ആ 20 പേർ ഇനി ജീവിതത്തിലേക്ക്‌ പിച്ചവയ്‌ക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : അവർ ഇരുപത് പേരുണ്ടായിരുന്നു... പരസഹായമോ ഊന്നുവടിയോ ഇല്ലാതെ ഒരടി മുന്നോട്ട് വയ്‌ക്കാനാവാത്തവർ. ഊന്നുവടി കാലിനു പകരമാക്കിയവർ... എന്നാൽ ഇനി അവരുടെ കാലിടറില്ല. പരസഹായമില്ലാതെ അവർ സ്വന്തം കാലിൽ ജീവിതത്തിലേക്ക്‌ പിച്ചവയ്‌ക്കും. ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രിയും ചേർന്ന് ആധുനിക കൃത്രിമക്കാൽ നൽകിയതോടെയാണ് ഇവരുടെ ആഗ്രഹം സഫലമായത്. വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ നിർവഹിച്ചു.

ജന്മനാ കാലില്ലാത്തവർ, അപകടത്തിൽ കാൽ നഷ്ടപ്പെട്ടവർ എന്നിവരാണ്‌ കൃത്രിമക്കാൽ വിതരണ പരിപാടിയിൽ പങ്കെടുത്തത്‌. നേരത്തെ പഴയ രീതിയിലുള്ള കൃത്രിമക്കാലുകളായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. പെട്ടെന്ന് മടക്കാൻ സാധിക്കായ്ക, നടക്കാൻ ക്രച്ചസിന്റെ തുണ എന്നിവയായിരുന്നു പ്രധാന പ്രശ്നം. എന്നാൽ ഇപ്പോൾ നൽകിയ ഹെടെക് എന്റോസ്‌കെലിറ്റൻ കാലുകൾ നടക്കുമ്പോൾ അനായാസം മടങ്ങുകയും നിവരുകയും ചെയ്യും. ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാനും മറ്റ് പ്രവൃത്തികൾ ചെയ്യാനും സാധിക്കും. ലക്ഷങ്ങൾ വിലയുള്ള കാൽ സൗജന്യമായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട കാർത്തികപുരം സ്വദേശി ഇ.എം. ശരത്തിന്റെ പ്രതികരണം.   

സ്വകാര്യ സ്ഥാപനങ്ങളിൽ മൂന്ന് ലക്ഷം രൂപ വരെ ചെലവുവരുന്ന കൃത്രിമക്കാൽ ചെലവ് കുറച്ച്‌ ജില്ലാ ആശുപത്രി ലിമ്പ് ഫിറ്റിങ്‌ സെന്ററിലാണ് നിർമിച്ചത്. പദ്ധതിക്കായി 2022–23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പരിപാലനം ജില്ലാ ആശുപത്രിയിൽ സൗജന്യമായി ചെയ്യും. കൃത്രിമക്കാൽ ആവശ്യമുള്ളവർക്ക് ലിമ്പ് ഫിറ്റിങ്‌ സെന്ററിൽ രജിസ്റ്റർ ചെയ്യാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു. 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ.കെ. രത്നകുമാരി അധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് എം.  പ്രീത, ഡെപ്യൂട്ടി സൂപ്രണ്ട് വി. ലേഖ, ഡോക്ടർമാരായ മായ ഗോപാലകൃഷ്ണൻ, കെ.പി. മനോജ്കുമാർ, സി. രമേശ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha