ജില്ലയിൽ ഏഴിടത്ത്‌കൂടി എ.ബി.സി കേന്ദ്രം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ജില്ലയിൽ ഏഴ് സ്ഥലങ്ങളിൽകൂടി തെരുവുനായകളുടെ വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങൾ തുടങ്ങാൻ ജില്ലാ ആസൂത്രണസമിതി യോഗം തീരുമാനിച്ചു. നിലവിൽ പടിയൂരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ മാതൃകയിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, ശ്രീകണ്ഠപുരം നഗരസഭയിലെ നിടിയേങ്ങ, ചെറുതാഴം/കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്ത്, എരമം–കുറ്റൂർ പഞ്ചായത്ത്, കുറുമാത്തൂർ പഞ്ചായത്ത്, അഴീക്കോട് പഞ്ചായത്ത് തലശേരിയിലെ കോപ്പാലം എന്നിവിടങ്ങളിലാണ്‌ കേന്ദ്രം ആരംഭിക്കുക. ഇവിടങ്ങളിൽ പഞ്ചായത്തിന്റെയോ റവന്യു വകുപ്പിന്റെയോ ഭൂമി ലഭ്യമാണെന്ന് തദ്ദേശസ്ഥാപന അധ്യക്ഷർ അറിയിച്ചു. റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ സംഘം സ്ഥലപരിശോധന നടത്തി സാധ്യതാപഠനം നടത്തും. ഭൂമിലഭ്യത അന്തിമമായാൽ പദ്ധതി ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്ന് യോഗത്തിൽ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ പറഞ്ഞു.   

മുഴപ്പിലങ്ങാട് തെരുവുനായകളുടെ ആക്രമണത്തിൽ മരിച്ച നിഹാലിന് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് യോഗം ആരംഭിച്ചത്. തലശേരി കോപ്പാലത്ത് മുമ്പ് പ്രവർത്തിച്ചിരുന്ന എബിസി കേന്ദ്രം നാട്ടുകാർ പൂട്ടിച്ചത് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ യോഗത്തിൽ അറിയിച്ചു. സ്ഥിരമായി ഭക്ഷണം നൽകുന്നതിനാൽ ജില്ലയിൽ ചില സ്‌കൂളുകൾക്ക് സമീപവും ടൂറിസം കേന്ദ്രങ്ങളിലും നായ്ക്കൾ തമ്പടിക്കുന്നത്‌ ഭീഷണിയാണെന്ന്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് റിപ്പോർട്ട് ചെയ്തു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും എ.ബി.സി പദ്ധതിക്കായി അടിയന്തിരമായി തുക വകയിരുത്തണം. പൊതുസ്ഥലത്ത് അറവുമാലിന്യം ഉൾപ്പെടെ തള്ളുന്നതിനെതിരെയും നടപടികൾ ശക്തിപ്പെടുത്തും. മാലിന്യം തള്ളാൻ ഏൽപ്പിക്കുന്നവർക്കെതിരെയും കരാറെടുക്കുന്ന ഏജൻസികൾ ക്കെതിരെയും നടപടിയുണ്ടാകും. ആഘോഷചടങ്ങുകളിൽ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഡിസ്‌പോസിബ്ൾ പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. 

കണ്ണൂർ നഗരത്തിൽ ആധുനിക അറവുശാല നിർമിക്കുന്നതിനുള്ള നടപടികളുമായി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. തെരുവുനായകളെ കൊല്ലാൻ അവശ്യ നിയമനിർമാണം വേണമെന്ന് ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ്‌ എം. ശ്രീധരൻ ആവശ്യപ്പെട്ടു. 47 തദ്ദേശ സ്ഥാപനങ്ങളുടെ 2023–24 സ്പിൽ ഓവർ പ്രൊജക്ടുകൾ കൂട്ടിച്ചേർത്ത വാർഷികപദ്ധതി ഭേദഗതിയും രണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടാമത് ഭേദഗതിയും അംഗീകരിച്ചു.

യോഗത്തിൽ കലക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ് കുര്യൻ, അസി. കലക്ടർ മിസാൽ സാഗർ ഭരത്, ഡെപ്യൂട്ടി പ്ലാനിങ്‌ ഓഫീസർ ടി. രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha