കണ്ണൂരിൽ ഉല്ലാസ ബോട്ടുകളിൽ പൊലീസ് പരിശോധന; പലതിനും ലൈസൻസില്ലെന്ന് കണ്ടെത്തൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ‍ : പോർട്ട് ഓഫിസിന്റെ കണക്കുപ്രകാരം കണ്ണൂർ‍, കാസർ‍കോട് ജില്ലകളിലായി 79 ബോട്ടുകൾക്കാണ് നിലവിൽ ലൈസൻസ് ഉള്ളത്. എന്നാൽ, ഹൗസ്ബോട്ടുകളുൾ‍പ്പെടെ മുന്നൂറിലധികം ബോട്ടുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ജില്ലയിലെ മാത്രം കണക്കെടുത്താൽ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നത് ലൈസൻസ് നൽകിയിട്ടുള്ളതിനെക്കാൾ ആറിരട്ടിയിലധികം ബോട്ടുകളാണ്. പല ബോട്ടുകളിലും സുരക്ഷാ സംവിധാനങ്ങളുമില്ല. ലൈഫ് ജാക്കറ്റ് വേണം, സന്ധ്യ കഴിഞ്ഞാൽ കരയ്ക്കടുപ്പിക്കണം തുടങ്ങിയ നിർദേശങ്ങളും പാലിക്കപ്പെടുന്നില്ല.

സ്രാങ്ക്, ഡ്രൈവർ പരീക്ഷകളൾക്ക് പുറമേ, ലൈഫ് ടെക്നിക് സ്കിൽ സർട്ടിഫിക്കറ്റ് കൂടി ബോട്ടിലെ ജീവനക്കാർക്കുണ്ടാകണം. പക്ഷേ, നിലവിൽ ജില്ലയിൽ ഈ മൂന്ന് സർട്ടിഫിക്കറ്റുകളുമുള്ളത് വളരെക്കുറച്ച് പേർക്ക് മാത്രം. ഡി.ടി.പി.സി.യുടെ നിയന്ത്രണത്തിൽ പുതിയങ്ങാടി ചൂട്ടാട് ബീച്ചിലുള്ള പെഡൽ ബോട്ടുകളിലെ യാത്രികർ ലൈഫ് ജാക്കറ്റ് ധരിക്കാറില്ല. സുരക്ഷാസംവിധാനം കുറവാണെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. ഫൈബർ വള്ളത്തിൽ അഞ്ചരക്കണ്ടി പുഴയിലെ ഉല്ലാസയാത്രയുടെ ചുമതലയും ഡി.ടി.പി.സി.ക്കാണ്. ഇവിടെയും ലൈഫ് ജാക്കറ്റ് നൽകാറില്ല. സർവീസ് നടത്താൻ ലൈസൻസുണ്ടോ എന്ന കാര്യം പരിശോധിച്ചേ പറയാനാവൂ എന്നാണ് ഡി.ടി.പി.സി പറയുന്നത്.

എന്നാൽ, ചിലയിടത്ത് ബോട്ട് സർവീസുകൾ എല്ലാ മാനദണ്ഡങ്ങളുമനുസരിച്ച് നടത്തുന്നുണ്ട്. മാട്ടൂൽ–പറശ്ശിനിക്കടവ് ബോട്ട് സർവീസ്, മാട്ടൂൽ–അഴീക്കൽ ബോട്ട് സർവീസ്, പാനൂർ നഗരസഭയിലെ ബോട്ട് സർവീസുകൾ തുടങ്ങിയവ നിർദേശങ്ങൾ പാലിച്ചുകൊണ്ടു മുന്നോട്ട് പോകുന്നവയാണ്.

താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാലത്തലത്തിൽ‌ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളിൽ പൊലീസ് പരിശോധന നടത്തി. വിവിധ എസ്.എച്ച്.ഒ.മാർ നേതൃത്വത്തിലായിരുന്നു പരിശോധന. പല ബോട്ടുകൾക്കും ലൈസൻസോ രേഖകളോ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി.

ലൈഫ് ജാക്കറ്റുണ്ട്, സീറ്റിനടിയിൽ

ഉച്ചയ്ക്ക് രണ്ടിനാണ് പറശിനിക്കടവിൽനിന്ന് വിനോദസഞ്ചാര വകുപ്പിന്റെ ബോട്ട് സർവീസ് ആരംഭിക്കുന്നത്. അരമണിക്കൂർ മുൻപ് തന്നെ ബോട്ടിൽ കയറി. ടിക്കറ്റ് കൗണ്ടറിൽ പോയി വാങ്ങണമെന്ന നിർദേശമോ യാത്രക്കാരന്റെ വിവരങ്ങൾ മുഴുവൻ ശേഖരിക്കണമെന്ന നിർദേശമോ ഉദ്യോഗസ്ഥർക്ക് അറിയില്ല. എത്രപേർക്ക് വേണമെങ്കിലും കയറുകയും ചെയ്യാം. താഴെ 45 പേർക്കും മുകളിൽ 20 പേർക്കുമാണ് സിറ്റിങ് കപ്പാസിറ്റി. പക്ഷേ, സീറ്റുകൾ നിറഞ്ഞതടെ 2ലധികം പേർ യാത്ര ചെയ്യുന്നുണ്ടായിരുന്നു.

വളപട്ടണത്തേക്കുള്ള മുക്കാൽ മണിക്കൂർ യാത്രയിൽ ഒരു യാത്രക്കാരൻ പോലും ലൈഫ് ജാക്കറ്റ് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടില്ല. ലൈഫ് ജാക്കറ്റ് ധരിക്കണ്ടേയെന്ന ചോദ്യത്തിന് ആരും അതൊന്നും പറഞ്ഞുതന്നിട്ടില്ലെന്നായിരുന്നു സഹയാത്രികന്റെ മറുപടി. ബോട്ടിൽ നാല് ജീവനക്കാരാണുണ്ടായിരുന്നത്. ലൈഫ് ജാക്കറ്റ് ധരിക്കണമെന്നടക്കമുള്ള മുന്നറിയിപ്പോ സുരക്ഷാ നിർദേശങ്ങളോ ഇവർ നൽകിയിട്ടില്ല. ലൈഫ് ജാക്കറ്റ് വേണ്ടേ എന്ന് അവരോടും ചോദിച്ചു.
സീറ്റിനടിയിലുണ്ട് എന്നായിരുന്നു വാദം. ധരിക്കണമെന്ന് അപ്പോഴും പറഞ്ഞില്ല. യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള ജാക്കറ്റുകൾ മുകളിലത്തെയും താഴത്തെയും നിലകളിലായി അടുക്കി വച്ചിട്ടുണ്ട്. പലതിന്റെയും കവറുകൾ പോലും പൊട്ടിച്ചിട്ടില്ല. പ്രായമായവരും കൈക്കുഞ്ഞുങ്ങളും സഞ്ചരിച്ച ബോട്ടിലെ അവസ്ഥയാണിത്. സ്വകാര്യ ബോട്ടുകളിലും സമാനസ്ഥിതി തന്നെ.

ബോട്ടിൽ വേണ്ടത് ലൈഫ് ജാക്കറ്റ് മുതൽ ലൈഫ് ബോയ വരെ

∙ എല്ലാ ബോട്ടുകളിലും എത്ര പേർക്കു കയറാമോ അത്രയും ലൈഫ് ജാക്കറ്റുകൾക്കൊപ്പം അതിന്റെ പത്ത് ശതമാനം കൂടുതൽ ജാക്കറ്റുകളും കുട്ടികൾക്ക് വേണ്ട ജാക്കറ്റുകളും കരുതണമെന്നാണ് നിയമം. ബോട്ടിൽ കയറുമ്പോൾ തന്നെ ജാക്കറ്റുകളും ധരിക്കണം. പക്ഷേ, ആവശ്യമായ ജാക്കറ്റുകളോ, ജാക്കറ്റ് ധരിച്ച വിനോദ സഞ്ചാരികളോ ഇപ്പോഴും വിരളം. സർക്കാർ‍ ബോട്ടുകളിലും സ്ഥിതി വ്യത്യസ്തമല്ല. പത്തു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളും നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം.
∙ ബോട്ടിന്റെ നീളമനുസരിച്ചാണ് ലൈഫ് ബോയ ബോട്ടുകളിൽ ഉൾപ്പെടുത്തേണ്ടത്. ചുരുങ്ങിയത് ഒന്നെങ്കിലും വേണം. വലിയ ബോട്ടുകളിൽ 8 എണ്ണം വരെ വേണം.
∙ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമേ സഞ്ചാരികളുമായി ബോട്ട് സർവീസ് നടത്താ‍ൻ പാടുള്ളൂ. ആറരയ്ക്ക് ശേഷം ബോട്ടുകൾ കരയ്ക്കടുപ്പിക്കണം.
∙ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ആളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അത് ഓഫിസ് റജിസ്റ്ററിലും സൂക്ഷിക്കണം. പേരും മേൽവിലാസവും നിർബന്ധമായി എഴുതിയിരിക്കണം.‌
∙ ജലപാത കൃത്യമായി പാലിക്കണം.
∙ കരയിൽ നിന്ന് എത്ര ദൂരം വരെ മാറി ബോട്ടിന് സർവീസ് നടത്താമെന്നുള്ള പരിശോധനകളും വേണം.
∙ എല്ലാ ബോട്ടുകളുടെയും സിറ്റിങ് കപ്പാസിറ്റി വിലയിരുത്തി, 25 പേർക്ക് ഒരു ലൈഫ് ഗാർഡ് വേണമെന്നു തേക്കടി, പെരിയാർ ടൈഗർ റിസർവിലെ ജലാശയത്തിൽ 2009ൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ നിർദേശമുയർന്നിരുന്നു. എല്ലാ പ്രധാന ജലാശയങ്ങളിലും ഒരു റെസ്ക്യൂ ബോട്ട് വേണമെന്ന നിർദേശവുമുണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha