പ്രവാസികള്‍ ശ്രദ്ധിക്കുക! നാട്ടിലേക്ക് സ്വര്‍ണവുമായി യാത്ര ചെയ്യുന്നവര്‍ക്കുള്ള പുതിയ നിബന്ധനകള്‍ ഇങ്ങനെ
കണ്ണൂരാൻ വാർത്ത
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് സ്വര്‍ണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളുമായി രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ അവയുടെ രേഖകള്‍ ശരിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വര്‍ണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളും കൊണ്ടുപോകുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്നവര്‍ ഒരു ദിവസം മുമ്പ് കൊണ്ടുപോകുന്ന സാധനങ്ങളുമായി ബന്ധപ്പെട്ട രസീതുകള്‍ ഉള്‍പ്പെടെ എല്ലാ രേഖകളും കസ്റ്റംസിന് മുന്നില്‍ സമര്‍പ്പിക്കണം. ഉദ്യോഗസ്ഥര്‍‍ ഇവ പരിശോധിച്ച് അനുമതിപത്രം നല്‍കും. ഇത് യാത്ര ചെയ്യുമ്പോള്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്‍പെക്ടറെ കാണിക്കണമെന്നും പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

കുവൈത്തില്‍ നിന്ന് വലിയ അളവില്‍ സ്വര്‍ണം വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നിബന്ധനകള്‍ കര്‍ശനമാക്കുന്നത്. എന്നാല്‍ സ്‍ത്രീകള്‍ അവരുടെ വ്യക്തിഗത ഉപയോഗത്തിനായി ധരിക്കുന്ന ആഭരണങ്ങള്‍ക്ക് ഇവ ബാധകമല്ല. ഇതിനു പുറമെ നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം വിദേശത്തേക്ക് കൊണ്ടുപോകുന്നതിനാണ് രേഖകള്‍ ആവശ്യമുള്ളത്. കൊണ്ടുപോകുന്ന സ്വര്‍ണത്തിന്റെ ഔദ്യോഗിക രേഖകള്‍ തന്നെ ഹാജരാക്കിയാല്‍ യാത്രാ നടപടികള്‍ കൂടുതല്‍ എളുപ്പമാവും. സ്വര്‍ണം നിയമപരമായി വാങ്ങിയതാണെന്ന് ഇതിലൂടെ അധികൃതരെ ബോധ്യപ്പെടുത്താനാണ് ഔദ്യോഗിക രേഖകള്‍ കൈവശം വെയ്ക്കേണ്ടതെന്നും അറിയിപ്പില്‍ പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത