മികവിന്റെ പൊൻതിളക്കവുമായി കണ്ണൂർ ജില്ലാ ആശുപത്രി
കണ്ണൂരാൻ വാർത്ത
കണ്ണൂർ : കഴിഞ്ഞ ജൂൺ ആറിനായിരുന്നു സംഭവം. കണ്ണൂർ ജില്ലാ ആശുപത്രി ഗെെനക് ഒപിയിലേക്ക് കടുത്ത പ്രസവവേദനയുമായി അസം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയെത്തി. അടിയന്തര പ്രസവ ശസ്‌ത്രക്രിയ നടത്താനൊരുങ്ങുമ്പോഴാണ് യുവതിക്ക് ഹൃദയസ്തംഭനമുണ്ടായത്. കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമെന്നിരിക്കെ ഡോ. ഷോണി തോമസിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം പെരിമോട്ടം സിസേറിയൻ നടപടി തുടങ്ങി. മൂന്ന്‌ മിനിറ്റിനുള്ളിൽ ശസ്‌ത്രക്രിയ പൂർത്തിയാക്കി അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചു. ഓരോ ദിവസവും ജില്ലാ ആശുപത്രിയിലെത്തുന്ന അസാധാരണമായ അനേകം കേസുകളിൽ ഒന്നുമാത്രമാണിത്‌. പൊതുജനാരോഗ്യം സംരക്ഷിക്കാൻ 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഈ ആതുരാലയത്തിന് കഴിഞ്ഞ കുറച്ചു വർഷങ്ങളിലുണ്ടായ മാറ്റങ്ങൾ നേരിട്ടറിഞ്ഞറഞ്ഞവരാണ്‌ ജില്ലയിലുള്ളവർ. അടിസ്ഥാനസൗകര്യങ്ങളിലും രോഗീസൗഹൃദ അന്തരീക്ഷമൊരുക്കുന്നതിലും മുന്നേറിയ ആശുപത്രി എൽഡിഎഫ്‌ സർക്കാരിന്റെ കരുത്തിൽ വളർച്ചയുടെ പുതിയൊരുഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. 

പ്രതിദിനം മൂവായിരം രോഗികൾ

 കോവിഡ് പോലെ അതിരൂക്ഷമായ പ്രതിസന്ധികളെ അതിജീവിക്കുന്നതിൽ പോലും ജില്ലാ ആരോഗ്യ കേന്ദ്രത്തിന്റെ റോൾ ഭംഗിയായി നിർവഹിക്കാൻ ജില്ലാ ആശുപത്രിക്ക്‌ കഴിഞ്ഞു. പ്രതിദിനം ആയിരത്തിനും അഞ്ഞൂറിനുമിടയിൽ മാത്രം രോഗികൾ വന്നിരുന്ന ഒപിയിൽ ഇപ്പോൾ മൂവായിരത്തിലേറെ പേർ എത്തുന്നുണ്ട്‌. മെഡിസിൻ, ജനറൽ, ഓർത്തോ, ഗൈനക്‌, ഡെന്റൽ, സൈക്യാട്രി, നെഫ്രോളജി, കാർഡിയോളജി, ചെസ്‌റ്റ്‌, ഇഎൻടി, സ്‌കിൻ, പീഡിയാട്രിക്‌, സർജറി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ തുടങ്ങിയ ഒപികൾക്ക് പുറമേ കൗമാര ക്ലിനിക്, ജീവിതശെെലീ രോഗക്ലിനിക്, ട്രോമാകെയർ, ബ്ലഡ്‌ ബാങ്ക്‌ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.

അത്യാധുനികം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

ജില്ലാ പഞ്ചായത്ത്‌ തയ്യാറാക്കിയ മാസ്‌റ്റർപ്ലാനിൽ അഞ്ച് നിലകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം പൂർത്തിയാവുകയാണ്. 61.72 കോടി രൂപ കിഫ്‌ബി വഴി അനുവദിച്ച പദ്ധതി പ്രവൃത്തി ബി.എസ്‌.എൻ.എല്ലിന്റെ മേൽനോട്ടത്തിൽ പി ആൻഡ്‌ സി പ്രൊജക്ട്‌സാണ്‌ നടത്തുന്നത്‌. ഒന്നാംനിലയിൽ കാത്ത്‌ ലാബ്‌, ക്രിട്ടിക്കൽ കെയർ യൂണിറ്റ്‌, ഫാർമസി, കൺസൾട്ടേഷൻ മുറി, രണ്ടാം നിലയിൽ മൂന്ന്‌ ഓപ്പറേഷൻ തിയറ്റർ, പോസ്‌റ്റ്‌ ഓപ്പറേറ്റീവ്‌ വാർഡ്‌, ന്യൂറോളജി, യൂറോളജി ഐ.സി.യു.കൾ, മൂന്നാം നിലയിൽ ഡയാലിസിസ്‌ യൂണിറ്റ്‌, ഏഴ്‌ സ്‌പെഷ്യാലിറ്റി വാർഡ്‌ , നാലാം നിലയിൽ 18 സ്‌പെഷ്യൽ വാർഡുകൾ എന്നിവയുണ്ടാകും.

ഹൃദയം കാത്ത്‌ വെച്ച്‌ 

അത്യാധുനിക സൗകര്യങ്ങളുമായി സജ്ജീകരിച്ച കാത്ത്‌ ലാബ്‌ ഹൃദയചികിത്സാ രംഗത്ത്‌ വൻമുന്നേറ്റമുണ്ടാക്കി. ലക്ഷങ്ങൾ ചെലവുവരുന്ന ഹൃദയ ശസ്‌ത്രക്രിയ അർഹർക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ മിതമായ നിരക്കിലും ലഭ്യമാക്കാൻ കഴിഞ്ഞുവെന്നതാണ്‌ നേട്ടം. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്‌റ്റി ശസ്‌ത്രക്രിയ ചെയ്‌തവരിൽ ഭൂരിഭാഗം പേർക്കും സൗജന്യസേവനം ലഭിച്ചു. എട്ടുകോടി ചെലവിട്ട പദ്ധതിയിൽ 10,64,032 രൂപ ജില്ലാ പഞ്ചായത്ത്‌ വിഹിതമാണ്‌. ആൻജിയോപ്ലാസ്റ്റി ആരോഗ്യ ഇൻഷുറൻസ്‌ കാർഡുള്ളവർക്ക്‌ സൗജന്യമായി ചെയ്യാം. 

കുട്ടികൾക്കായി ഓക്‌സിജൻ സപ്പോർട്ട്‌ വാർഡ്‌

കോവിഡ്‌ നൽകിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ സപ്പോർട്ട്‌ വാർഡ്‌ ഒരുങ്ങിയത്‌. ദേശീയ ആരോഗ്യ ദൗത്യം വഴി എമർജൻസി കോവിഡ്‌ റെസ്‌പോൺസ്‌ പാക്കേജിന്റെ ഭാഗമായി 51 ലക്ഷം രൂപ ചെലവിട്ടാണ് നിർമിച്ചത്‌. മുപ്പത്‌ ബെഡും എൻഐസിയുവിന്റെ താഴത്തെ നിലയിൽ 12 ബെഡുള്ള ഹൈ ഡിപ്പൻഡൻസി യൂണിറ്റ്‌ (എച്ച്‌ഡിയു), എംഎംടു അഞ്ച്‌ ബെഡുള്ള ഐസിയു എന്നിവയുമുണ്ട്‌. 1.90 കോടി രൂപ വിനിയോഗിച്ച്‌ ജില്ലാ പഞ്ചായത്താണ്‌ വാർഡിന്‌ ഭൗതികസാഹചര്യമൊരുക്കിയത്‌. 500 ലിറ്റർ പെർ മിനിറ്റ്‌ ഉൽപ്പാദനശേഷിയുള്ള ഓക്‌സിജൻ പ്ലാന്റ്‌ നിലവിൽവന്നതോടെ ഓക്സിജൻ വിതരണത്തിലും സ്വയംപര്യാപ്തത നേടി.

സേവനങ്ങളറിയാൻ മൊബൈൽ ആപ്‌

കൂടുതൽ രോഗീസൗഹൃദമാവാനുള്ള ചുവടുവയ്‌പുകളാണ്‌ ജില്ലാ ആശുപത്രി വികസനത്തിൽ ലക്ഷ്യമിടുന്നത്‌. മുഴുവൻ ആശുപത്രി സേവനങ്ങളെക്കുറിച്ചും ഒ.പി.കളെക്കുറിച്ചും ഡോക്ടർമാരുടെ സേവനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കുന്ന മൊബൈൽ ആപ്‌ പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ആശുപത്രിയിലെത്തുന്നവർക്ക്‌ വിവരങ്ങൾ നൽകാനും സഹായിക്കാനുമായി ജില്ലാ പഞ്ചായത്ത്‌ രണ്ട്‌ പി.ആർ.ഒ.മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്‌. 

പറഞ്ഞറിയിക്കാനാവാത്ത മാറ്റം 

ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായി കഴിഞ്ഞ കുറച്ച്‌ ദിവസംകൊണ്ട്‌ ജില്ലാ ആശുപത്രിയിലെ വലിയ മാറ്റമാണ്‌ നേരിട്ടറിഞ്ഞത്‌. മുമ്പ്‌ കൂട്ടിരിപ്പുകാരനായി നിന്നപ്പോഴും ഇപ്പോഴുമുള്ള മാറ്റം പറയാൻ വാക്കുകളില്ല. പോസ്‌റ്റ്‌ ഓപ്പറേറ്റീവ്‌ വാർഡിലെ സൗകര്യങ്ങളെല്ലാം ഒരു സ്വകാര്യ ആശുപത്രിയോട്‌ കിടപിടിക്കുന്നതായിരുന്നു.  


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത