ലൈഫിന്റെ നിറമുള്ള സ്വപ്‌നങ്ങളിലേക്ക്‌ ഇനി ഇവർ
കണ്ണൂരാൻ വാർത്ത
ഇരിട്ടി : ‘ഇക്കൊല്ലത്തെ മഴയ്ക്കും പൊളിഞ്ഞ് വീഴാറായ വീട്ടിൽ കഴിയേണ്ടിവരുമെന്നാ വിചാരിച്ചത്. ഇനി അതുവേണ്ട. പുതിയ വീടായല്ലോ’ . സർക്കാരിന്റെ ലൈഫ്‌ പദ്ധതിയിൽ പുതിയ വീടിന്റെ താക്കോൽ ലഭിച്ച കണിച്ചാർ വിളക്കോട്ട് പറമ്പിലെ കല്യാണിക്ക്‌ സന്തോഷം വാക്കുകളിലൊതുങ്ങുന്നില്ല. ഇരിട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തിലാണ് കല്യാണിക്ക് മന്ത്രി കെ. രാധാകൃഷ്ണൻ വീടിന്റെ താക്കോൽ കൈമാറിയത്. സുരക്ഷിതമായ വീട്ടിൽ ഇനി ഭയമില്ലാതെ അന്തിയുറങ്ങാമെന്ന ആശ്വാസത്തിലാണ് കല്യാണി ഉൾപ്പെടെ പത്തുപേർ.
 
പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായ വീട്ടിൽ മകൾ ഉഷയ്‌ക്കൊപ്പമാണ്‌ ഈ എഴുപത്തഞ്ചുകാരി താമസം. ഉഷ വിധവയാണ്. ഉഷയുടെ മകൾ അശ്വിനി മാനസികവെല്ലുവിളി നേരിടുന്നുണ്ട്‌. തൊഴിലുറപ്പ് തൊഴിലാളിയായ കല്യാണിക്ക് പ്രായാധിക്യം കാരണം ജോലിക്കു പോകാനും കഴിയുന്നില്ല. വാർധക്യപെൻഷനാണ് ആകെയുള്ള വരുമാനം. 

കണിച്ചാർ രണ്ടാം വാർഡിലെ പുള്ളോലിക്കൽ ശിശുപാലൻ സ്വന്തമായി വീട്‌ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്‌. ഒരു വർഷമായി വാടക വീട്ടിലാണ് ശിശുപാലനുൾപ്പെടെയുള്ള മൂന്നംഗ കുടുംബം. കാര്യമായ വരുമാനമില്ലാത്തതിനാൽ ജീവിതം പ്രയാസത്തിലായിരുന്നു. 40 വയസ്സുകാരനായ മകന് അപകടത്തിൽ പരിക്കേറ്റതിനാൽ കൃത്യമായി ജോലി ചെയ്യാൻ പറ്റുന്നില്ല. ജീവിതം പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോഴും ലൈഫിൽ വീട് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്‌ ശിശുപാലൻ പറഞ്ഞു. മാലൂർ പഞ്ചായത്തിലെ സി. ജാനകി, സുധീഷ് കുമാർ മാടിയത്ത്, ലിനി ജോസഫ്, പേരാവൂർ പഞ്ചായത്തിലെ സി.കെ. സുരേഷ്, സി.കെ. രഞ്ജിനി, കേളകത്തെ സുകുമാരൻ, മുഴക്കുന്നിലെ ഇ. രാജേഷ്, പായം പഞ്ചായത്തിലെ കവിത സജീവൻ എന്നിവരാണ് വീട് ലഭിച്ച മറ്റുള്ളവർ. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത