കന്റോൺമെന്റ്‌ ഇല്ലാതാകുന്നു: ജനങ്ങൾക്ക്‌ ആശ്വാസമാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : കണ്ണൂർ കന്റോൺമെന്റിലെ ജനങ്ങളെ തദ്ദേശസ്ഥാപനങ്ങളുടെ ഭാഗമാക്കുന്നതോടെ പരിഹാരമാകുന്നത്‌ പ്രദേശത്തെ വികസനമുരടിപ്പിന്‌. കന്റോൺമെന്റ്‌ പരിധിയിലായതുകൊണ്ടുമാത്രം സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ കഴിയാത്ത ജനങ്ങൾക്കാണ്‌ പുതിയ തീരുമാനം ആശ്വാസം പകരുന്നത്‌. 
 
രാജ്യത്തെ കന്റോൺമെന്റുകളെ സേനാതാവളങ്ങളാക്കാനും ഇവിടത്തെ ജനങ്ങളെ സമീപത്തെ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലാക്കാനുമാണ്‌ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്‌. സംസ്ഥാനത്തെ ഏക കന്റോൺമെന്റാണ്‌ കണ്ണൂരിലേത്‌. 1938ൽ ബ്രിട്ടീഷ്‌ ഭരണകാലത്താണ്‌ കണ്ണൂരിൽ കന്റോൺമെന്റ്‌ നിലവിൽ വന്നത്‌. അഞ്ഞൂറ്‌ ഏക്കറോളം സ്ഥലമാണ്‌ അധികാര പരിധിയിലുള്ളത്‌. നാനൂറേക്കറോളം സേനാവിഭാഗങ്ങളുടെ ഓഫീസുകളും ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളും മറ്റുമാണ്‌. നൂറേക്കറിലാണ്‌ സാധാരണക്കാർ താമസിക്കുന്നത്‌. രണ്ടായിരത്തോളം വോട്ടർമാരുണ്ട്‌. 
 
2015ലാണ്‌ അവസാനമായി തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഈ വർഷം തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും പിന്നീട്‌ റദ്ദാക്കുകയായിരുന്നു. ജനാധിപത്യ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടുകഴിയുന്ന ജനങ്ങൾക്ക്‌ കടുത്ത നിയന്ത്രണങ്ങളുമുണ്ടായിരുന്നു. കെട്ടിടനിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും പറ്റാത്ത സാഹചര്യവുമായിരുന്നു. നികുതിയും വൻതോതിൽ വർധിപ്പിച്ചതോടെ ജനജീവിതം ദുസ്സഹമാണ്‌.  

നഗരമധ്യത്തിലെ സൈനികത്താവളം

നഗരമധ്യത്തിലെ സൈനികകേന്ദ്രമാണ്‌ കന്റോൺമെന്റ്‌. ഡിഫൻസ്‌ സെക്യുരിറ്റി കോറിന്റെ ആസ്ഥാനമിവിടെയാണ്‌. ഇതുമായി ബന്ധപ്പെട്ടുതന്നെയാണ്‌ ഡി.എസ്‌.സി കാന്റീനും പ്രവർത്തിക്കുന്നത്‌. ഡി.എസ്‌.സി റിക്കോഡ്‌, പേ ഓഫീസ്‌, മിലിട്ടറി ഹോസ്‌പിറ്റൽ എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു. ഇവയെല്ലാം സേനാതാവളമാകുമ്പോഴും കണ്ണൂരിൽ നിലനിൽക്കും. നേരത്തെ കണ്ണൂരിലുണ്ടായിരുന്ന കണ്ണൂർ ടെറിട്ടോറിയൽ എന്ന ഇൻഫന്ററി ബറ്റാലിയൻ കോഴിക്കോടേക്ക്‌ മാറ്റിയിരുന്നു. 

വികസനം അകലെ 

നഗരകേന്ദ്രത്തിലായിട്ടും വികസനമെത്താത്ത പ്രദേശമായിരുന്നു കന്റോൺമെന്റ്‌. ജില്ലാ ആശുപത്രി, അഗ്നിരക്ഷാ കാര്യാലയം, ഫിഷറീസ്‌ വകുപ്പിന്റെ വിവിധ ഓഫീസുകൾ, ഗവ. ഗസ്‌റ്റ്‌ ഹൗസ്‌ തുടങ്ങി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളും കന്റോൺമെന്റ്‌ പരിധിയിലാണ്‌. ഇവിടേക്കുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന്‌ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഫണ്ട്‌ അനുവദിക്കാമെന്ന്‌ അറിയിച്ചിട്ടും കന്റോൺമെന്റ്‌ അനുമതി നൽകിയിരുന്നില്ല. നിർധനരായ ഒട്ടനവധി പേർ കന്റോൺമെന്റ് പരിധിയിലുണ്ടെങ്കിലും ഇവിടെ താമസിക്കുന്നതിനാൽ മാത്രം എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമകരമായ പല പദ്ധതികളുടെയും ഗുണഭോക്താക്കളാകാൻ സാധിക്കുന്നില്ല. ഭവനപദ്ധതികളടക്കമുള്ളവയ്‌ക്കും പരിഗണിക്കപ്പെടാറില്ല. കന്റോൺമെന്റ് ബോർഡിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഇല്ലാത്തതിനാൽ ഭരണവും നിലവിലില്ല. തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ മാറ്റുന്നതോടെ ജനങ്ങളുടെ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha