ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ കേസ് എടുക്കാനാകില്ല: ഹൈക്കോടതി
കണ്ണൂരാൻ വാർത്ത
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു നിയമവിരുദ്ധമല്ലെന്നും അതിനാൽ പോലീസിന് കേസെടുക്കാനാവില്ലെന്നും ഹൈക്കോടതി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടില്ലെന്നും ഇപ്രകാരം കേസെടുക്കണമെങ്കിൽ അതിന് നിയമം പാസാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഇത്തരത്തിൽ കേസെടുത്ത പോലീസ് നടപടി ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.

മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചാൽ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്. അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിക്കെതിരേ കേസെടുക്കാനാണ് പോലീസ് ആക്ടിലെ 118 ഇ അധികാരം നൽകുന്നത്. എന്നാൽ ഇങ്ങനെ ഫോണിൽ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കിൽ മാത്രമേ പോലീസ് നടപടി സാധ്യമാകൂ എന്ന് കോടതി വിലയിരുത്തി.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ നിലവിലില്ല. അതുകൊണ്ട് ഇത്തരത്തിൽ വാഹനം ഓടിക്കുന്നയാൾ പൊതുജനങ്ങളെ അപകടപ്പെടുത്തുന്നതായി അനുമാനിക്കാനാവില്ലെന്നും ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. നിയമഭേദഗതി വരുത്താതെ നടപടിയെടുക്കുന്നത് നിയമലംഘനമാണ്. പോലീസ് ആക്ടിൽ 118 (ഇ) വകുപ്പ് സംബന്ധിച്ച് വിവിധ വ്യാഖ്യാനങ്ങൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ സാഹചര്യത്തിലാണ് കേസ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്. കോടതി വിധിയോടെ കേരളത്തിൽ എവിടെയെങ്കിലും ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് അത് റദ്ദാക്കാൻ കേസ് പരിഗണനയിലിരിക്കുന്ന മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത