ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കേരളത്തിലും
കണ്ണൂരാൻ വാർത്ത
കോഴിക്കോട് : കോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 25 പേരുടെ സാംപിൾ ബെംഗളൂരുവിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് എക്സ്.ബി.ബി 1.16, എക്സ്.ബി.ബി 1.12 എന്നീ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. 

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഏപ്രിൽ 9 മുതൽ 18 വരെയാണ് 25 പേരിൽ പ്രത്യേക പരിശോധന നടത്തിയത്. ഇവർ എല്ലാവരും 2 ഡോസ് വാക്സീൻ സ്വീകരിച്ചവരാണ്. ആരും ന്യുമോണിയ ബാധിതരായില്ലെന്നതും മറ്റു ഗുരുതരാവസ്ഥയിലേക്കു കടന്നില്ലെന്നതും പുതിയ വകഭേദം അപകടകാരിയല്ല എന്ന സൂചന നൽകുന്നു. ക്രിട്ടിക്കൽ കെയർ വിദഗ്ധനായ ഡോ. എ.എസ്. അനൂപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.  

സാംപിൾ പരിശോധനയ്ക്ക് വിധേയരായ ഈ സംഘത്തിൽപെട്ട 30% പേർക്ക് രോഗത്തിനൊപ്പം കണ്ണിൽ ചുവപ്പും ബാധിച്ചിരുന്നു. 25% പേർക്ക് പനിക്കൊപ്പം ശരീരവിറയലും അനുഭവപ്പെട്ടു. തുടക്കത്തിൽത്തന്നെ വിറയലോടെയുള്ള പനി മുൻപൊന്നും കണ്ടിട്ടില്ലാത്ത രോഗലക്ഷണമായിരുന്നുവെന്നും ഡോ. അനൂപ് കുമാർ പറഞ്ഞു. ബെംഗളൂരു ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ വകഭേദങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2 ഡോസ് വാക്സീൻ സ്വീകരിച്ചതാകാം പുതിയ വകഭേദം കണ്ടെത്തിയിട്ടും രോഗികൾ ഗുരുതരാവസ്ഥയിലേക്ക് കടക്കാത്തതിന് കാരണമെന്ന് ഡോ. അനൂപ്കുമാർ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത