മാങ്ങാക്കൊതി പണിപറ്റിച്ചു; സീതപ്പശുവിന്‌ ശസ്‌ത്രക്രിയ
കണ്ണൂരാൻ വാർത്ത
കാഞ്ഞങ്ങാട് : മാവിൻചുവട്ടിലെ മാങ്ങയെല്ലാം തിന്നുകൂട്ടിയ ‘സീത’പ്പശുവിന്‌ ഒടുവിൽ പണികിട്ടി. മാങ്ങയിലൊന്ന്‌ അന്നനാളത്തിൽ കുടുങ്ങിയതോടെ അസ്വസ്ഥയായ പശുവിനെ വെറ്ററിനറി ഡോക്ടർമാരെത്തി ശസ്ത്രക്രിയ നടത്തി മാങ്ങ പുറത്തെടുത്ത്‌ രക്ഷിച്ചു. കല്ലൂരാവിയിലെ കലാവതിയുടെ പത്തുവയസുള്ള പശുവിനാണ്‌ ശസ്ത്രക്രിയ നടത്തിയത്‌. 

മാവിൻചുവട്ടിൽ കെട്ടിയ പശുവിന്റെ വായിൽനിന്ന്‌ നുരവരുന്നതും വയർ വീർത്ത് അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ഉച്ചയ്ക്ക് പാൽ കറക്കാൻ ചെന്നപ്പോഴാണ് കലാവതി കണ്ടത്. ഉടൻ വെറ്ററിനറി ഡോക്ടർ ജിഷ്ണുവിനെ വിവരം അറിയിച്ചു. പരിശോധിച്ചപ്പോഴാണ് അന്നനാളത്തിൽ എന്തോ വസ്തു കുടുങ്ങിയെന്ന്‌ മനസിലായത്‌. മാങ്ങ കുടുങ്ങിയതാണെന്ന്‌ ഉറപ്പുവരുത്തി ഇദ്ദേഹം സർജൻ ഡോ. ജി. നിതീഷിനെ വിളിച്ചുവരുത്തി. തുടർന്ന്‌ വായയിൽക്കൂടി ട്യൂബിട്ട് മാങ്ങ പുറത്തെടുക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. പിന്നീട്‌ അനസ്തേഷ്യ നൽകി കഴുത്തിനോട് ചേർന്ന് ശസ്ത്രക്രിയ ചെയ്ത് മാങ്ങ പുറത്തെടുത്തു. ശനി പകൽ 2.15ന് തുടങ്ങിയ ശസ്ത്രക്രിയ വൈകിട്ട്‌ അഞ്ചരയോടെ പൂർത്തിയായി. നാലുതുന്നിക്കെട്ടുണ്ട്. പശു ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.  

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത