പോക്കറ്റിലിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; കോഴിക്കോട് യുവാവിന് ഗുരുതര പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോഴിക്കോട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കോഴിക്കോടാണ് സംഭവം. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിട്ടിരുന്ന ഫോൺ ആണ് പൊട്ടിത്തെറിച്ചത്. രാവിലെ ഏഴ് മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. സാരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ തുടരുകയാണ്.

ദിവസങ്ങൾക്ക് മുമ്പാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തൃശൂരിൽ എട്ട് വയസുകാരി മരിച്ചത്. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് അശോകന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോൺ പൊട്ടിത്തെറിച്ച് കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. 

ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങൾ 

ചാർജ് ചെയ്യുന്നതിനിടെ ഉപയോഗിക്കരുത്

ഫോൺ ചാർജ് ചെയ്യുന്നതിനിടെ സംസാരിക്കുകയോ മറ്റെന്തെങ്കിലും രീതിയിൽ ഉപയോഗിക്കുകയോ ചെയ്താൽ മദർബോഡിന്മേലുള്ള സമ്മർദം വർദ്ധിക്കും. ഇത് ഫോണിന്റെ സർക്യൂട്ടിനെ ചൂടുപിടിപ്പിക്കും. ഇതുകൊണ്ടാണ് ചാർജ് ചെയ്യുന്ന ഫോൺ ഉപയോഗിക്കുമ്പോൾ ചൂടാകുന്നത്. സർക്യൂട്ടിൽ എന്തെങ്കിലും തകരാറുകളുണ്ടെങ്കിൽ ഈ ചൂടുമൂലം ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും അത് ഫോണിലെ ലിഥിയം അയൺ ബാറ്ററിയുടെ സ്ഫോടനത്തിലേക്ക് നയിക്കുകയും ചെയ്യാം. അതിനാൽ ചാർജ് ചെയ്യുന്നതിനിടെ ഫോൺ ഉപയോഗിക്കാൻ പാടുള്ളതല്ല.

രാത്രി ചാർജിനിട്ട് ഉറങ്ങാൻ കിടക്കരുത്

100 ശതമാനം ചാർജായി കഴിഞ്ഞ് പിന്നെയും ബാറ്ററിയിലേയ്ക്ക് പ്രവഹിക്കുന്ന വൈദ്യുതി കൈകാര്യം ചെയ്യാനാകാതെ വരുന്നതോടെ ബാറ്ററി ചൂടാകും. ഇത് ഷോർട്ട് സർക്യൂട്ടിലേയ്ക്ക് നയിക്കാം. ഇങ്ങനെ തുടർച്ചയായി ചെയ്താൽ ബാറ്ററി തകരാറിലായി വീർത്തുവരും. ഇങ്ങനെയുള്ള ബാറ്ററികൾക്ക് തീപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്. ഇങ്ങനെയുള്ള ബാറ്ററികൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അത് മാറ്റി പുതിയത് വാങ്ങി ഉപയോഗിക്കുക.

വ്യാജൻ വാങ്ങരുത്

കേടായ ബാറ്ററി മാറ്റി പുതിയത് വാങ്ങുമ്പോൾ ഒറിജിനൽ തന്നെയാണ് വാങ്ങിയതെന്ന് ഉറപ്പുവരുത്തുക. ഒറിജിനലിന്റെ മൂന്നിലൊന്ന് വിലയ്ക്ക് ലഭിക്കുന്ന വ്യാജൻ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വ്യാജ ആക്സസറികൾ ഫോണിന്റെ നിലവാരവുമായി ചേരാത്തതിനാൽ തകരാറുകൾ സംഭവിക്കുന്നതിനും അപകടത്തിനും സാദ്ധ്യത ഏറെയാണ്.

പോക്കറ്റിലിടരുത്

ഇറുകിയ ജീൻസിന്റെ പോക്കറ്റിൽ ഒരിക്കലും ഫോൺ ഇടാൻ പാടില്ല. ഇത് ഫോൺ ചൂടാകുന്നതിനും ബാറ്ററിയിൽ സമ്മർദമുണ്ടാകുന്നതിനും കാരണമാകുന്നു. ചിലപ്പോൾ പൊട്ടിത്തെറിയിലേയ്ക്കും ഇത് നയിച്ചേക്കാം.

ചൂടായാൽ

ചാർജ് ചെയ്യുന്നതിനിടെ ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചാർജിംഗ് അവസാനിപ്പിക്കണം. കുറച്ച് സമയം മാറ്റി വച്ച് ചൂട് മാറിയ ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക.

ഫാസ്റ്റ് ചാർജിംഗ്

നിങ്ങളുടെ ഫോണിൽ ഫാസ്റ്റ് ചാർജിംഗ് സംവിധാനം ഇല്ലെങ്കിൽ ഇത്തരത്തിലുള്ള ചാർജറുകൾ ഉപയോഗിക്കാതിരിക്കുക. ബാറ്ററിക്ക് താങ്ങാനാകുന്നതിലേറെ വോൾട്ടേജ് പെട്ടെന്ന് കയറുമ്പോൾ ഇത് ഫോണിനെ മൊത്തത്തിൽ ബാധിച്ചേക്കാം. ബാറ്ററിയുടെ ചാർജിംഗ് ശേഷിയും നഷ്ടപ്പെട്ടേക്കാം.

ഫോൺ കെയ്സ്

വിലപിടിപ്പുള്ള ഫോണിന് പോറലുകൾ ഉണ്ടാകാതിരിക്കാൻ വാങ്ങിയിടുന്ന കെയ്സുകൾ വില്ലനായേക്കാം. ചാർജിംഗ് സമയത്ത് ബാറ്ററി ചെറിയ രീതിയിൽ ചൂടാകും. ഇത് സാധാരണമാണ്. ഈ ചൂട് പുറത്ത് കളയുന്നതിന് വേണ്ട പഴുതുകൾ ഫോണുകളിൽ ഉണ്ടായിരിക്കും. പല കെയ്സ് നിർമാതാക്കളും ഇക്കാര്യം ശ്രദ്ധിക്കാറില്ല. അതിനാൽ കെയ്സിലിട്ട് ചാർജ് ചെയ്യുന്ന ശീലമുണ്ടെങ്കിൽ അത് അവസാനിപ്പിക്കുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha