മഴയത്തും കത്തുന്ന പ്രതിഷേധം : സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മഴയത്തും കത്തുന്ന പ്രതിഷേധം- കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന് നീതിയും ജോലിചെയ്യുന്ന ഡോക്ടർമാർക്ക് സുരക്ഷയും ആവശ്യപ്പെട്ട് ഐ.എം.എ., കെ.ജി.എം.ഒ.എ എന്നിവ ചേർന്ന് ബുധനാഴ്ച രാത്രി പത്തനംതിട്ട നഗരത്തിൽ നടത്തിയ മാർച്ച്. മഴയെ വകവെയ്ക്കാതെയായിരുന്നു പ്രതിഷേധം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

കൊട്ടാരക്ക സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നും ഡോക്ടര്‍മാര്‍ പണിമുടക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ അറിയിച്ചു. വിഐപി ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂ. ഇന്നലത്തെ മിന്നല്‍ പണിമുടക്കില്‍ രോഗികള്‍ വലഞ്ഞിരുന്നു.

◾പ്രതികളെ മജിസ്ട്രേറ്റുമാര്‍ക്കു മുന്നില്‍ ഹാജരാക്കുമ്പോഴുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ ഹാജരാക്കുമ്പോഴും വേണമെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ അതിനുളള നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര സര്‍ക്കാര്‍ ആശൂപത്രിയില്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വയം കേസെടുത്ത് പരിശോധിക്കവേയാണ് ഈ നിരീക്ഷണം. ഇന്നു രാവിലെ കേസ് വീണ്ടും പരിഗണിക്കും.

◾ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ ആശുപത്രിയില്‍ എത്തിച്ച പോലീസിന്റെ കൈയില്‍ തോക്കുണ്ടായിരുന്നില്ലേയെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷാ ചുമതല പൊലീസിനല്ലേ. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഇന്ന് ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണം. ഡോ. വന്ദനയെ ആക്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദര്‍ശിച്ച് ഇന്നു രാവിലെ റിപ്പോര്‍ട്ട് നല്‍കണം.

◾ഡോ വന്ദനയ്ക്കു 11 കുത്തേറ്റെന്നും പ്രതി സന്ദീപ് പിന്തുടര്‍ന്ന് കുത്തിയെന്നും എഫ്.ഐ.ആര്‍. കാലിലെ മുറിവില്‍ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കി വന്ദനയുടെ തലയില്‍ ആദ്യം കുത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചു. ഒബ്സര്‍വേഷന്‍ റൂമില്‍ അതിക്രമിച്ചു കയറിയും പ്രതി സന്ദീപ് ആക്രമിച്ചു. പിടലിക്കും തലയിലും തുരുതുരാ കുത്തി. വന്ദന അവശയായി നിലത്തു വീണപ്പോള്‍ നിലത്തിട്ടു കുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പ്രതി ബന്ധുവിനെയും പോലീസിനേയുമാണ് ആദ്യം കുത്തിയതെന്നാണ് ആദ്യം പോലീസ് പ്രചരിപ്പിച്ചിരുന്നത്.

◾ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഐഎംഎ അടക്കമുള്ള സംഘടനകളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചു. ഇന്നു പത്തരയ്ക്കാണ് ചര്‍ച്ച. ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമം വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

◾കേരളത്തിന്റെ നോവായി ഡോ. വന്ദനദാസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റു മരിച്ച ഡോ. വന്ദനയുടെ മൃതദേഹം രാത്രി എട്ടു മണിയോടെ കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടിലെത്തിച്ചു. വന്‍ജനാവലിയാണ് വന്ദനക്ക് യാത്രൊമൊഴിയേകാന്‍ വീട്ടിലേക്ക് എത്തിയത്. വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍ തുടങ്ങിയ മന്ത്രിമാരും എത്തി. ഇന്ന് ഉച്ചയ്ക്കു രണ്ടിനു വീട്ടുവളപ്പിലാണു സംസ്‌കാരം.

◾കൊട്ടാരക്കര ആശുപത്രിയില്‍ യുവഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പ്രതി സന്ദീപിനെ ചികില്‍സിക്കാന്‍ വിസമ്മതിച്ചു. ഇതോടെ സന്ദീപിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സെല്ലിലേക്കു മാറ്റി. പ്രത്യേക ആംബുലന്‍സ് സംവിധാനത്തോടെയാണ് ഇയാളെ പോലീസ് കൊണ്ടുപോയത്.

◾ഡോ. വന്ദനാ ദാസിന്റെ കൊലപാതകി നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനായ ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.

◾ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൃത്യവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ കത്തയച്ചു.

◾ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിലെ പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ ശരത് കുമാര്‍ അഗര്‍വാള്‍. സുരക്ഷ നല്‍കാന്‍ പോലും തയ്യാറാകാത്ത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് പ്രോസിക്യൂട്ടു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും കെ.ജി.എം.ഒ.എ പ്രസ്താവനയില്‍ അറിയിച്ചു. ഏഴിന ആവശ്യങ്ങളും കെ.ജി.എം.ഒ.എ സർക്കാരിനു മുന്നിൽ വെച്ചിട്ടുണ്ട്. ഇത്
അംഗീകരിക്കുന്നതു വരെയുള്ള പ്രതിഷേധ
നടപടികൾ തുടർന്ന് തീരുമാനിക്കുമെന്നും
പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കെ.ജി.എം.ഒ.എ മുന്നോട്ടുവെക്കുന്ന
ആവശ്യങ്ങൾ ഇവയാണ്:

🔶  ആശുപത്രി സംരക്ഷണ നിയമം
പരിഷ്കരിച്ചുള്ള ഓർഡിനൻസ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക.

🔶 സിസിടിവി ഉൾപ്പടെയുളള സെക്യൂരിറ്റി
സംവിധാനങ്ങൾ ഉൾപ്പെടുത്തിയും
പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ
സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും
ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക.

🔶 അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന
ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക

🔶 അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ്
സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ
ഉത്തരവ് ഉടൻ നടപ്പിലാക്കുക.

🔶 പോലീസ് കസ്റ്റഡിയിൽ ഉള്ള ആളുകളെ
മെഡിക്കൽ പരിശോധനയ്ക്ക്
വിധേയമാക്കുന്നതിനായി ജയിലിൽ
സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.

🔶കൃത്യവിലോപം നടത്തിയ
പോലീസുകാർക്കെതിരെ മാതൃകാപരമായ
ശിക്ഷാനടപടികൾ സ്വീകരിക്കുക.

🔶 അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ രണ്ട് സിഎംഒ മാരെ ഉൾപ്പെടുത്താൻ സാധിക്കും വിധം കൂടുതൽ സിഎംഒമാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha