കുട്ടിക്ക് ആധാര്‍ കാര്‍ഡ് ഇല്ലേ; മൈനര്‍ ആധാര്‍ എടുക്കാം വളരെ എളുപ്പത്തില്‍
കണ്ണൂരാൻ വാർത്ത

ഇന്ത്യൻ സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നല്‍കുന്ന 12 അക്ക തിരിച്ചറിയല്‍ നമ്ബറാണ് ആധാര്‍ കാര്‍ഡ്.

ഗവണ്‍മെന്റ് സ്കീമുകളും സബ്‌സിഡികളും നേടാന്‍ ആധാര്‍ കാര്‍ഡ് ആവശ്യമാണ്. കൂടാതെ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക, പാസ്‌പോര്‍ട്ട് നേടുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് മുതിര്‍ന്നവര്‍ക്കുള്ളതാണെങ്കിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും സ്വന്തമായി ആധാര്‍ കാര്‍ഡ് ലഭിക്കും.

മൈനര്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം ഇതാ; 

ഘട്ടം 1: മൈനര്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ കൈവശം ഉണ്ടാകണം. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്. മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള സാധുതയുള്ള മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ. രക്ഷിതാവിന്റെ വിലാസം തെളിയിക്കാനായി വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍ അല്ലെങ്കില്‍ ടെലിഫോണ്‍ ബില്‍ എന്നിവയില്‍ ഏതെങ്കിലും ഉണ്ടാകണം. കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ.

ഘട്ടം 2: ഏറ്റവും അടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്റ് സെന്റര്‍ കണ്ടെത്തുകയുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://uidai.gov.in/) സന്ദര്‍ശിച്ച്‌ നിങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള എന്‍റോള്‍മെന്റ് സെന്റര്‍ കണ്ടെത്താം. വെബ്‌സൈറ്റില്‍, " എന്‍റോള്‍മെന്റ് സെന്റര്‍ കണ്ടെത്തുക" എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സംസ്ഥാന, നഗര വിശദാംശങ്ങള്‍ നല്‍കുക. നിങ്ങളുടെ പ്രദേശത്തെ എന്‍റോള്‍മെന്റ് സെന്ററുകളുടെ ഒരു ലിസ്റ്റ് അവരുടെ വിലാസവും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും വെബ്സൈറ്റ് നല്‍കും. 

ഘട്ടം 3: ആവശ്യമായ എല്ലാ രേഖകളും സഹിതം കുട്ടിയുമായി അടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിക്കുക. കുട്ടിയുടെ പേര്, ജനനത്തീയതി, വിലാസം തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന ഒരു എന്‍റോള്‍മെന്റ് ഫോം നിങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്.

ഘട്ടം 4: എന്‍റോള്‍മെന്റ് ഫോം പൂരിപ്പിച്ച ശേഷം, കുട്ടിയുടെ ഫോട്ടോ എടുക്കുന്നു. 5 വയസ്സിന് താഴെയുള്ള കുട്ടികളെ എന്‍റോള്‍ ചെയ്യുമ്ബോള്‍ വിരലടയാളങ്ങളും ഐറിസ് സ്കാനുകളും വേണ്ട. കുട്ടിക്ക് 5 വയസ്സ് തികയുമ്ബോള്‍, ബയോമെട്രിക്സ് നിര്‍ബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ഒരു കുട്ടി 5 വയസ്സിന് താഴെയാണെങ്കില്‍, യുഐഡിഎഐ പ്രകാരം, കുട്ടിക്ക് വേണ്ടി മാതാപിതാക്കളില്‍ അല്ലെങ്കില്‍ രക്ഷിതാക്കളില്‍ ഒരാള്‍ ആധികാരികത നല്‍കുകയും എന്‍റോള്‍മെന്റ് ഫോമില്‍ ഒപ്പിട്ട് പ്രായപൂര്‍ത്തിയാകാത്തയാളെ എന്‍റോള്‍ ചെയ്യുന്നതിന് സമ്മതം നല്‍കുകയും വേണം. കുട്ടി എന്‍ആര്‍ഐ ആണെങ്കില്‍, ഐഡന്റിറ്റി പ്രൂഫ് ആയി കുട്ടിയുടെ സാധുവായ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. ഇന്ത്യയില്‍ താമസിക്കുന്ന കുട്ടിയാണെങ്കില്‍, ജനന സര്‍ട്ടിഫിക്കറ്റ് പോലെ ബന്ധം കാണിക്കുന്ന രേഖ വേണം

ഘട്ടം 5: ബയോമെട്രിക് ഡാറ്റ ശേഖരിച്ച ശേഷം, നിങ്ങള്‍ക്ക് ഒരു അക്നോളജ്മെന്റ് സ്ലിപ്പ് നല്‍കും. ആധാര്‍ കാര്‍ഡ് അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ ഉപയോഗിക്കാവുന്ന എന്‍റോള്‍മെന്റ് ഐഡി ഈ സ്ലിപ്പില്‍ അടങ്ങിയിരിക്കുന്നു.

ഘട്ടം 6: എന്‍റോള്‍മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, ആധാര്‍ കാര്‍ഡ് ജനറേറ്റ് ചെയ്ത് അപേക്ഷാ ഫോമില്‍ പറഞ്ഞിരിക്കുന്ന വിലാസത്തിലേക്ക് അയയ്ക്കും. എന്‍റോള്‍മെന്റ് കഴിഞ്ഞ് 90 ദിവസത്തിനകം ആധാര്‍ കാര്‍ഡ് നല്‍കാറുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത