കഞ്ചാവ്‌ മൊത്തവിതരണക്കാരന്റെ ജീപ്പ് കണ്ണൂരിലെത്തിച്ചു
കണ്ണൂരാൻ വാർത്ത
കണ്ണൂർ : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കഞ്ചാവ്‌ മൊത്തവിതരണക്കാരൻ ഇബ്രാഹി (42)മിന്റെ രഹസ്യഅറയുള്ള ബാെലോറോ ജീപ്പ് കണ്ണൂരിലെത്തിച്ചു. ഈ വാഹനത്തിലാണ് ഏജന്റുമാർക്ക് പ്രതി കഞ്ചാവ് എത്തിച്ചിരുന്നത്. കസ്റ്റഡിയിലുള്ള പ്രതി നൽകിയ വിവരങ്ങളെ തുടർന്ന്‌ കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോയമ്പത്തൂരിൽനിന്ന്‌ 120 കിലോമീറ്റർ അകലെ കരൂറിൽ ജീപ്പ് കണ്ടെത്തിയത്. വ്യാഴം രാവിലെ ജീപ്പ് കണ്ണൂരിലെത്തിച്ചു. തുടർന്ന് സിറ്റി പൊലീസ് കമീഷണറുടെ ഓഫീസിൽ കമീഷണർ അജിത്ത് കുമാർ, മോട്ടോർ വാഹന വകുപ്പ് അസി. കമീഷണർ എം.പി. റോഷൻ, എ.സി.പി ടി.കെ. രത്നകുമാർ, ടൗൺ പൊലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് എത്തിയിരുന്നു. 

എടച്ചൊവ്വയിലെ വീട്ടിൽനിന്ന് 61 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ്‌ ഇയാൾ അറസ്‌റ്റിലായത്‌. ആന്ധ്രപ്രദേശിൽ ആദിവാസികളുടെ ആറേക്കർ സ്ഥലം പാട്ടത്തിനെടുത്ത്‌ കഞ്ചാവ് കൃഷി നടത്തുന്ന ഇബ്രാഹിമിനെ കണ്ണൂർ സിറ്റി എ.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അറസ്റ്റ് ചെയ്‌തത്‌. നിരവധി വാഹനങ്ങളുള്ള ഇയാൾ കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്ക് കഞ്ചാവ് കടത്തുന്നതായി പൊലീസിന്‌ നേരത്തെ വിവരം ലഭിച്ചിരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ചെറുകിട വിതരണക്കാർക്കും കഞ്ചാവെത്തിച്ചുകൊടുക്കുന്നത് ഇയാളാണ്‌.
 
എടച്ചൊവ്വയിൽ 2022 ആഗസ്‌തിൽ 61 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾ നൽകിയ മൊഴികളിൽനിന്നാണ്‌ ഇബ്രാഹിമിന്റെ പങ്ക്‌ പൊലീസിന്‌ വ്യക്തമായത്‌. എടച്ചൊവ്വയിലെ ഷഗീന്റെ വീട്ടിൽനിന്നാണ്‌ കഞ്ചാവ് പിടിച്ചത്. ഈ കേസിൽ പിടിയിലായ അത്താഴക്കുന്ന് സ്വദേശി നാസർ, ഉളിക്കൽ സ്വദേശി ഓട്ടോഡ്രൈവർ റോയ്, ഷഗീൻ എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് ഇബ്രാഹിമിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്‌. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത