തോക്കേന്തിയ സംഘം 2 മണിക്കൂർ വീട്ടിൽ; ചോറും ചക്കപ്പുഴുക്കും കഴിച്ചു, അരിയും മുളകുപൊടിയും വാങ്ങി
കണ്ണൂരാൻ വാർത്ത

ഇരിട്ടി∙ അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ കളിതട്ടുംപാറയിൽ മാവോയിസ്റ്റുകൾ എത്തി. പ്രദേശത്തെ മണ്ണൂരാംപറമ്പിൽ ബിജുവിന്റെ വീട്ടിലാണ് സ്ത്രീ ഉൾപ്പെടെ 5 അംഗ സംഘം വെള്ളിയാഴ്ച രാത്രി എത്തിയത്. സംഘത്തിന്റെ കൈവശം യന്ത്രത്തോക്കുകളം റൈഫിളുകളും ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. 7.15ന് എത്തിയ സംഘം 9.15നാണ് മടങ്ങിയത്. 3 മൊബൈൽ ഫോണുകളും പവർ ബാങ്കും ചാർജ് ചെയ്ത സംഘം വീട്ടിൽ നിന്ന് ചോറും ചക്കപ്പുഴുക്കും കഴിച്ചു. അരി, മുളകുപൊടി, സവാള എന്നിവ ഉൾപ്പെടെ വീട്ടിൽനിന്നു വാങ്ങിയ ശേഷമാണു മടങ്ങിയത്. പ്രദേശത്ത് കൂടുതൽ സ്ഥലം വാങ്ങിയ ഒരു വ്യക്തിയെക്കുറിച്ചു സംഘം അന്വേഷിച്ചതായും സൂചനയുണ്ട്.

കരിക്കോട്ടക്കരി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തു മാവോയിസ്റ്റ് വിരുദ്ധ സേനയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേരള, കർണാടക വനമേഖലകൾ അതിരിടുന്ന പ്രദേശം ആണു കളിതട്ടുംപാറ. നേരത്തേ അയ്യൻകുന്ന് പഞ്ചായത്തിലെ തന്നെ ഉരുപ്പുംകുറ്റിയിലും ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിലും മാവോയിസ്റ്റുകൾ എത്തിയിരുന്നെങ്കിലും കളിതട്ടുംപാറയിൽ എത്തുന്നതായി വിവരം ലഭിക്കുന്നത് ആദ്യമാണ്. പശ്ചിമഘട്ട വനമേഖലകൾ അതിരിടുന്ന കരിക്കോട്ടക്കരി, ആറളം പൊലീസ് സ്റ്റേഷനുകൾ മാവോയിസ്റ്റ് ഭീഷണി മേഖലയായാണു കണക്കാക്കുന്നത്.

ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, കരിക്കോട്ടക്കരി സിഐ: പി.ബി.സജീവ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. ആദ്യം ഒരാളും പിറകെ 4 പേരും ആയി എത്തിയ സംഘം തങ്ങളെ ഭയക്കേണ്ടതില്ലെന്നു പറഞ്ഞാണു സംസാരിച്ചു തുടങ്ങിയതെന്നും ബിജു പൊലീസിനെ അറിയിച്ചു. സംഘം വീട്ടിൽ ഉള്ളപ്പോൾ കുടുംബാംഗങ്ങൾക്ക് വരുന്ന ഫോൺ എടുക്കരുതെന്നും നിർദേശിച്ചു. കുടുംബാംഗങ്ങളെ ഫോട്ടോ കാണിച്ചു മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായും സൂചന ഉണ്ട്. കഴിഞ്ഞ മാസം വിയറ്റ്നാമിലെ വീട്ടിൽ എത്തിയ സംഘം ബാരാപോൾ ജലവൈദ്യുതി പദ്ധതിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത