തെരുവുനായ്ക്കളെ പിടിക്കാൻ ജീവനക്കാരില്ല; ഇരിക്കൂർ എ.ബി.സി സെന്ററിൽ പ്രവർത്തനം താളം തെറ്റുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ : തെരുവുനായ്ക്കളെ പിടികൂടുന്ന ജീവനക്കാർ കുറഞ്ഞതോടെ നായ വന്ധ്യംകരണത്തിനുളള ജില്ലയിലെ ഏക കേന്ദ്രമായ ഊരത്തൂരിലെ പടിയൂർ ആനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ (എ.ബി.സി) കൂടുകൾ കാലിയാകുന്നു. 48 കൂടുകളുള്ള സെന്ററിൽ ഇപ്പോൾ പകുതി എണ്ണത്തിൽ മാത്രമാണ് നായ്ക്കളുള്ളത്.

തെരുവുനായകളെ പിടികൂടാൻ തുടക്കത്തിൽ ഇവിടെ 8 പേർ ഉണ്ടായിരുന്നെങ്കിലും പിന്നീട് 6 പേരായി. കൂലി കുറവായതിനാൽ 2 പേർ കൂടി ഒരു മാസം മുൻപ് ജോലി ഉപേക്ഷിച്ച് പോയതോടെ 4 പേരായി ചുരുങ്ങി. പിന്നീട് ഇതുവരെ പുതിയ നിയമനം നടന്നിട്ടില്ല. സെന്റർ നടത്തുന്ന ജില്ലാ പഞ്ചായത്താണ് നിയമനം നടത്തേണ്ടതെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. 20,000 രൂപയാണ് പ്രതിമാസം നായപിടിത്തക്കാർക്ക് നൽകുന്നത്. വെറ്ററിനറി സർജൻ, തിയറ്റർ അസിസ്റ്റന്റ്, 2 ശുചീകരണ തൊഴിലാളികൾ, 4 നായ പിടിത്തക്കാർ ഉൾപ്പെടെ 8 ജീവനക്കാരാണ് ഇപ്പോൾ സെന്ററിൽ ഉള്ളത്.

ഇന്നലെ വരെ നടന്നത് 980 ശസ്ത്രക്രിയകൾ

ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ചെലവിൽ നിർമിച്ച സെന്റർ 2022 ഒക്ടോബർ 15 നാണ് പ്രവർത്തനം തുടങ്ങിയത്. ഇന്നലെ വരെ 980 ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്. ഇതിൽ 528 ആൺ നായ്ക്കളും 452 പെൺ നായ്ക്കളുമാണ്‌. തുടക്കത്തിൽ 200 ഓളം ശസ്ത്രക്രിയകൾ പ്രതിമാസം നടന്നിരുന്നെങ്കിലും ജീവനക്കാരുടെ എണ്ണം കുറഞ്ഞതോടെ നായ്ക്കളെ കൊണ്ടുവരുന്നതും കുറഞ്ഞു. ഇപ്പോൾ മാസം 150 ഓളം ശസ്ത്രക്രിയകളാണ് നടക്കുന്നത്.

6 നായപിടിത്തക്കാരുണ്ടായിരുന്നപ്പോൾ 10 നായ്ക്കളെ വരെ ദിവസവും പിടികൂടിയിരുന്നു. ഇപ്പോൾ 5 നായ്ക്കളെ മാത്രമാണ് പിടികൂടുന്നത്. പിടികൂടുന്ന എല്ലാ നായകളെയും വന്ധ്യംകരണം നടത്താറില്ല. ആരോഗ്യ സ്ഥിതി നോക്കിയാണ് ശസ്ത്രക്രിയ നടത്തുന്നത്. രക്തക്കുറവുള്ള നായ്ക്കളെയും ഗർഭാവസ്ഥയിലുള്ള നായ്ക്കളെയും വന്ധ്യംകരണം നടത്താറില്ല. ശസ്ത്രക്രിയ കഴിഞ്ഞാൽ ആൺ നായ്ക്കളെ 3 ദിവസവും പെൺനായ്ക്കളെ 5 ദിവസവും കൂട്ടിൽ താമസിപ്പിച്ച ശേഷമാണ് പുറത്തു വിടുന്നത്. നായ്ക്കളെ പിടിച്ച പ്രദേശത്ത് തന്നെയാണ് തുറന്നു വിടുന്നത്.

തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ഫണ്ട്

തെരുവുനായ്ക്കളെ പിടികൂടാൻ എല്ലാ വർഷവും ബജറ്റിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രത്യേകം ഫണ്ട് നീക്കി വയ്ക്കുന്നുണ്ട്. കോർപറേഷൻ, നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ നീക്കിവയ്ക്കുന്ന തുക ജില്ലാ പഞ്ചായത്തിന് കൈമാറുകയാണ് ചെയ്യുന്നത്. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് ഓരോ തദ്ദേശ സ്ഥാപനവും പ്രതി വർഷം നീക്കി വയ്ക്കുന്നത്. പണം നീക്കിവയ്ക്കാത്ത തദ്ദേശ സ്ഥാപനങ്ങളുമുണ്ടെങ്കിലും ഗുരുതര സാഹചര്യം നോക്കി എല്ലാ തദ്ദേശ സ്ഥാപന പരിധിയിൽ നിന്നും നായ്ക്കളെ പിടികൂടാറുണ്ട്. 2022-23 സാമ്പത്തിക വർഷം 57 തദ്ദേശ സ്ഥാപനങ്ങളുടെ വകയായി 65 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്തിന് ലഭിച്ചത്. ഇതിനു പുറമെ ജില്ലാ പഞ്ചായത്ത് ഈ വർഷം 20 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

കൂടുകൾ സ്ഥാപിക്കുന്നതിന് 40 ലക്ഷം

50 കൂടുകൾ കൂടി സ്ഥാപിക്കുന്നതിനും ചുറ്റുമതിലിൽ ഫെൻസിങ്, മാലിന്യക്കുഴി, വാട്ടർ പ്യൂരിഫെയർ ഒരുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കുമായി ജില്ലാ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം അവസാനം 40 ലക്ഷം രൂ‌പ വകയിരുത്തിയിരുന്നെങ്കിലും തുടർ നടപടിയൊന്നുമുണ്ടായിട്ടില്ല.

ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഒരു ഡോക്ടറെ കൂടി നിയമിക്കണമെന്നും ശസ്ത്രക്രിയകളുടെ എണ്ണം വർധിപ്പിക്കണമെന്നും തുടക്കം മുതൽ ആവശ്യമുയർന്നിരുന്നെങ്കിലും അതിനും നടപടിയൊന്നുമുണ്ടായില്ല. മികച്ച രീതിയിൽ സെന്റർ പ്രവർത്തിക്കുന്നുണ്ടെങ്കിലും നായ പിടിത്തക്കാർ ഉൾപ്പെടെ ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും തടസ്സമാകുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha