ഉയർന്ന പെൻഷൻ: കുടിശ്ശിക അടയ്‌ക്കാൻ വിശദമായ സർക്കുലർ
കണ്ണൂരാൻ വാർത്ത
കൊച്ചി : പി.എഫ് ഹയർ ഓപ്‌ഷനായി അപേക്ഷ സമർപ്പിച്ചവർ പെൻഷൻ ഫണ്ടിലേക്ക് അധികമായി അടയ്ക്കേണ്ട തുകസംബന്ധിച്ച സർക്കുലർ ഇ.പി.എഫ്.ഒ ഇറക്കി. 2014 സെപ്തംബർ ഒന്നുമുതൽ 15,000 രൂപയ്ക്കുമുകളിലുള്ള ശമ്പളത്തിന്റെ 1.16 ശതമാനം തുകകൂടി തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് പെൻഷൻ ഫണ്ടിലേക്ക് ഈടാക്കും. ഇതോടെ ഉയർന്ന പെൻഷന് അപേക്ഷിക്കുന്നവരുടെ ശമ്പളത്തിന്റെ 15,000 രൂപവരെയുള്ള തുകയുടെ 8.33 ശതമാനവും അതിനുമുകളിലുള്ള ശമ്പളത്തിന്റെ 9.49 ശതമാനവും തൊഴിലുടമയുടെ പി.എഫ് വിഹിതത്തിൽനിന്ന് പെൻഷൻ ഫണ്ടിലേക്ക്‌ മാറ്റും. 2014 സെപ്തംബറിനുമുമ്പുള്ള സേവനകാലത്തെ അധികശമ്പളത്തിന് 1.16 ശതമാനം ഈടാക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ മുഴുവൻ ശമ്പളത്തിനും 8.33 ശതമാനം വിഹിതം അടച്ചാൽ മതി.

തൊഴിലുടമകൾ സമർപ്പിക്കുന്ന ശമ്പളക്കണക്ക് പരിശോധിച്ചാകും കുടിശ്ശികതുകയിൽ ഇ.പി.എഫ്.ഒ അന്തിമതീരുമാനം എടുക്കുന്നത്‌. ഈ തുകയ്ക്ക് അതതു കാലത്ത് ഇ.പി.എഫ്.ഒ വരിക്കാരന്‌ നൽകിയിട്ടുള്ള പലിശകൂടി അതേനിരക്കിൽ തിരികെ നൽകണം. തിരിച്ചടയ്ക്കാനുള്ള തുകസംബന്ധിച്ച് ജീവനക്കാരെ അറിയിക്കുകയും ഇത് ഈടാക്കുന്നതിന് സമ്മതപത്രം വാങ്ങുകയും ചെയ്യും. തുക പ്രോവിഡന്റ് ഫണ്ടിൽ ബാക്കിയുണ്ടെങ്കിൽ അത് പെൻഷൻ ഫണ്ടിലേക്കു മാറ്റാനും ഓപ്‌ഷനുണ്ട്‌. തുക തികയില്ലെങ്കിൽ ബാക്കി അടയ്ക്കാൻ മൂന്നുമാസംവരെ സമയം അനുവദിക്കും. ഓൺലൈൻ വഴിയോ ചെക്ക് വഴിയോ ആയിരിക്കും തുക ഈടാക്കുക. ഈ നടപടി പൂർത്തിയാക്കുന്നതിന് പി.എഫ് ഓഫീസുകൾക്കുള്ള വിശദമായ നിർദേശങ്ങളും മൂന്ന്‌ പേജുള്ള സർക്കുലറിലുണ്ട്. പെൻഷൻ കണക്കാക്കുന്ന രീതി അടുത്ത സർക്കുലറിൽ വ്യക്തമാക്കുമെന്നും ഇ.പി.എഫ്.ഒ പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത