പുതുതായി തുടങ്ങുന്ന വായനശാലകൾക്ക്‌ 100 പുസ്‌തകങ്ങൾ നൽകും
കണ്ണൂരാൻ വാർത്ത
കണ്ണൂർ : പുതുതായി ആരംഭിക്കുന്ന വായനശാലകൾക്ക്‌ നൂറ്‌ പുസ്‌തകങ്ങൾ പീപ്പിൾസ്‌ മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെന്റ്‌ നൽകുമെന്ന്‌ ചെയർമാൻ വി. ശിവദാസൻ എം.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 31നകം ജില്ലയിലെ മുഴുവൻ വാർഡുകളിലും വായനശാല ആരംഭിക്കും. 

നിലവിൽ 15 തദ്ദേശസ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളിലും വായനശാലകളായി. ആദിവാസമേഖലയിലെ വായനശാലകൾക്ക്‌ പുസ്‌തകം ശേഖരിക്കാൻ സാധിക്കാത്തവർക്ക്‌ രജിസ്‌ട്രേഷന്‌ ആവശ്യമായ പുസ്‌തകം ശേഖരിക്കാൻ മിഷൻ സഹായിക്കും. ഇതിനായി വ്യക്തികളും സ്ഥാപനങ്ങളും സഹായിക്കുന്നതിന്‌ പുറമേ കുടുംബശ്രീ, സമഗ്ര ശിക്ഷ കേരളം, എൻ.എസ്‌.എസ്‌ എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക പുസ്‌തക ശേഖരണ പരിപാടി സംഘടിപ്പിക്കും. കുടുംബശ്രീ നേതൃത്വത്തിൽ പിന്നാക്ക പ്രദേശങ്ങളിലെ ലൈബ്രറികളെ സഹായിക്കുന്നതിനുള്ള പുസ്തക ശേഖരണം നടത്തുന്നതിനൊപ്പം പിന്നാക്ക പ്രദേശങ്ങളിൽ ലൈബ്രറികളും ആരംഭിക്കും. ഒന്നാംഘട്ടത്തിൽ അമ്പത് ലൈബ്രറികളാണ് ലക്ഷ്യമിടുന്നത്. ‘കിത്താബ്‌’ വനിതാ കമ്യൂണിറ്റി ലൈബ്രറികൾ നൂറെണ്ണം ആരംഭിക്കും.

എസ്.എസ്.കെ.യുടെ പ്രതിഭാകേന്ദ്രങ്ങളെ പൊതുവായനശാലകളാക്കി ഉയർത്തുന്നതിന് ജില്ലയിൽ പ്രത്യേക പ്രവർത്തനം നടക്കുന്നുണ്ട്‌.  
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറികളെ വിനോദ വിജ്ഞാന വികസന കേന്ദ്രങ്ങളായി വികസിപ്പിക്കും. ആദ്യഘട്ടത്തിൽ പേരാവൂർ, ഇരിട്ടി, ശ്രീകണ്‌ഠപുരം, ആലക്കോട് മേഖലകളിലെ തെരഞ്ഞെടുത്ത ഓരോ വീതം ലൈബ്രറിക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകും. വാർത്താസമ്മേളനത്തിൽ കൺവീനർ ടി.കെ. ഗോവിന്ദൻ, സെക്രട്ടറി പി.കെ. വിജയൻ, ഡോ. എം. സുർജിത്ത്‌, മുകുന്ദൻ മഠത്തിൽ, ഇ.സി. വിനോദ്‌ എന്നിവരും പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത