കണ്ണൂർ ജില്ലയിൽ 16 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളിലായി 16 ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം മെയ് 18ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളും ഘട്ടംഘട്ടമായി ജനകീയ ആരോഗ്യ കേന്ദ്രളായി മാറുകയാണ്. ഇത്തരത്തിൽ ജില്ലയിൽ 414 കുടുബക്ഷേമ ഉപകേന്ദ്രങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക. 

കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കുഞ്ഞുങ്ങൾക്ക് പ്രതിരോധകുത്തിവെപ്പുകൾ, കുടുംബാസൂത്രണ സേവനങ്ങൾ ലഭ്യമാക്കൽ, പരിസരശുചിത്വം, ശുദ്ധമായ കുടിവെള്ളം, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് ഇത്തരം കേന്ദങ്ങളുടെ പ്രധാന പ്രവർത്തന മേഖലകൾ. 

സംസ്ഥാനപദ്ധതികൾ, എംഎൽഎ മാരുടെ പ്രാദേശിക വികസന ഫണ്ടുകൾ, പഞ്ചായത്ത് പദ്ധതികൾ, ആരോഗ്യകേരളം ഫണ്ടുകൾ എന്നിവ ഏകോപിപ്പിച്ചുകൊണ്ടാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഒരുക്കുന്നത്. രോഗികൾക്കുളള കാത്തിരിപ്പ് കേന്ദ്രം, ക്ലിനിക്ക്, ഓഫീസ് റൂം, മുലയൂട്ടൽ കോർണർ, ഗർഭനിരോധന സേവനങ്ങൾ നൽകുന്നതിനുളള മുറി, ശൗചാലയം, സ്റ്റോർ, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ എന്നിവ ഇവിടെ ഉറപ്പുവരുത്തുന്നു.

ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ജനസൗഹൃദ സ്ഥാപനങ്ങളായി മാറുക, പ്രദേശത്തെ എല്ലാ ആളുകളുടേയും വാർഷിക ആരോഗ്യ പരിശോധന നടത്തുക, വാർഷിക ആരോഗ്യ പരിശോധനയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളിൽ ആരോഗ്യകരമായ ജീവിത ശൈലികൾ, പ്രോത്സാഹിപ്പിക്കുക, പൊതുജന പങ്കാളിത്തത്തോടെ രോഗികളെ മാനസികവും സാമൂഹികവുമായി പുനരധിവസിപ്പിക്കുക, കിടപ്പിലായവർക്കും, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും, വയോജനങ്ങൾക്കും വേണ്ട ആരോഗ്യ സേവനങ്ങൾ ഉപകേന്ദ്രങ്ങൾ വഴി ഏകോപിപ്പിക്കുക തുടങ്ങിയവയാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 

വ്യായാമ പരിശീലനത്തിനടക്കം സൗകര്യമുളള ജനകീയ ആരോഗ്യ ക്ലബുകളും ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒരുക്കും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവർ കൂടാതെ മിഡ് ലവൽ സർവ്വീസ് പ്രൊവൈഡർ തസ്തികയിൽ നഴ്സിംഗ് പരിശീലനം നേടിയവരേയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. 

ജില്ലയിൽ ഉദ്ഘാടനം ചെയ്യുന്ന ജനകീയോരോഗ്യ കേന്ദ്രങ്ങൾ

മമ്മാക്കുന്ന്, അണ്ടല്ലൂർ, പാളയം, വേങ്ങാട് (ധർമ്മടം), വെള്ളോറ(പയ്യന്നൂർ), തേറണ്ടി, പന്നിയൂർ (തളിപ്പറമ്പ്), കൊല്ലംചിറ, കടമ്പൂർ(കണ്ണൂർ), നീണ്ടുനോക്കി (പേരാവൂർ), തള്ളോട് (കൂത്തുപറമ്പ്), മുള്ളോൽ (കല്ല്യാശ്ശേരി), ചിറക്കൽ (അഴീക്കോട്), നെടുമ്പ്രം (തലശ്ശേരി), പെരുവളത്തുപറമ്പ (ഇരിക്കൂർ), നായാട്ടുപാറ(മട്ടന്നൂർ).


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha