ഉൾപ്പെടെ ഇവിടെ അപൂർവമായി കാണുന്ന ചിത്രശലഭങ്ങളെ സാരമായി ബാധിക്കും.

തേനീച്ചകളുടെ പ്രധാന ആഹാരം പാറയിലെ പൂക്കളിലെ തേനാണ്. പൂക്കളുടെ കുറവ് തേനീച്ചകളെയും ബാധിക്കുന്നു.

ദേശാടനപക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയാണ് മാടായിപ്പാറ. പുതിയ റോഡുകളും ഉപറോഡുകളും പാറയുടെ ജൈവവൈവിധ്യത്തിന് കോട്ടമുണ്ടാക്കുന്നു.

ജൈവവൈവിധ്യത്തിന് ദോഷമാകുംവിധം ഇവിടെ റോഡ് വിട്ട് വാഹനങ്ങൾ ഓടിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനുമെതിരെ കേരള ഹൈക്കോടതിയുടെ ഉത്തരവ് മുന്നറിയിപ്പ് ബോർഡിലൂടെ പോലീസ് പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.

സന്ദർശനത്തിനെത്തുന്നവർ നടത്തുന്ന കടന്നുകയറ്റം തടയാൻ റോഡരികിൽ ഭാഗികമായി കമ്പിവേലി കെട്ടിയെങ്കിലും അതും പ്രയോജനപ്പെട്ടില്ല. മാടായി തിരുവർകാട്ട് കാവ് ദേവസ്വം വകയായുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി വനമേഖലയിലേതുപോലെ ജണ്ട കെട്ടി തിരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും അതും നടന്നിട്ടില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha