കണ്ണൂരിൽ മികവിന്റെ കളിമുറ്റങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : കായികവികസനത്തിന്‌ അത്യാവശ്യം വേണ്ടത്‌ പശ്ചാത്തല സൗകര്യങ്ങളാണ്‌. കളിയിടങ്ങളില്ലെങ്കിൽ പ്രതിഭകളുണ്ടായാലും മുന്നേറാനാകില്ല. അവർക്ക്‌ മികച്ച പരിശീലനം നൽകാൻ ആധുനിക സംവിധാനമുള്ള സ്‌റ്റേഡിയങ്ങൾ കൂടിയേ തീരൂ. സ്‌റ്റേഡിയങ്ങൾക്കായി വർഷങ്ങളായി മുറവിളി ഉയരാറുണ്ടെങ്കിലും അതൊന്നും യാഥാർഥ്യമാകാറില്ലെന്ന ധാരണയാണ്‌ ഒന്നും രണ്ടും പിണറായി സർക്കാരുകൾ തിരുത്തിയത്‌. പുതിയ സ്‌റ്റേഡിയങ്ങൾ നിർമിക്കുന്നതിനും നിലവിലുള്ളവ പുതുക്കി പണിയുന്നതിനും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുന്നതിനും വലിയ യത്നമാണ്‌ നടത്തിയത്‌. തലശേരി, കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയങ്ങൾ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സിന്തറ്റിക്‌ സ്റ്റേഡിയം, മട്ടന്നൂർ കൊളപ്പ സ്‌റ്റേഡിയം, പിണറായി അബു –ചാത്തുക്കുട്ടി സ്റ്റേഡിയം, ചേലോറ സ്കൂൾ ഗ്രൗണ്ട്, അഴീക്കോട് - മീൻകുന്ന്, കല്യാശേരി ഫുട്ബോൾ ഗ്രൗണ്ടുകൾ എന്നിവ ഇന്ന്‌ മികവിന്റെ കേന്ദ്രങ്ങളാണ്‌.

കളിമൺ മൈതാനങ്ങൾ പുൽത്തകിടികൾക്കും ടർഫുകൾക്കും വഴിമാറി. തലശേരി മുനിസിപ്പൽ സ്‌റ്റേഡിയത്തിലും ബ്രണ്ണൻ കോളേജിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും സിന്തറ്റിക്‌ ട്രാക്ക്‌ അടക്കമുള്ള സ്‌റ്റേഡിയങ്ങളുമായി. പഞ്ചായത്തിൽ ഒരു സ്‌റ്റേഡിയമെന്ന നിലയിലേക്ക്‌ കായികരംഗം വളർച്ചയുടെ പുതിയ ചുവടുവയ്‌ക്കുകയാണ്‌.

കുതിപ്പിനായി കണ്ണൂർ സ്‌പോർട്‌സ്‌ സ്‌കൂൾ

കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷൻ സ്‌കൂളായി മാറിയതോടെ വൻ കുതിപ്പിനൊരുങ്ങുകയാണ്‌. അത്യന്താധുനിക പരിശീലനകേന്ദ്രവും സജ്ജീകരണങ്ങളും തയ്യാറാകുന്നു. രാജ്യാന്തര നിലവാരമുള്ള ബോക്‌സിങ്‌ റിങ്‌ നിർമാണം പൂർത്തിയായി. സ്‌പീഡ്‌ ബാർ, സ്ലം ബോൾ, ബാറ്റിൽ റോപ്‌, വിവിധ ഭാരത്തിലുള്ള 50 മെഡിസിൻ ബോൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്‌. ഗുസ്‌തി താരങ്ങൾക്കുള്ള യെലോ സർക്കിൾ മാറ്റ്‌ സ്വന്തമായുള്ള കായികസ്ഥാപനമാണ്‌ കണ്ണൂർ സ്‌പോർട്‌സ്‌ സ്‌കൂൾ. പുതിയ നിയമ പ്രകാരം ഇത്തരം മാറ്റിലാണ്‌ മത്സരങ്ങൾ നടത്തേണ്ടത്‌. താരങ്ങൾക്ക്‌ പരിശീലനം നൽകുന്നതിന്‌ വിവിധ ഭാരത്തിലും വലിപ്പത്തിലുമുള്ള ഡമ്മികളും എത്തിയിട്ടുണ്ട്‌. ഉന്നത നിലവാരത്തിലുള്ള പുതിയ തയ്‌ക്വാൻഡോ മാറ്റും വാങ്ങിയിട്ടുണ്ട്‌. 21 പേർ ഗുസ്‌തിയും 18 പേർ തയ്‌ക്വാൻഡോയും പരിശീലിക്കുന്നു. ഫ്‌ളഡ്‌ലിറ്റുള്ള രണ്ട്‌ ബാസ്‌ക്കറ്റ്‌ ബോൾ സിന്തറ്റിക്‌ ഇൻഡോർ കോർട്ടും ഉദ്‌ഘാടനത്തിന്‌ തയ്യാറായിട്ടുണ്ട്‌. സ്‌പോർട്‌സ്‌ സ്‌കൂളിലെ ഹോസ്‌റ്റലുകളിൽ മികച്ച ഭക്ഷണമാണ്‌ നൽകുന്നത്‌. കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപയാണ്‌ സ്‌കൂളിന്‌ അനുവദിച്ചത്‌.

ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലിന്‌ കീഴിൽ കണ്ണൂർ വനിതാ കോളേജിൽ ബാസ്‌കറ്റ്‌ബോൾ ഹോസ്‌റ്റലും വയക്കരയിൽ ഹാൻഡ്‌ബോൾ ഹോസ്‌റ്റലും തുടങ്ങി. സംസ്ഥാനത്തെ ആദ്യ ഹാൻഡ്‌ബോൾ ഇൻഡോർ സ്‌റ്റേഡിയവും വയക്കരയിൽ സജ്ജമാകുന്നു. നിർമാണം പൂർത്തിയാക്കാൻ മൂന്ന്‌ കോടി രൂപയാണ്‌ ഇത്തവണ ബജറ്റിൽ അനുവദിച്ചത്‌. മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അഞ്ച്‌ കോടി രൂപ ചെലവിൽ ഫുട്‌ബോൾ സ്‌റ്റേഡിയവും ബാസ്‌ക്കറ്റ്‌ബോൾ ഇൻഡോർ സ്‌റ്റേഡിയവും നിർമിക്കും. സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലും പയ്യന്നൂർ കോളേജ്‌ (വോളിബോൾ, ഫുട്‌ബോൾ), കണ്ണൂർ എസ്‌എൻ കോളേജ് (ഫുട്‌ബോൾ), മട്ടന്നൂർ കോളേജ്‌ ( വോളിബോൾ), കൃഷ്‌ണമേനോൻ വനിതാ കോളേജ്‌ (വോളിബോൾ, ബാസ്‌കറ്റ്‌ബോൾ) തുടങ്ങിയ കോളേജുകളിലും മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിലും കായിക പരിശീലനത്തിന്‌ സൗകര്യമൊരുക്കുന്നു.

മുണ്ടയാട് നീന്തൽ സമുച്ചയം

മുണ്ടയാട്‌ നീന്തൽ സമുച്ചയത്തിനും റൈഫിൾ റേഞ്ചിനും ഹോസ്‌റ്റലിനുമായി 42 കോടി രൂപയുടെ പദ്ധതിയാണ്‌ തയാറാക്കിയത്‌. കൃഷ്‌ണമേനോൻ വനിതാ കോളേജിൽ സിന്തറ്റിക്‌ ട്രാക്കും ഫുട്‌ബോൾ ടർഫും ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കാൻ അഞ്ച്‌ കോടി രൂപയുടെ പദ്ധതിക്കും അനുമതിയായി. തലശേരി ഗുണ്ടർട്ട് റോഡിൽ എട്ട് ലൈനോടുകൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്കോടെയുള്ള സ്‌റ്റേഡിയം കായികരംഗത്തെ മികച്ച നേട്ടമാണ്‌.

കിഫ്‌ബിയിൽ 5.34 കോടി രൂപ വിനിയോഗിച്ചാണ്‌ കൂത്തുപറമ്പ്‌ ഫ്‌ളഡ്‌ലിറ്റ്‌ സ്‌റ്റേഡിയം നവീകരിച്ചത്‌. 4.38 കോടി രൂപ വിനിയോഗിച്ച്‌ നിർമിച്ച പട്ടാന്നൂരിലെ ഫുട്‌ബോൾ ടർഫും അഭിമാനനേട്ടമാണ്‌. ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ സിന്തറ്റിക് സ്‌റ്റേഡിയം പ്രവൃത്തി അവസാനഘട്ടത്തിലെത്തി. സംസ്ഥാനത്തെ ഗവ. കോളേജുകളിൽ സായിയുടെ സാമ്പത്തിക പിന്തുണയോടെയുള്ള ആദ്യ മൈതാനമാണിത്. 9.75 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനത്തിൽ കോളേജിന്റെ അധീനതയിലുള്ള 7.54 ഏക്കർ സ്ഥലത്താണ് എട്ട് ലൈൻ സിന്തറ്റിക് ട്രാക്കും ഫുട്ബോൾ ഗ്രൗണ്ടും നിർമിച്ചത്‌.

ധർമടം ചിറക്കുനിയിലെ അബു–ചാത്തുക്കുട്ടി സ്മാരക മിനി സ്റ്റേഡിയം കിഫ്ബിയിൽനിന്നും അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്‌. വേങ്ങാട് അന്താരാഷ്ട്ര ഹോക്കി ഗ്രൗണ്ടിന് സ്ഥലമെടുക്കാൻ 20 കോടിയും ബ്രണ്ണൻ കോളേജിലെ ഗ്രൗണ്ട് നവീകരിക്കാൻ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, ചെമ്പിലോട്, പെരളശ്ശേരി പഞ്ചായത്തുകളിൽ കളിസ്ഥലം നിർമിക്കാൻ അഞ്ച്‌ കോടി രൂപയും പ്രഖ്യാപിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha