യാത്രക്കാരൻ ടിക്കറ്റെടുത്തില്ലെങ്കിൽ കണ്ടക്ടർക്ക് പിഴ; ഉത്തരവുമായി കെ.എസ്.ആർ.ടി.സി
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ്സൽ യാത്രക്കാർ ടിക്കറ്റെടുക്കാതെ യാത്രചെയ്താൽ കണ്ടക്ടർക്ക് പിഴ. 5000 രൂപ വരെയാണ് കണ്ടക്ടറിൽ നിന്ന് ഈടാക്കുക. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി. കൂടാതെ സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതിരിക്കുക, സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതി തെളിഞ്ഞാലും പിഴയൊടുക്കേണ്ടതായി വരും. 

മുപ്പത്‌ യാത്രക്കാർവരെ സഞ്ചരിക്കുന്ന ബസ്സിൽ ഒരാൾ ടിക്കറ്റെടുക്കാതിരുന്നാൽ 5000 രൂപയാണ്‌ പിഴ. 31 മുതൽ 47 വരെ യാത്രക്കാരുണ്ടെങ്കിൽ 3000 രൂപയും 48-ന് മുകളിൽ യാത്രക്കാരുണ്ടെങ്കിൽ 2000 രൂപയും. യാത്രക്കാരൻ ടിക്കറ്റെടുക്കാതിരുന്നാൽ നേരത്തെ കണ്ടക്ടർക്ക് സസ്പെൻഷനായിരുന്നു ശിക്ഷ. ആദ്യ ഘട്ടത്തിലാണ് പിഴ ചുമത്തുന്നത്. കുറ്റം ആവർത്തിച്ചാൽ പിഴയും നിയമനടപടിയും നേരിടണം. 

സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതിരിക്കുക, സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികൾ തെളിഞ്ഞാൽ ജീവനക്കാർ പിഴയായി 500 രൂപ നൽകണം. കൂടാതെ വിജിലൻസ് ഓഫീസറുടെ മുന്നിൽ ഹാജരാകുകയും വേണം. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ബസ്സുകളുടെ അപകടത്തെ തുടർന്നുണ്ടാകുന്ന നഷ്ടയിനത്തിൽ 25,000 രൂപവരെ ബന്ധപ്പെട്ട ജീവനക്കാരിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്. 

കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനും ജില്ലാ അധികാരികളുടെ ചുമതലകൾ വിശദീകരിക്കുന്നതിനുമായി മാനേജിങ്‌ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. കൃത്യവിലോപങ്ങളിൽ ജീവനക്കാർക്കെതിരെ നിയമപരമായ നടപടികൾ നിലവിലുണ്ടെങ്കിലും വൻതുക പിഴ ചുമത്തുന്നതിനുള്ള 
നിർദ്ദേശം ആദ്യമായാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത