ദിശാബോർഡില്ല: വാഹനങ്ങൾക്ക് അപകടക്കെണിയായി കണ്ണവം ടൗൺ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചിറ്റാരിപ്പറമ്പ് : കണ്ണവം പോലീസ് സ്റ്റേഷന് സമീപത്തുനിന്ന് കണ്ണവം പുതിയ പാലത്തിലേക്കും പഴയ പാലത്തിലേക്കും പോകുന്ന റോഡ് കവലയിൽ രാത്രി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി. കൂത്തുപറമ്പ്-കണ്ണവം റോഡിൽ കണ്ണവം വില്ലേജ് ഓഫീസിന് മുന്നിലെ ഇറക്കത്തിൽ വേഗതയിൽ വരുന്ന വാഹനങ്ങൾ ഏത് ദിശയിലേക്ക് പോകണമെന്ന ദിശാബോർഡോ റിഫ്ലക്ടറുകളോ ഇല്ലാത്തതാണ് വാഹനങ്ങൾ അപകടത്തിൽപെടാൻ കാരണം. കഴിഞ്ഞ ദിവസം കവലയിലുള്ള വൈദ്യുതത്തൂണിൽ ബൈക്ക് ഇടിച്ച് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

രാത്രി റോഡരികിൽ രക്തംവാർന്ന് കിടന്ന യുവാക്കളെ കണ്ണവം പോലീസ് കണ്ടതിനാലാണ് ജീവൻ രക്ഷിക്കാനായത്. രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്ത് കാർ ഇടിച്ച് വൈദ്യുതത്തൂൺ തകർന്നിരുന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

12 വർഷം വർഷം മുൻപ് മെക്കാഡം ടാറിങ് നടത്തിയ റോഡിലെ വെള്ളവരകൾ മാഞ്ഞ നിലയിലും റോഡിൽ സ്ഥാപിച്ച റിഫ്ലക്ടറുകൾ തകർന്ന നിലയിലുമാണുള്ളത്. കവലയിൽ റോഡിൽനിന്ന് ഉയർന്ന നിലയിൽ ടാറിങ് ഉള്ളത് ചെറിയ വാഹനങ്ങൾക്ക് അപകടഭീഷണിയായി. അന്തർസംസ്ഥാന പാതയായ ഈ റോഡിൽ കൂടി സ്ഥലപരിചയം ഇല്ലാത്ത നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് രാത്രിയിലാണ് കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നത്.

കൊട്ടിയൂർ ഉത്സവം തുടങ്ങുന്നതോടെ വാഹനങ്ങളുടെ ഒഴുക്കാണ് ഇതുവഴി ഉണ്ടാകുക. കൂടുതൽ അപകടം സംഭവിക്കുന്നതിന് മുൻപ് റോഡിൽ സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha