നന്മയുടെ ബോട്ടിലുകളുമായി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്‌.എസ്‌ വളണ്ടിയർമാർ
കണ്ണൂരാൻ വാർത്ത
തലശേരി : അവധിക്കാലം അടിച്ചുപൊളിക്കാനുള്ളത് മാത്രമല്ലെന്ന്‌ ബ്രണ്ണൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ എൻ.എസ്.എസ് വളന്റിയർമാർ പറയുന്നു. കൂട്ടുകാരെ സഹായിക്കാൻ, അവർക്ക് പുതിയ സ്കൂൾ ബാഗും നോട്ടുപുസ്തകവും കുടയും പേനയും വാങ്ങിനൽകാൻ ഇടവേളകളിലെ നേരങ്ങളിൽ അവർ സ്കൂളിലെത്തി. ഡിഷ് വാഷ് നിർമിച്ച് വിൽപ്പന നടത്തിയാണ്‌ കുട്ടികൾ പണം സ്വരൂപിക്കുന്നത്‌. നിർധനരെ കണ്ടെത്തി അടുത്ത ആഴ്ച തന്നെ പഠനോപകരണങ്ങൾ നൽകാനുള്ള ഒരുക്കവും പൂർത്തിയായി.

ഡിഷ് വാഷ് മാത്രമല്ല, ന്യൂസ് പേപ്പർ ചലഞ്ചിലൂടെ ആറളത്തെ ആദിവാസി ഗോത്രവിഭാഗത്തിന് ഇരുപതിനായിരം രൂപയും നിർധനരായ പത്ത് കുടുംബത്തിന്‌ വിഷു, റംസാൻ, ഈസ്റ്റർ ദിവസങ്ങളിൽ അറുനൂറ് രൂപ വിലവരുന്ന ഭക്ഷ്യകിറ്റും നൽകി. അയ്യലത്ത് സ്കൂളിൽ നടന്ന ഏഴ് ദിവസത്തെ ക്യാമ്പിൽ നൂറ് ബോട്ടിലുകൾ വിറ്റുകിട്ടിയ തുകകൊണ്ട് ഒരു കുടുംബത്തിന് പത്ത് മുട്ടക്കോഴിയും കൂടും വിതരണംചെയ്തു. ചികിത്സയിൽ കഴിയുന്ന ബിരുദ വിദ്യാർഥിക്ക് ഏഴായിരം രൂപ നൽകി. ഇങ്ങനെ കൊച്ചു കൊച്ചു സഹായങ്ങളിലൂടെ നിരവധിപേർക്ക് താങ്ങും തണലുമാകാൻ ഇവരുടെ സാമൂഹിക സേവന സംരംഭത്തിന് സാധിച്ചു.
 
സേവന പ്രവർത്തനങ്ങൾക്ക് അമ്പത് വളന്റിയർമാരും ഒറ്റക്കെട്ടായി നിന്നു. സ്കൂൾ സമയത്ത്‌ ശനി, ഞായർ ദിവസങ്ങളിൽ സ്കൂളിലെത്തിയാണ് ഡിഷ് വാഷ് ഉണ്ടാക്കുന്നത്. അഞ്ഞൂറ് മില്ലി ലിറ്ററിന്റെ ബോട്ടിലിന് 90 രൂപ നിരക്കിലാണ് വിൽപ്പന. ഇതുവരെ അറുനൂറിൽപരം ഡിഷ് വാഷ് വിൽപ്പന നടത്തി. 

കടയിൽനിന്ന്‌ കിറ്റ് വാങ്ങി രണ്ട് ദിവസംകൊണ്ടാണ് ഡിഷ് വാഷ് ഉണ്ടാക്കുന്നത്. പരീക്ഷണം വിജയിച്ചതോടെ നഗരത്തിലെ സർക്കാർ ഓഫീസുകളിലെല്ലാം എൻ.എസ്.എസ് ഉൽപ്പന്നത്തിന് ആവശ്യക്കാരേറി. സ്ഥാപനങ്ങളിലും പ്രദേശത്തെ കുട്ടികളാണ് വിൽപ്പന നടത്തുന്നത്.  

സ്കൂൾ കലോത്സവ വേളയിലും വിവിധ ഉൽപ്പന്നങ്ങളുമായി വളന്റിയർമാർ ഉണ്ടാകും. സേവനം മാത്രമല്ല ഈ പ്രവൃത്തി കുട്ടികൾക്ക് മനസിന് സന്തോഷം നൽകുന്നുണ്ടെന്നും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റീജ പി.റഷീദ് പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത