താനൂർ ബോട്ടപകടം: 12 കുട്ടികൾ ഉൾപ്പെടെ 22 മരണം; പോസ്റ്റ്മോർട്ടം പൂർത്തിയായി
കണ്ണൂരാൻ വാർത്ത
മലപ്പുറം :  താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 10 മണിക്കുള്ളിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകി.

തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും പോസ്റ്റുമോർട്ടം നടത്തി.

അപകടത്തിൽ 12 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി. ഞായർ രാത്രി ഏഴരയോടെയാണ്‌ അപകടം. രക്ഷപ്പെട്ടവരിൽ എട്ടുപേർ കോട്ടക്കൽ മിംസ്‌ ആശുപത്രിയിലും ഏഴുവയസ്സുള്ള ഒരു കുട്ടി കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സയിലാണ്‌. മിംസിലുള്ള നാല് കുട്ടികളുടെ സ്ഥിതി ഗുരുതരമാണ്‌. ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണം വ്യക്തമല്ല.

തൂവൽതീരത്തുനിന്ന്‌ പുറപ്പെട്ട അറ്റ്‌ലാന്റിക്‌ എന്ന ബോട്ട്‌ 700 മീറ്റർ അകലെയാണ്‌ മറിഞ്ഞത്‌. താനൂർ സ്വദേശി നാസറാണ്‌ ഉടമ. അവധി ആഘോഷിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കുടുംബസമേതം എത്തിയവരാണ്‌ അപകടത്തിൽപ്പെട്ടത്‌. ബോട്ട്‌ ഒരുവശത്തേക്ക്‌ ചെരിഞ്ഞ്‌ തലകീഴായി മറിഞ്ഞു. യാത്രക്കാർ അടിയിൽപ്പെട്ടു. തൊട്ടുപിറകിൽ വന്ന മറ്റൊരു വിനോദസഞ്ചാര ബോട്ട്‌ അപകടം കണ്ട്‌ തിരിച്ചുപോയി യാത്രക്കാരെ ഇറക്കിവന്നാണ്‌ രക്ഷാപ്രവർത്തനം തുടങ്ങിയത്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത