വില ഇടിയുന്നു; കർഷകർ പ്രതിസന്ധിയിൽ
കണ്ണൂരാൻ വാർത്ത
കണ്ണൂർ: മഴ തുടങ്ങുന്നതിനു മുമ്പുതന്നെ കശുഅണ്ടിയുടെ വില കുത്തനെ ഇടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാഴ്ത്തി. ഉത്പാദനം വർദ്ധിച്ച സമയത്തു തന്നെയുണ്ടായ വില ഇടിവ് കർഷകർക്ക് വലിയ തിരിച്ചടിയുമായി.

മഴപെയ്തു തുടങ്ങിയാലാണ് സാധാരണ നിലയിൽ കശുഅണ്ടിയുടെ വില ഇടിയാറുള്ളത്. എന്നാൽ നിലവിൽ മഴ കാര്യമായൊന്നും പെയ്യാത്ത സാഹചര്യത്തിൽ വില വലിയതോതിൽ ഇടിഞ്ഞത് ഇടനിലക്കാരുടെ ഒത്തുകളിയാണെന്ന് ക‌ർഷകർ ആരോപിക്കുന്നു.ഇത്തവണ തുടക്കത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം വലിയ തോതിൽ കുറഞ്ഞിരുന്നു. പിന്നീട് രണ്ടാം തവണ കശുമാവ് പൂത്തതോടെയാണ് ഉത്പാദനത്തിൽ വ‌ർദ്ധനവുണ്ടായത്. ഇതിൽ വലിയ പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന മലയോര കർഷകരുൾപ്പെടെയുള്ളവരെയാണ് വില ഇടിവ് പ്രതിസന്ധിയിലാക്കിയത്. നിലവിൽ ജില്ലയിൽ പലയിടങ്ങളിലും വിലയും പലതാണ്. സർക്കാർ കശുവണ്ടിക്ക് 114 രൂപ തറവില നിശ്ചയിക്കുകയും ഒപ്പം കശുവണ്ടി സംഭരണം നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഭരണം നടന്നില്ലെന്നു മാത്രമല്ല പ്രഖ്യാപിച്ച തറവിലയും കർഷകർക്ക് ലഭിച്ചില്ല. കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാൻ കഴിയില്ലെന്നതിനാൽ കിട്ടിയ വിലയ്ക്ക് കശുഅണ്ടി വിറ്റൊഴിക്കുകയാണ് കർഷകർ.

കഴിഞ്ഞ വർഷവും ഇതേ രീതിയലുള്ള തറവില പ്രഖ്യാപനമാണ് കർഷകരെ ദുരിതത്തിലാക്കിയതെന്നാണ് കർഷകരുടെ ആക്ഷേപം. കശുഅണ്ടിക്ക് തറവില നിശ്ചയിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ കർഷക പ്രതിനിധികൾ ഇല്ലെന്ന പരാതിയും ഉയരുന്നുണ്ട്. വിപണിയിൽ 120 രൂപ ഉള്ളപ്പോഴാണ് സർക്കാരിന്റെ വില നിർണ്ണയ കമ്മിറ്റി 114 രൂപ തറവില പ്രഖ്യാപിക്കുന്നത്.110 രൂപ 85 ആയിസീസണിന്റെ തുടക്കത്തിൽ ഒരു കിലോ കശുവണ്ടിക്ക് 110 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 85 രൂപ മാത്രമാണ് ലഭിക്കുന്നത്. നിലവിൽ ഒരു കിലോ കശുവണ്ടി വിൽക്കുമ്പോൾ 25 രൂപയുടെ നഷ്ടം കർഷകൻ സഹിക്കേണ്ടി വരുന്നു. 

കർഷകർ മറ്റ് കൃഷിയിലേക്ക് 

വർഷം തോറും കശുവണ്ടി വില കുത്തനെ കുറയുന്നതോടെ മലയോര മേഖലയിലെ കർഷകർ ഉൾപ്പെടെ മറ്റു കൃഷിയിലേക്ക് കടക്കുകയാണ്. വിപണിയിലെ കശുഅണ്ടി പരിപ്പിന്റെ വില കണക്കിലെടുത്ത് കിലോയ്ക്ക് 300 രൂപ നിശ്ചയിക്കണമെന്ന കർഷകരുടെ ആവശ്യത്തിനിടയിലാണ് 114 രൂപ തറവില പ്രഖ്യാപനമുണ്ടായത്.
ഉത്പാദന ചിലവിന് ആനുപാതികമായി വില ലഭിക്കാത്ത സ്ഥിതിയാണ്. റബറിന് ഉള്ളതു പോലെ വില സ്ഥിരത ഫണ്ട് ആനുകൂല്യം കശുഅണ്ടിക്കും വേണം:- (കർഷകർ)

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത