സമ്പാദ്യം മുഴുവൻ ദുരിതാശ്വാസ നിധിക്ക് നൽകിയ ചാലാടൻ ജനാർദനൻ അന്തരിച്ചു
കണ്ണൂരാൻ വാർത്ത
കണ്ണൂർ: ജീവിത സമ്പാദ്യമായ രണ്ട് ലക്ഷം രൂപ കോവിഡ് വാക്സിൻ ചലഞ്ചിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രദ്ധേയനായ കുറുവയിലെ ബീഡി തൊഴിലാളി ചാലാടൻ ജനാർദനൻ (65) നിര്യാതനായി. കണ്ണൂർ കുറുവ പാലത്തിനടുത്തെ അവേരയിലെ വീട്ടിൽ വ്യാഴാഴ്ച രാത്രി പതിനൊന്നോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: പരേതയായ രജനി. മക്കൾ: നവീന, നവന.

കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം കണ്ട ശേഷമാണ് വാക്‌സിന്‍ ചാലഞ്ചിനായി പണം നല്‍കാൻ അദ്ദേഹം തീരുമാനിച്ചത്. ജീവിതസമ്പാദ്യമായ 2,00,850രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. കേരളബാങ്കിന്റെ കണ്ണൂർ ശാഖയിലുണ്ടായിരുന്ന പണം വാക്സിൻ ചലഞ്ചിലേക്ക് കൈമാറി പേര് വിവരങ്ങൾ വെളിപ്പെടുത്താതെ ഇദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു. ബാങ്ക് ജീവനക്കാർ ഈ വിവരം ​സമൂഹമാധ്യമത്തിൽ പങ്കു​വെച്ചതോടെ ജനാർദനൻ വാർത്തകളിലെ താരമായി.

ഇദ്ദേഹവും ഭാര്യയും കണ്ണൂർ ദിനേശ്ബീഡിയിൽ മൂന്നരപതിറ്റാണ്ടോളം ജോലി ചെയ്ത് പിരിഞ്ഞശേഷം കിട്ടിയ ആനുകൂല്യമാണ് സർക്കാരിന്റെ സ്ഥിതി കണ്ടറിഞ്ഞ് അദ്ദേഹം നൽകിയത്.

പിന്നീട് ദുരിതാശ്വാസ ഫണ്ടിലെ തിരിമറി വിവാദം വന്നപ്പോൾ ഇദ്ദേഹം അതൃപ്തി ​പ്രകടിപ്പിച്ചിരുന്നു. ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിന് പിന്നിലുള്ളവർ യാതൊരു വിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും തട്ടിപ്പിനെ കുറിച്ച് ആലോചിക്കുമ്പോൾ ചത്താൽ മതി എന്ന് തോന്നിപ്പോകുന്നുവെന്നും ഇദ്ദേഹം പ്രതികരിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത