വികസനനേട്ടമായി മൂന്നാംപാലവും മൂന്നുപെരിയയും; ഉദ്ഘാടനം 13ന്
കണ്ണൂരാൻ വാർത്ത
കണ്ണൂർ : പുനർ നിർമിച്ച മൂന്നാം പാലവും പൂർത്തിയായ മൂന്നുപെരിയ ടൗൺ സൗന്ദര്യവൽക്കരണവും 13ന് പകൽ 2.30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. ചൊവ്വ–കൂത്തുപറമ്പ് സംസ്ഥാന പാതയിൽ 2.30 കോടി രൂപ ചെലവിലാണ് പാലം പുനർ നിർമിച്ചത്. പാലത്തിന് 11.90 മീറ്റർ നീളവും ഇരു ഭാഗങ്ങളിലും 1.50 മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുമുണ്ട്. അടിത്തറക്ക് പൈൽ ഫൗണ്ടേഷനാണ് നൽകിയത്. കൂത്തുപറമ്പ് ഭാഗത്ത് 60 മീറ്റർ നീളത്തിലും കണ്ണൂർ ഭാഗത്ത് 40 മീറ്റർ നീളത്തിലും എ.കെ.ജി റോഡിൽ 48 മീറ്റർ നീളത്തിലും അനുബന്ധ റോഡുകളും പാർശ്വഭിത്തിയും ഡ്രൈനേജും നിർമിച്ചിട്ടുണ്ട്.
2021–22 ബജറ്റിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ ചെലവിലാണ് മൂന്നുപെരിയ ചെറുപട്ടണം സൗന്ദര്യവൽക്കരിച്ചത്. 350 മീറ്റർ നീളമുള്ള റോഡിന്റെ ഇരുവശത്തും ഓവുചാൽ, നടപ്പാതകൾ, കൈവരി, ഇരുവശത്തും അലങ്കാര വിളക്കുകൾ, വാഹനങ്ങൾക്ക് അടിയന്തിര ഘട്ടത്തിൽ നിർത്തിയിടാനുള്ള സൗകര്യം എന്നിവ ഒരുക്കി. 

കെ.എസ്.ഇ.ബി പോസ്റ്റുകൾ റോഡിന്റെ അതിർത്തിയിലേക്ക് മാറ്റാൻ 2.75 ലക്ഷം രൂപ ചെലവായപ്പോൾ ഒമ്പത് ലക്ഷം രൂപ മുടക്കിയാണ് അലങ്കാര വിളക്കുകൾ സജ്ജമാക്കിയത്. മൂന്നുപെരിയ ടൗൺ ജങ്‌ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രവും നിർമിച്ചു. ഷെൽട്ടറിന്റെ മതിലിന് ചരിത്ര പുരുഷന്മാരുടെ ചിത്രങ്ങളും പ്രദേശത്തെ പ്രമുഖരുടെ ഛായാചിത്രം ഉൾക്കൊള്ളിച്ചുള്ള ചിത്രപ്പണികളും സ്ഥലങ്ങളുടെ പ്രാധാന്യത്തെ ആസ്പദമാക്കി എൽ.ഇ.ഡി സൈനേജ് നെയിം ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പൊതു കിണർ മോടി പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത