പ്രൗഢിയോടെയുള്ള തിരിച്ചുവരവ്‌; കാണാം, കാനാമ്പുഴയുടെ അഴക്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : വിളഞ്ഞുനിൽക്കുന്ന നെൽപ്പാടവും നോക്കി സായാഹ്നങ്ങളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനൊരിടം. മാലിന്യവും പ്ലാസ്‌റ്റിക്കുംപേറി അഴുക്കുചാലായി മാറിയ കാനാമ്പുഴയുടെ പ്രൗഢിയോടെയുള്ള തിരിച്ചുവരവ്‌. കിലോമീറ്ററുകളോളം കയർഭൂവസ്‌ത്രം വിരിച്ച പാതയിൽ കല്ല്‌ പാകി ഇരിപ്പിടങ്ങൾ ഒരുക്കും. സൗരോർജ വിളക്കുകൾകൂടി സ്ഥാപിച്ചാൽ രാത്രിയുൾപ്പെടെ വിനോസഞ്ചാരികൾക്ക്‌ പ്രിയ ഇടമാകും. 

മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽനിന്നാരംഭിച്ച്‌ കണ്ണൂർ നഗരത്തോട്‌ ചേർന്നൊഴുകി അറബിക്കടലിൽചേരുന്ന കാനാമ്പുഴയ്‌ക്ക്‌ പത്തുകിലോമീറ്ററാണ്‌ നീളം. മാലിന്യവും പ്ലാസ്‌റ്റിക്കും പേറി അഴുക്കുചാലായി മാറിയ പുഴയെ വീണ്ടെടുക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ചെയർമാനും എൻ. ചന്ദ്രൻ കൺവീനറുമായ പുഴസംരക്ഷണസമിതി പ്രവർത്തനം ആരംഭിച്ചത്‌. ജനങ്ങളൊന്നാകെ കൈകോർത്ത്‌ പുഴയിലെ മാലിന്യം നീക്കി. 73.75കോടിയുടെ മാസ്‌റ്റർ പ്ലാനും ജനകീയമായി തയ്യാറാക്കി.

പുനരുജ്ജീവനത്തിന്റെ ഭാഗമായി മൂന്ന്‌ പ്രൊജക്ടുകളിലായി 8.20 കോടി രൂപയുടെ പുഴസംരക്ഷണ പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. ഹരിതകേരളം മിഷനും നബാർഡും ജലവിഭവവകുപ്പും അമൃതും രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎഫണ്ടും ചേർന്നുള്ള പ്രവർത്തനമാണ്‌ നടക്കുന്നത്‌. 

കാനാമ്പുഴയുടെ ഇരുഭാഗങ്ങളും കയർഭൂവസ്‌ത്രം വിരിച്ചു ബലപ്പെടുത്തി. നടപ്പാതയിൽ ഇനി ചെങ്കല്ലുപാകും. 16മീറ്റർ ഇടവിട്ട്‌ സൗരോർജ വിളക്കുകൾ സ്ഥാപിക്കും. നടപ്പാതയുടെ തുടക്കത്തിൽ മിനി കഫറ്റേരിയകൾ സജ്ജമാക്കും. 2022–-23 സംസ്ഥാന ബജറ്റിൽ രണ്ടു കോടി രൂപ കാനാമ്പുഴ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക്‌ അനുവദിച്ചിട്ടുണ്ട്‌. പാതിരിപ്പറമ്പ്‌ റോഡു മുതൽ പുളുക്കോംപാലംവരെയുള്ള ഭാഗത്ത്‌ നടപ്പാത നിർമാണത്തിന്‌ ഈ തുക ഉപയോഗിക്കും. 

കാനാമ്പുഴ അതിജീവനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ മഴക്കാലത്ത്‌ വെള്ളം കയറുന്നതിന്‌ പരിഹാരമായി. ചെറുതടയണകളുടെ നിർമാണവും അരികുസംരക്ഷണവും ഭൂരിഭാഗവും പൂർത്തിയായി. പുഴയുടെ ഇരുകരകളിലുമായി കൃഷിയോഗ്യമായ 165 ഏക്കറിലധികം ഭൂമിയാണുള്ളത്‌. വർഷങ്ങളായി തരിശിട്ട ഭൂമിയിൽ കൃഷി ചെയ്‌തു പ്രദേശത്തിന്റെ മുഖച്ഛായ മാറ്റി. മുഴുവൻ വയലും കൃഷി ചെയ്യിക്കുക, മഴവെള്ളം റീചാർജ്‌ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളും നടപ്പാക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha