ചിറ്റാരിപ്പറമ്പ് : നാലുവർഷം മുൻപ് പണിത പാലം കടക്കാൻ കഴിയാത്ത വട്ടോളിദേശക്കാരുടെ ദുരിതത്തിന് വിരാമം. വട്ടോളി പാലം അനുബന്ധ റോഡ് നിർമാണത്തിന് ടെൻഡറായി. 38,508,085 രൂപയാണ് അനുബന്ധ റോഡ് നിർമാണത്തിനുള്ള ടെൻഡർ എസ്റ്റിമേറ്റ്.
രണ്ടാം വാർഡിലെ വട്ടോളി പുഴയിലിണ് പുതിയ പാലം നിർമിച്ചത്. പുതിയ പാലത്തിലേക്കുള്ള അനുബന്ധ റോഡ് നിർമാണം തടസ്സപ്പെട്ടതിനാൽ പാലം നാട്ടുകാർക്ക് ഉപകരിക്കാതായി. അനുബന്ധ റോഡിന്റെ രൂപരേഖയിൽ ഉണ്ടായ അപാകമാണ് നിർമാണം തടസ്സപ്പെടാൻ കാരണം. വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ച കോൺക്രീറ്റ് നടപ്പാലമാണ് പുഴ കടക്കാനുള്ള നാട്ടുകാരുടെ ഏക ആശ്രയം.
വട്ടോളി പാലം നിർമാണത്തിന് 4.43 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. നിർമാണം 2018-ലാണ് തുടങ്ങിയത്. വട്ടോളിപ്പുഴ റോഡിൽനിന്ന് തുടങ്ങുന്ന പാലം അക്കര വട്ടോളി കോട്ടയിൽ-പരുമ കവലയിലാണ് എത്തുക. 78 മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്ററാണ് വീതി. ഇരുവശവും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്. പാലത്തിലേക്ക് വട്ടോളി ഭാഗത്ത്നിന്ന് 290 മീറ്ററും അക്കര വട്ടോളി ഭാഗത്തുനിന്ന് 120 മീറ്റർ നീളത്തിലുമാണ് അനുബന്ധ റോഡ് നിർമിക്കേണ്ടത്.
വട്ടോളിഭാഗത്തെ അനുബന്ധ റോഡ് നിർമാണം പാലത്തിന്റെ കൂടെ പൂർത്തിയായെങ്കിലും അക്കര വട്ടോളി ഭാഗത്തെ റോഡ് നിർമാണമാണ് തടസ്സപ്പെട്ടത്. അനുബന്ധ റോഡ് നിർമാണത്തിലെ ഡിസൈനിങ്ങിലുണ്ടായ അപാകമാണ് അനുബന്ധ റോഡ് നിർമാണ പ്രവൃത്തി നിലയ്ക്കാൻ കാരണം.
കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ തയ്യാറാക്കിയ പുതുക്കിയ രൂപരേഖ പ്രകാരം, പാലം എത്തിച്ചേരുന്ന അക്കര വട്ടോളി കവലയിൽ ബോക്സ് കൾവർട്ട് സ്ഥാപിച്ച് അടിപ്പാത സംവിധാനം ഒരുക്കും. ഇതുവഴി നടപ്പാലം വഴി വരുന്ന ചെറിയ വാഹനങ്ങൾക്ക് പരുമ റോഡിലേക്ക് കടന്നുപോകാൻ കഴിയും. പാലത്തിൽനിന്ന് കോട്ടയിൽ റോഡിലേക്കാണ് അനുബന്ധ റോഡ് നിർമിക്കുക. കോട്ടയിൽ റോഡിൽനിന്ന് പരുമ റോഡിലേക്ക് മൂന്നര മീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കും.
പുതുതായി നിർമിക്കുന്ന കോട്ടയിൽ-കുണ്ടേരിപ്പൊയിൽ പാലത്തിന്റെ നിർമാണപ്രവൃത്തി നടത്തുന്ന കമ്പനി നൽകിയ ടെൻഡറാണ് പാസായത്.
അനുബന്ധ റോഡ് നിർമാണം പൂർത്തിയാക്കി വട്ടോളി പുതിയ പാലം തുറന്നാൽ ചിറ്റാരിപ്പറമ്പ്, വട്ടോളി റോഡ് വഴി വരുന്ന വലിയ വാഹനങ്ങൾക്ക് എളുപ്പമാർഗം കോട്ടയിൽ, കേയ്യാറ്റിൽ, തൊടീക്കളം, ഇടുമ്പ, മാലൂർ, മട്ടന്നൂർ വിമാനത്താവളം, പേരാവൂർ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു