ആവശ്യത്തിന് ഡോക്ടർമാരില്ല; പ്രസവശുശ്രൂഷാ വിഭാഗം പ്രവർത്തനം താളം തെറ്റി പേരാവൂർ താലൂക്കാസ്പത്രി
കണ്ണൂരാൻ വാർത്ത
പേരാവൂർ : ജില്ലയിൽ ഏറ്റവുമധികം പ്രസവം നടന്നിരുന്ന ആസ്പത്രികളിലൊന്നായ പേരാവൂർ താലൂക്കാസ്പത്രിയിലെ പ്രസവശുശ്രൂഷാവിഭാഗത്തിന്റെ പ്രവർത്തനം ആവശ്യത്തിന് ഡോക്ടർമാരില്ലാതായതോടെ അവതാളത്തിലായി.

മാസം ശരാശരി 100-നും 120-നുമിടയിൽ പ്രസവം നടന്നിരുന്ന ഇവിടെ ഇപ്പോൾ 40 പ്രസവങ്ങൾ മാത്രമാണ് നടക്കുന്നത്. മൂന്ന് ഡോക്ടർമാരുണ്ടായിരുന്നിടത്ത് രണ്ടുപേർ സ്ഥലം മാറിപ്പോയതോടെയാണ് പ്രസവശുശ്രൂഷ പകുതിയിലും താഴെയായത്.

ഗൈനക്ക് വിഭാഗത്തിൽ മൂന്നുപേർ ഉണ്ടാവേണ്ടയിടത്ത് കഴിഞ്ഞ ആറുമാസങ്ങളായി ഒരാൾ മാത്രമാണുള്ളത്. സ്ഥലംമാറിപ്പോയവർക്ക് പകരക്കാരെ നിയമിക്കാൻ ആരോഗ്യവകുപ്പധികൃതർ ഇതുവരെയായിട്ടും നടപടി സ്വീകരിച്ചിട്ടില്ല.

ഏറ്റവുമധികം ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പേരാവൂർ ബ്ലോക്കിലെ ഏക താലൂക്കാസ്പത്രിയാണിത്. സംസ്ഥാനത്ത് ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസമേഖലയിലുള്ളവരും ഈ ആസ്പത്രിയെയാണ് ആശ്രയയിക്കുന്നത്. ഗൈനക്കോളജിസ്റ്റുമാരെ നിയമിക്കാനാവശ്യപ്പെട്ട് എല്ലാമാസവും ഇരിട്ടി താലൂക്ക് വികസനസമിതി യോഗങ്ങളിൽ ആസ്പത്രി സൂപ്രണ്ട് വിഷയമവതരിപ്പിക്കാറുണ്ട്.

സണ്ണി ജോസഫ് എം.എൽ.എ. ഇക്കാര്യം നിയമസഭയിലും അവതരിപ്പിച്ചിരുന്നു. എന്നാൽ, ആരോഗ്യവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒറ്റ പ്രസവക്കേസുകൾ പോലും എടുക്കാത്ത ജില്ലയിലെ നിരവധി ആസ്പത്രികളിൽ ഗൈനക്കോളജിസ്റ്റിനെ നിയമിച്ചിട്ടും വർഷം ആയിരത്തിലധികം പ്രസവങ്ങൾ നടന്നിരുന്ന പേരാവൂർ താലൂക്കാസ്പത്രിയോട് അധികൃതർ അവഗണന തുടരുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ആദിവാസി ഗർഭിണികളിൽ ഭൂരിഭാഗവും പ്രസവവേദനയുണ്ടാവുന്ന സാഹചര്യങ്ങളിൽ മാത്രമാണ് ആസ്പത്രിയിലെത്തുക. അവസാനനേരത്ത് എത്തുന്ന ഗർഭിണികൾക്കാവശ്യമായ സേവനം നല്കാൻ ഡോക്ടറുടെ അഭാവം മൂലം സാധിക്കാതെ വരുന്നുണ്ട്.

അത്തരം സാഹചര്യങ്ങളിൽ അൻപതോളം കിലോമീറ്റർ ദൂരെയുള്ള ജില്ലാ ആസ്പത്രിയിലേക്കോ തലശ്ശേരി ജനറലാസ്പത്രിയിലേക്കോ ഗർഭിണിയെ കൊണ്ടുപോകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവനെത്തന്നെ ബാധിച്ചേക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത