വന്ദേഭാരത് ട്രെയിൻ വെള്ളമടിക്കും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനം കണ്ണൂരിൽ അതിവേഗം ഒരുങ്ങുന്നു. ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടുന്നതെങ്കിലും അവിടെ വെള്ളം നിറയ്ക്കാനുള്ള സൗകര്യമില്ല. ഈ സാഹചര്യത്തിലാണ് കണ്ണൂരിൽ നിന്ന് വെള്ളം നിറയ്ക്കാനുള്ള തീരുമാനം. കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേ ചീഫ് പ്രിൻസിപ്പൽ മെക്കാനിക്കൽ എൻജിനീയർ നേരിട്ട് കണ്ണൂരിൽ എത്തിയാണ് അതിവേഗം സൗകര്യമൊരുക്കാൻ നിർദേശം നൽകിയത്.
കണ്ണൂരിൽ നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിനുകളിൽ വെള്ളം നിറയ്ക്കേണ്ടതിനാൽ പൈപ്പ് ലൈനുകളും അനുബന്ധ സൗകര്യങ്ങളും സ്റ്റേഷനിൽ നേരത്തേ ഒരുക്കിയിട്ടുണ്ട്. എന്നാൽ വന്ദേഭാരതിൽ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് വെള്ളം നിറയ്ക്കേണ്ടത് എന്നതിനാൽ കൂടുതൽ സമയം ഇതിന് വേണ്ടി നിർത്തിയിടാൻ സാധിക്കില്ല.

1100 ലീറ്റർ വെള്ളമാണ് ഓരോ കോച്ചിലെയും ടാങ്കിന്റെ ശേഷി. 16 കോച്ചുകളിലായി 17,600 ലീറ്റർ വെള്ളം നിറയ്ക്കാം. ഇത്രയും വെള്ളം പരമാവധി വേഗം നിറയ്ക്കുന്നതിനു വേണ്ടി പ്രത്യേക ബൂസ്റ്റർ പമ്പ് സ്ഥാപിച്ചു. ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ‌നിർത്തുന്ന മൂന്നാം നമ്പർ പ്ലാറ്റ്ഫോമി‌നോടു ചേർന്നുള്ള പൈപ്പ് ലൈൻ വഴിയാണ് വെള്ളം നിറയ്ക്കുക. ബൂസ്റ്റർ പമ്പ് സ്ഥാപിച്ചതിനാൽ പമ്പിങ് ശക്തി കൂടും എന്നതിനാൽ പഴയ പൈപ്പ് ലൈനിൽ ചോർച്ചയുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് പൈപ്പ് ലൈനിലും അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. രാപകൽ വ്യത്യാസമില്ലാതെ നടക്കുന്ന പ്രവൃത്തി ഇന്നു വൈകിട്ടോടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭാവിയിൽ കാസർകോട്ട് സൗകര്യം ഒരുക്കി വെള്ളം നിറയ്ക്കൽ അവിടേക്ക് മാറ്റും.  

മംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യമൊരുക്കാൻ കഴിഞ്ഞ മാസം റെയിൽവേ ടെൻഡർ ക്ഷണിച്ചിരുന്നു. ഇതു പൂർത്തിയാവുന്നതോടെ മംഗളൂരുവിലേക്കു നീട്ടാനും സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ വെള്ളം നിറയ്ക്കാൻ 10 മിനിറ്റ് സമയമെങ്കിലും ട്രെയിൻ കണ്ണൂരിൽ നിർത്തേണ്ടി വരും. എന്നാൽ നിലവിൽ റെയിൽവേ പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച് കണ്ണൂരിൽ 2 മിനിറ്റ് മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. 10 മിനിറ്റ് നിർത്തി വെള്ളം നിറച്ചാലും അടുത്ത സ്റ്റേഷനിൽ കൃത്യസമയത്ത് ഓടിയെത്താൻ സാധിക്കുമെന്നും അതുകൊണ്ടാണു സമയക്രമത്തിൽ ഇത് പ്രത്യേകം സൂചിപ്പിക്കാത്തതെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ആദ്യദിനം തലശ്ശേരിയിലും പയ്യന്നൂരിലും സ്റ്റോപ്

വന്ദേഭാരത് ട്രെയിനിന് പതിവ് സർവീസുകളിൽ തലശ്ശേരിയിൽ സ്റ്റോപ് അനുവദിച്ചിട്ടില്ലെങ്കിലും ഉദ്ഘാടന യാത്രയിൽ തലശ്ശേരിയിൽ നിർത്തും. 25ന് രാവിലെ 10.30നു തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന ട്രെയിൻ രാത്രി 7.44നാണ് തലശ്ശേരിയിൽ എത്തുക. 2 മിനിറ്റ് നീളുന്ന സ്വീകരണ പരിപാടിക്ക് ശേഷം കണ്ണൂരിലേക്ക് പുറപ്പെടും. 8.01ന് കണ്ണൂരിലെത്തുന്ന ട്രെയിൻ 8.03ന് പുറപ്പെട്ട് 8.23ന് പയ്യന്നൂരിലെത്തും. 8.25ന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 9.15നാണ് ട്രെയിൻ കാസർകോട്ട് എത്തുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha