കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്
കണ്ണൂരാൻ വാർത്ത
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിലാണ് 55 ലക്ഷം രൂപ ചെലവഴിച്ച് തീർഥാടകർക്ക് വേണ്ട ഹാളുകൾ, പ്രാർഥനാമുറി, വിശ്രമകേന്ദ്രം, ശൗചാലയങ്ങൾ എന്നിവ ഒരുക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഒരുക്കങ്ങൾ പൂർത്തിയാകും. കണ്ണൂർ ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം മൂന്നിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാലിന് പുലർച്ചെ 1.45നാണ് കണ്ണൂരിൽനിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുന്നത്. കേരളത്തിൽനിന്ന് തന്നെയുള്ള ആദ്യ വിമാനമാണിത്. മന്ത്രി വി.അബ്ദുറഹ്‍മാൻ ഫ്ളാഗ് ഓഫ് ചെയ്യും.

1907 തീർഥാടകരാണ് കണ്ണൂരിൽനിന്ന് പുറപ്പെടുക. ജൂൺ 22 വരെ 13 എയർഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് പുറപ്പെടുന്നത്. ഒരു വിമാനത്തിൽ 145 പേരാണ് ഉണ്ടാകുക. കാർഗോ കോംപ്ലക്സിന്റെ മുൻവശത്ത് 1500 പേർക്ക് ഇരിക്കാവുന്ന പന്തൽ ഒരുക്കും.

കെ.കെ.ശൈലജ എം.എൽ.എ. ക്യാമ്പിലെത്തി നിർമാണ പ്രവൃത്തികൾ വിലയിരുത്തി. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, കിയാൽ ഡെപ്യൂട്ടി മാനേജർ രജീഷ്, ഹജ്ജ് സംഘാടകസമിതി അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ, കിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത