മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകേരളത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പകർച്ചവ്യാധികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് മഴക്കാലത്താണ്. കൊതുക്, എലി, ഈച്ച, ചെള്ള് തുടങ്ങിയവ പകർത്തുന്ന ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, എലിപ്പനി, ജപ്പാൻ ജ്വരം, ചെള്ള്പനി, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ്, കൊവിഡ് തുടങ്ങിയ രോഗങ്ങൾ മഴക്കാലത്ത് വ്യാപകമാകാൻ സാദ്ധ്യതയുണ്ട്. ശ്വാസകോശ രോഗങ്ങൾക്കും ത്വക് രോഗങ്ങൾക്കും മറ്റ് കാലങ്ങളെ അപേക്ഷിച്ചു മഴക്കാലത്തു തീവ്രത വർദ്ധിക്കാറുണ്ട്. കൊതുക് വെളിപ്പെടുന്ന രോഗകാരികൾ കൂടുതലായി പെറ്റുപെരുകാറുണ്ട്, കടുത്ത ചൂടിൽ പെട്ടെന്ന് അന്തരീക്ഷം തണുക്കുന്നതും, ദഹനശേഷി കുറയുന്നതും രോഗകാരണങ്ങളാകാറുണ്ട്.

ഡെങ്കിപ്പനി

സാധാരണ പനിയിൽ നിന്നു വലിയ വ്യത്യാസമില്ലാത്തതിനാൽ തിരിച്ചറിയാൻ വൈകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് എന്ന കൊതുകാണ് ഇതു പകർത്തുന്നത്. കടുത്ത പനി, തലവേദന, ശരീരവേദന, കണ്ണിന് പിന്നിൽ വേദന, പേശികൾക്കും സന്ധികൾക്കും വേദന, രുചിയില്ലായ്മ, വിശപ്പില്ലായ്മ, ഛർദിയും ക്ഷീണവും ഇവയാണ് പ്രധാന ലക്ഷണങ്ങൾ. 

മഞ്ഞപ്പിത്തം

ഈച്ച പരത്തുന്ന രോഗമാണ് മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധങ്ങളിലൂടെയും ഇത് പകരും. കടുത്ത പനി, തലവേദന, ശരീര വേദന, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. പെട്ടെന്ന് മരണത്തിനിടയാക്കുന്ന രോഗമാണിത്. നല്ല വിശ്രമവും പോഷകാഹാരവും നിർബന്ധമാണ്. എണ്ണയുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. 

വെെറൽപ്പനി

മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിൽ ഒന്നാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍ പനി ഉണ്ടാകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍.

എലിപ്പനി

രോഗാണു ബാധിച്ച എലിയുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയാണ് രോഗം ബാധിക്കുന്നത്. വളരെ ചെറിയ മുറിവുകളിൽ കൂടിപോലും രോഗാണു ശരീരത്തിൽ കടക്കാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേകശ്രദ്ധ വേണം. ഇതൊരു ബാക്ടീരിയൽ രോഗമാണ്. കടുത്ത പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങളും കരൾ, വൃക്ക തകരാറുകളും എലിപ്പനി രോഗികളിൽ കാണാറുണ്ട്. അടിയന്തരമായി തീവ്രപരിചരണം വേണം.

ടൈഫോയ്ഡ്

മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന ബാക്ടീരിയൽ രോഗമാണ് ടൈഫോയ്ഡ്. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കടുത്തപനി, കടുത്ത വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രോഗശാന്തിക്ക് ആഹാര ശുചിത്വത്തോടൊപ്പം വ്യക്തി ശുചിത്വവും പാലിക്കണം.

ജപ്പാൻ ജ്വരം

ക്യുലക്സ് വിഭാഗത്തിലുള്ള കൊതുക് പകർത്തുന്ന വൈറസ് രോഗമാണ് ജപ്പാൻ ജ്വരം. രോഗാണുക്കൾ ശരീരത്തിൽ കടന്ന് 12 ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണം പ്രകടമാകും. ശക്തമായ പനി, കടുത്ത ശരീരവേദന, തലവേദന, ക്ഷീണം, ഛർദ്ദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ബോധക്ഷയം, സ്ഥലകാലബോധം നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും.

കോളറ

മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന ഒരു ബാക്ടീരിയൽ രോഗമാണ് കോളറ. ആളുകൾ തിങ്ങിപ്പാർക്കുന്നതും മാലിന്യ നിർമാർജനം ശാസ്ത്രീയമായി നടപ്പിലാക്കാത്തതുമായ പ്രദേശങ്ങളിലാണ് കോളറ പടർന്നുകയറുന്നത്. തീവ്രമായ വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. ഛർദ്ദി, സന്ധിവേദന, വിറയൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നു. പെട്ടെന്ന് തീവ്രമായ നിർജലീകരണം ഉണ്ടാകാനിടയുള്ളതിനാൽ അടിയന്തര ചികിത്സ ഉറപ്പാക്കണം.

ജാഗ്രതയും മുന്‍കരുതലുകളും

പനിയും പകര്‍ച്ചവ്യാധികളും തടയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ലഘുലേഖയിലും പോസ്റ്ററിലും പ്രസംഗത്തിലും മാത്രം ഒതുങ്ങുന്നതാണ് രോഗം പടര്‍ന്നു പിടിക്കാന്‍ പ്രധാന കാരണം. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന മഴക്കാല പൂര്‍വ ശുചീകരണം കണ്ടാലേ നമുക്കത് മനസ്സിലാകൂ. ഓരോ വര്‍ഷവും നിരവധി കുടുംബങ്ങളെയാണ് പനി അനാഥരാക്കുന്നത്. ഉദ്യോഗസ്ഥരും ഭരണാധികാരികളും കൈ മലര്‍ത്തുമ്പോള്‍ ഓരോരുത്തര്‍ക്കും ചെയ്യാവുന്ന മുന്‍കരുതലുകള്‍ രോഗവ്യാപനത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തും. വീടിന്റെ പരിസരത്തെ ഒഴിഞ്ഞ പാത്രങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക. കൊതുകുകള്‍ നമ്മുടെ വീടിന്റെ 50 മീറ്റര്‍ പരിധിയിലാണ് വളരുന്നതെന്ന് മനസ്സിലാക്കുക. ടെറസ്സിലെയും ചെടിച്ചട്ടികളിലെയും വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, വീടിനു സമീപത്തെ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി നശിപ്പിക്കുക. പകല്‍ സമയത്ത് കൊതുകുകള്‍ ചെടികളിലാണ് വിശ്രമിക്കുന്നത്. വെള്ളക്കെട്ടിനു മീതെ ഡീസല്‍, മണ്ണെണ്ണ എന്നിവ ഒഴിക്കുന്നത് കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കും. വാട്ടര്‍ ടാങ്കുകളും, സെപ്റ്റിക് ടാങ്കുകളുടെ ഓപണിംഗുകളും വല ഉപയോഗിച്ച് മൂടണം. മാസത്തിലൊരിക്കല്‍ ഡി ഡി റ്റി, പൈത്രിന്‍ എന്നീ മിശ്രിതങ്ങള്‍ ചേര്‍ത്ത് വീട്ടിലും പരിസരത്തും സ്‌പ്രേ ചെയ്യണം. കൊതുകുകള്‍ വീട്ടില്‍ കയറാതെ നോക്കാന്‍ ജനലുകളും വെന്റിലേറ്ററുകളും ചെറിയ വലകള്‍ ഉപയോഗിച്ച് മൂടുന്നത് നല്ലതാണ്. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കണം. കൈകാലുകള്‍ക്ക് മുറിവുള്ളപ്പോള്‍ മലിനജലം തട്ടാതെ നോക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. പനി ബാധിച്ചാല്‍ സ്വയം ചികിത്സ നടത്താതെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടണം. വീടിനും പരിസരത്തുമുള്ള ചപ്പുചവറുകളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും നശിപ്പിച്ച് എലി പെരുകുന്നത് തടയണം.

പ്രതിരോധ മാര്‍ഗങ്ങള്‍

1.തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക. 

2. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം പാടെ വര്‍ജിക്കുക.

 3. പരിപൂര്‍ണ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

 4. ഭഷണസാധനങ്ങള്‍ കഴുകിമാത്രം ഉപയോഗിക്കുക. അടച്ച് സൂക്ഷിക്കുക.

 5. ജലസംഭരണികള്‍ അടച്ചു സൂക്ഷിക്കുക. 

6. വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക. ചിരട്ടകള്‍, ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍, ഉപയോഗശൂന്യമായ സംഭരണികള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക. 

7. വെള്ളം കെട്ടിനിര്‍ത്തല്‍ അനിവാര്യമാണെങ്കില്‍ അതില്‍ ഗപ്പി, ഗാമ്പൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക. ഇവ കൊതുകിൻ്റെ കൂത്താടികളെ നശിപ്പിക്കുന്നു. 

8. ഓടകളിലും അഴുക്കുചാലുകളിലും ഫോഗിങ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. 

9.കൊതുകുനിവാരണം നടത്തുക, കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, നീളമുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക. 

10.മലിനജല സംസര്‍ഗം ഒഴിവാക്കുക. 

11.H1N1 രോഗം സംശയിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ തൂവാലയോ മാസ്കോ ഉപയോഗിച്ച് മൂക്കും വായയും മൂടുക. 

12.പകര്‍ച്ചവ്യാധികളുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍തന്നെ അംഗീകൃത ഡോക്ടര്‍മാരില്‍ നിന്നും ചികിത്സ തേടുക. 

സ്വയം ചികിത്സ തീര്‍ത്തും ഒഴിവാക്കുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha