നിർത്തുന്നത് തോന്നിയപടി; കാൽടെക്സിൽ ബസ്സിൽ കയറാൻ നെട്ടോട്ടമോടണം
കണ്ണൂരാൻ വാർത്ത
കണ്ണൂർ : നഗരത്തിലെ ജനത്തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ കാൽടെക്സിൽ ബസ്സുകൾ നിർത്തുന്നത് തോന്നിയപടി. ബസ്സുകൾ എവിടെ നിർത്തുമെന്ന് നിശ്ചയമില്ലാത്തതിനാൽ നെട്ടോട്ടമോടേണ്ട ഗതികേടിലാണ് യാത്രക്കാർ.

ഗാന്ധി സർക്കിളിന് തൊട്ടുള്ള പെട്രോൾപമ്പ് മുതൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക്‌ മുൻവശംവരെയാണ് ബസ്സുകൾ ആളെക്കയറ്റുന്നതും ഇറക്കുന്നതും. പ്രാദേശിക റൂട്ടുകളിലേക്കുള്ള ബസ്സുകളും ദീർഘദൂര ബസ്സുകളുമുൾപ്പെടെ ഇത്തരത്തിലാണ് തുടരുന്നത്. കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി, മട്ടന്നൂർ അഞ്ചരക്കണ്ടി തുടങ്ങി ജനത്തിരക്കേറെയുള്ള മിക്ക റൂട്ടുകളിലേയും ബസ്സുകൾ ഈ രീതിയിലാണ് നിർത്തിയിടുന്നത്.

കോഴിക്കോട്ടേക്ക് ഉൾപ്പെടെയുള്ള ദീർഘദൂര ബസ്സുകൾ ആളെക്കയറ്റുന്നതും സമാനരീതിയിൽത്തന്നെ. ഇക്കാരണത്താൽ കെ.എസ്.ആർ.ടി.സി. ബസ്സുകൾക്ക് ഡിപ്പോയിലേക്ക് കയറാനോ ഇറങ്ങാനോ പറ്റാത്ത സ്ഥിതിയാണ്. ഹോൺ മുഴക്കുന്നത് കാരണമുള്ള ശബ്ദശല്യത്തിനും ഇതിടയാക്കുന്നു. പെട്രോൾ പമ്പിനും കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കും ഇടയിലുള്ള സ്ഥലത്താണ് ടാക്സി സ്റ്റാൻഡും. നേരത്തേ ഇവിടെ ഡിവൈഡറായി ചങ്ങല സ്ഥാപിച്ചിരുന്നെങ്കിലും ഇതും നിലവിലില്ല.

ബസ്സുകൾ കൈയൊഴിഞ്ഞ് കാത്തിരിപ്പുകേന്ദ്രങ്ങൾ

 നാല് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ബസ്സുകൾ കൈയൊഴിഞ്ഞ നിലയിലാണ്. നേരത്തേ ഓരോ റൂട്ടിലേയും ബസ്സുകൾ നിർത്തേണ്ട സ്ഥലം കൃത്യമായി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീടെല്ലാം താറുമാറായി. പലപ്പോഴും ട്രാഫിക് പോലീസിന്റെ സേവനവും ഉണ്ടാകാറില്ല.

ഓരോ റൂട്ടിലേക്കുള്ള ബസുകൾ എവിടെ കൃത്യമായി നിർത്തണമെന്നത് സംബന്ധിച്ച് ബോർഡ് സ്ഥാപിക്കുകയും ഇത് പരിശോധിക്കാൻ സ്ഥിരം ട്രാഫിക് പോലീസ് സംവിധാനം ഏർപ്പെടുത്തുകയും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത