അനധികൃത പാർക്കിങ്ങും നടപ്പാത കൈയേറി കച്ചവടവും : ഇരിട്ടി നഗരത്തിലെ കൈയേറ്റം ഒഴിപ്പിച്ചുതുടങ്ങി
കണ്ണൂരാൻ വാർത്ത
ഇരിട്ടി : നഗരത്തിലെ അനധികൃത പാർക്കിങ്ങിനും നടപ്പാത കൈയേറിയുള്ള കച്ചവടത്തിനുമെതിരേ നടപടി ശക്തമാക്കി. നഗരസഭയും പോലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് പരിശോധന തുടങ്ങിയതോടെ പിഴചുമത്തലും നോട്ടീസ് നൽകലും ആരംഭിച്ചു.

നടപ്പാത കൈയേറി സ്ഥാപിച്ച വ്യാപാരസ്ഥാപനങ്ങളുടെ സാധനങ്ങൾ മുഴുവൻ ഒഴിപ്പിച്ചു. ശുചീകരണത്തോടും മാലിന്യസംസ്കരണത്തോടും സഹകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടി ആരംഭിച്ചു.

മേയ് ഒന്ന് മുതലാണ് ഇരിട്ടിനഗരത്തിലെ അനധികൃത പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നഗരത്തിൽ ഏറെ നേരം നിർത്തിയിടേണ്ടിവരുന്ന വാഹനങ്ങൾ എല്ലാം പേ പാർക്കിങ് കേന്ദ്രത്തിലേക്ക് മാറ്റണമെന്നായിരുന്നു നിർദേശം. ഇതിനായി മൂന്നിടങ്ങളിൽ പേ പാർക്കിങ് സംവിധാനം ഒരുക്കിയിരുന്നു.

എന്നാൽ, നിയന്ത്രണങ്ങളും പേ പാർക്കിങ് സൗകര്യങ്ങളും നിലവിൽ വന്നിട്ടും പലരും ടൗണിൽ തോന്നിയതുപോലെ വാഹനങ്ങൾ നിർത്തിയിടുന്നതും പേ പാർക്കിങ് സൗകര്യം ഉപയോഗിക്കാത്തതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് കർശന നിർദേശങ്ങളും പിഴചുമത്തലുമായി അധികൃതർ രംഗത്തെത്തിയത്. ടൗണിലെത്തി ഏറെനേരം നിർത്തിയിടേണ്ടിവരുന്ന സ്വകാര്യ വാഹനങ്ങൾ പേ പാർക്കിങ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് നഗരസഭയുടെ നിർദേശം.

നടപടി തുടങ്ങി

നഗരത്തിൽ നടപ്പാതകൾ കൈയേറിയുള്ള കച്ചടവത്തിനും മാലിന്യം വലിച്ചെറിയുന്ന കച്ചവടക്കാർക്കുമെതിരേയും നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം ശുചിത്വ ഹർത്താൽ നടത്തി നഗരം മുഴുവൻ ശുചീകരണം നടത്തിയെങ്കിലും പല കച്ചവടക്കാരും ഇതിൽ പങ്കെടുത്തിരുന്നില്ല. ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്തിയവർക്കെതിരേ നടപടി തുടരുകയുമാണ്.

കഴിഞ്ഞ ദിവസം വ്യാപാരസ്ഥാപനങ്ങൾക്ക് 25,000 രൂപ വരെ പിഴചുമത്തി. വ്യാഴാഴ്ച പോലീസ് സഹായത്തോടെ നഗരസഭാധ്യക്ഷ കെ.ശ്രീലത, ക്ളീൻ സിറ്റി മാനേജർ പി.മോഹനൻ എന്നിവർ നടപ്പാത കൈയേറി കച്ചവടം നടത്തിവന്ന ചില കച്ചവടക്കാർക്ക് താക്കീത് നൽകുകയും സാധനങ്ങൾ മുഴുവൻ കടയ്ക്കകത്തേക്ക് കയറ്റിവെപ്പിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഇനി താക്കീതിന് പകരം നടപടിയാണെന്നും ഇരുവരും അറിയിച്ചു.

ഇരിട്ടി നഗരം വെടിപ്പും വൃത്തിയുമുള്ള നഗരമാക്കി നിലനിർത്തുന്നതിന് വ്യാപാരികളും വാഹനഉടമകളും നഗരത്തിലെത്തുന്ന പൊതുജനങ്ങളും സഹകരിക്കണമെന്നും നാഗസഭാധ്യക്ഷയും ക്ളീൻ സിറ്റി മാനേജരും അഭ്യർഥിച്ചു.

വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, കൗൺസിലർമാരായ വി.പി.അബ്ദുൽറഷീദ്, കെ.മുരളീധരൻ, എസ്.ഐ.മാരായ നിബിൻ ജോയ്, സുനിൽകുമാർ, നഗരസഭാ ജെ.എച്ച്.ഐ.മാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത