ഊരിന്റെ സ്‌പന്ദനമായി മുളയുൽപ്പന്നങ്ങൾ
കണ്ണൂരാൻ വാർത്ത
കണ്ണൂർ : വീട്ടിലെയും ഓഫീസിലെയും ചുവർ മനോഹരമാക്കാനുള്ള അലങ്കാരവസ്‌തുക്കൾ... ബൾബുകളുടെ പ്രകാശം വിവിധ ഡിസൈനുകളിലായി പ്രതിഫലിപ്പിക്കുന്ന ലാംബ്‌ ഷെയ്‌ഡുകൾ, നല്ല അസ്സൽ ചായക്കപ്പ്‌. പെൻ ഹോൾഡർ ഇവയെല്ലാം മുളയിൽ തീർത്തതാണെങ്കിലോ...? എൽ.ഡി.എഫ്‌ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ പ്രദർശനത്തിൽ പട്ടികവർഗ വികസന വകുപ്പ്‌ ഒരുക്കിയ സ്‌റ്റാളിലാണ്‌ കണ്ണഞ്ചിപ്പിക്കുന്ന ഭംഗിയിൽ മുളയുൽപ്പന്നങ്ങൾ നിരന്നുനിൽക്കുന്നത്‌. 

ഊരു ജനതയുടെ സർഗാത്മകത ആവിഷ്‌കാരമായി മേളയിലെത്തിയ ഇവ വാങ്ങാനും കണ്ണൂർ പൊലീസ്‌ മൈതാനിയിൽ നടക്കുന്ന പ്രദർശനത്തിൽ വൻ ജനത്തിരക്കാണ്‌. 
പരമ്പരാഗതതൊഴിൽ നൈപുണ്യ വികസനപദ്ധതി സഹ്യകിരണിന്റെ ഭാഗമായി സെന്റർഫോർ മാനേജ്‌മെന്റ്‌ ഡവലപ്‌മെന്റ്‌ നൽകിയ പരിശീലനത്തിലൂടെയാണ്‌ മുളയുൽപ്പന്നങ്ങൾ നിർമിച്ചത്‌. പദ്ധതിയിൽ തുടങ്ങിയ കാഞ്ഞിരക്കൊല്ലി യൂണിറ്റിൽനിന്നുള്ള ഉൽപ്പന്നങ്ങളുമായാണ്‌ ടി.കെ. മധുവും മിനി സജിയും മേളയിലെത്തിയത്‌. 50 രൂപയുള്ള മുളക്കപ്പിന്‌ ആവശ്യക്കാരേറെയാണ്‌. 

‘ഗോത്രജീവിക’ പദ്ധതിയുടെ ഭാഗമായി ബാഗ്‌ നിർമാണത്തിൽ പരിശീലനം ലഭിച്ച വനിതകളുടെ ഉൽപ്പന്നങ്ങളും സ്‌റ്റാളിലുണ്ട്‌. ആറളം, ഉളിക്കൽ, പയ്യാവൂർ, പടിയൂർ പഞ്ചായത്തുകളിലെ ഊരുകളിൽനിന്നുള്ള വനിതകളാണ്‌ ഉൽപ്പന്നങ്ങളുമായെത്തിയത്‌.  26 വനിതകൾക്കായി അമ്പത്‌ ദിവസം നീളുന്ന പരിശീലനമാണ്‌ നൽകിയത്‌. ജൂട്ടിന്റെയും തുണിയുടെയും ബാഗുകളും മേളയിലുണ്ട്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത