തലശേരി ജനറൽ ആശുപത്രിയിലെ ഈ മാറ്റം സ്വപ്‌ന സമാനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശേരി : ശീതീകരിച്ച ഒ.പി മുറികളിലെത്തുമ്പോൾ ഇന്നും വിയർത്തൊലിച്ച് ക്യൂവിൽനിന്ന് ഡോക്ടറെ കണ്ടത് ഓർമവരും. പരിമിതികൾക്കിടയിലും തലശേരി ജനറൽ ആശുപത്രിയിലെ അതിവേഗമുള്ള മാറ്റം ഒപി കവാടത്തിനരികിലെ കൂട്ടിരിപ്പുകാരുടെ സംസാര വിഷയത്തിലൊന്നായിരുന്നു. പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ തലശേരി കോട്ടയ്ക്കും കടലിനും തൊട്ട് കിടക്കുന്ന ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം എന്നും ഒരു വെല്ലുവിളിയാണ്. എന്നാൽ ഈ വെല്ലുവിളി മറികടന്ന്‌ നഗരസഭയുടെ രണ്ടര ഏക്കർ സ്ഥലത്ത് കണ്ടിക്കലിൽ പുതിയ ആശുപത്രിയും ഒപ്പം അമ്മയും കുഞ്ഞും ആശുപത്രിയെന്ന സ്വപ്ന പദ്ധതിയും വേരോട്ടമുറപ്പിച്ചുകഴിഞ്ഞു.

സർക്കാർ, നഗരസഭ ഫണ്ടുകളും എംഎൽഎയുടെ ആസ്തിവികസന ഫണ്ടുമാണ് ആശുപത്രിയുടെ മുഖഛായ മാറ്റിയത്‌. നഗരസഭ വാർഷിക പദ്ധതിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡും സർജിക്കൽ വാർഡും നവീകരിച്ചു. പുരുഷന്മാരുടെ മെഡിക്കൽ വാർഡിനും പുതുമോടിയായി. ആരോഗ്യ വകുപ്പ് പ്ലാൻ ഫണ്ടിൽ ക്യാൻസർ വാർഡിന്റെയും ഐസിയുവിന്റെയും നിർമാണം പൂർത്തിയാക്കി.

ലോക്‌ഡൗൺ കാലത്ത് ഓക്സിജൻ പ്ലാന്റും ഒരുക്കി. സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ മെഡിക്കൽ ലാബ്, ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ കെട്ടിടം, കുട്ടികളുടെ വാർഡ്, ട്രോമ കെയർ യൂണിറ്റ്, നവജാത തീവ്രപരിചരണ യൂണിറ്റ് എന്നിവയെല്ലാം ആശുപത്രി വികസനത്തിന്റെ നേർകാഴ്ചകളാണ്.
ഡോക്ടർമാർക്കും ജീവനക്കാർക്കും ഒഴിവു സമയം ചെലവഴിക്കാനും മാനസിക സംഘർഷം കുറയ്ക്കാനുമുള്ള ഒരു ഇടമായി ലെെബ്രറിയും ആശുപത്രിയിലുണ്ട്. ദേശീയ ആരോഗ്യ മിഷനിൽ 1.10കോടി വിനിയോഗിച്ച് നിർമിച്ച മലിനജല സംസ്കരണ യൂണിറ്റും ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. പേ വാർഡ് നവീകരണവും പുരോഗമിക്കുന്നു.

4 ശസ്ത്രക്രിയാ തിയറ്റർ കോംപ്ലക്സ്

ജനറൽ ആശുപത്രിയിൽ എം.എൽ.എ ഫണ്ടിൽ ഒന്നരക്കോടിയിൽ അത്യാധുനിക സംവിധാനങ്ങളോടെ ആശുപത്രിയിൽ നാല് ശസ്ത്രക്രിയാ തിയറ്ററുകളാണ് സജ്ജമായത്. യൂറോളജി, ഓർത്തോ വിഭാഗങ്ങൾക്കായി മൂന്നും ജനറൽ സർജറി, ഇഎൻടി, ദന്തരോഗ വിഭാഗം ഒരു ശസ്ത്രക്രിയാ തിയറ്ററുമുണ്ട്. കുട്ടികളുടെ ഐസിയു, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, വിശ്രമ മുറി എന്നിവയും അടങ്ങുന്നതാണ് തിയറ്റർ.
വൃക്കരോഗികൾക്ക്‌ സാന്ത്വനം പകർന്ന്‌ വൃക്കരോഗികൾക്ക് കരുതലായി മാറിയ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് 50500 ലേറെ ഡയാലിസിസ് ചെയ്‌തു. ഇൻഷൂറൻസ് പരിരക്ഷയുള്ളവർക്ക് മരുന്ന് ഉൾപ്പെടെ സൗജന്യമായും അല്ലാത്തവർക്ക് അറുനൂറ് രൂപയും അടയ്‌ക്കണം. രാവിലെ ആറുമുതൽ നാലു ഷിഫ്റ്റുകളിലായി യൂണിറ്റ് പ്രവർത്തിക്കുന്നതിനാൽ ഒരു സമയം പതിനൊന്ന് രോഗികൾ എന്ന ക്രമത്തിൽ 44 പേർക്ക് ഡയാലിസിസ്‌ നടത്താം.

അമ്മയും കുഞ്ഞും ആശുപത്രി നിർമാണം തുടങ്ങി

കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ട് അമ്മയും കുഞ്ഞും ആശുപത്രി നിർമാണം ആരംഭിച്ചു. ജനങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചാണ് കണ്ടിക്കലിൽ 2.52 ഏക്കർ സ്ഥലം വാങ്ങിയത്. സ്പീക്കർ എ എൻ ഷംസീറിന്റെ ഇടപെടലിൽ എല്ലാ കുരുക്കും തീർത്താണ് ആശുപത്രി നിർമാണത്തിലേക്ക് കടക്കുന്നത്. സ്ഥലം മണ്ണിട്ട് നികത്തി പെെലിങ് പ്രവൃത്തി നടത്താനുള്ള നടപടി പൂർത്തിയായി.
 
സർക്കാരിന്റെ അകമഴിഞ്ഞ സഹായം

ഇത്തവണത്തെ ബജറ്റിൽ ആശുപത്രി വികസനത്തിനായി പത്ത് കോടിയാണ് സർക്കാർ പ്രഖ്യാപിച്ചത്. സാങ്കേതിക തടസ്സങ്ങൾ ആശുപത്രി വികസനത്തെ ബാധിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട്‌ മനസിലാക്കി മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താൻ തലശേരി ജനറൽ ആശുപത്രിക്ക് സാധിക്കുന്നുണ്ട്. ദിവസേന രണ്ടായിലത്തിലേറെ പേർ ഒപിയിൽ ചികിത്സ തേടുന്നു. 59 ഡോക്ടർമാരുടെ സേവനം ആശുപത്രിയിലുണ്ട്‌. സ്പീക്കർ എ എൻ ഷംസീറിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി ആശുപത്രിക്ക് പുതിയ കെട്ടിടവും യാഥാർഥ്യമാകാൻ പോകുന്നു.
ഡോ. വി കെ രാജീവൻ, ആശുപത്രി സൂപ്രണ്ട് 
 
അസൗകര്യം ഒന്നുമില്ല

പതിനാല് വർഷം മുന്നേ പ്രസവത്തിനായി ആശുപത്രിയിൽ വരുമ്പോൾ പരിമിതമായ സൗകര്യങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് വാർഡുകളെല്ലാം ഹൈടെക് ആണ്. ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ആശുപത്രി ശുചീകരണത്തിലും നമ്പർ വൺ ആണ്. ഡി.വൈ.എഫ്.ഐ പൊതിച്ചോറ് കിട്ടുന്നതും ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ആശ്വാസമാണ്. 
സാബിറ (തലശേരി മട്ടാമ്പ്രം സ്വദേശി).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha