ഷോപ്പിങ് മാളുകളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി
കണ്ണൂരാൻ വാർത്ത
കൊച്ചി: ഷോപ്പിങ് കോംപ്ലക്‌സ് അടക്കമുള്ള കെട്ടിടങ്ങളുടെ പാര്‍ക്കിങ് മേഖലയില്‍നിന്ന് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി. ഫീസ് പിരിക്കണോ വേണ്ടയോ എന്നത് കെട്ടിട ഉടമയ്ക്ക് തീരുമാനിക്കാം.

കെട്ടിടങ്ങള്‍ക്ക് നിശ്ചിത പാര്‍ക്കിങ് സൗകര്യം വേണമെന്നേ കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് ചട്ടത്തില്‍ പറയുന്നുള്ളൂവെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. എറണാകുളം ലുലു മാളിലെ പാര്‍ക്കിങ് മേഖലയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍നിന്ന് ഫീസ് പിരിക്കുന്നത് ചോദ്യംചെയ്യുന്ന ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.

നഗര്‍ പഞ്ചായത്ത് കേസില്‍ മറ്റൊരാളുടെ സ്ഥലം അനുമതിയില്ലാതെയും ഫീസ് നല്‍കാതെയും ഉപയോഗിക്കുക എന്നത് ആരുടെയും മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി. ലുലു മാളിലെ ബേസ്മെന്റ് പാര്‍ക്കിങ് മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നത് നിയമപ്രകാരമാണെന്നും കോടതി വിലയിരുത്തി. നിയമപ്രകാരം ഇവിടെ 1083 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് വേണ്ടത്. അവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍നിന്ന് ഫീസ് ഈടാക്കുന്നത് നിയമപരമാണ്.

എന്നാല്‍, കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാന്‍ കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 475-ാം വകുപ്പ് പ്രകാരം ലൈസന്‍സ് എടുക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യം പാര്‍ക്കിങ് ബില്‍ഡിങ് ആയേ കണക്കാക്കാനാകൂവെന്ന് കോടതി വിലയിരുത്തി.

കളമശ്ശേരി സ്വദേശി ബോസ്‌കോ ലൂയിസ്, തൃശ്ശൂര്‍ സ്വദേശി പോളി വടക്കന്‍ എന്നിവരാണ് ലുലു മാള്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനെതിരേ കോടതിയെ സമീപിച്ചത്. പാര്‍ക്കിങ് സൗകര്യം ലഭ്യമാക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നും അതിനാല്‍ ഫീസ് ഇടാക്കാനാകില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത