വഴിതെറ്റിക്കുന്ന നമ്പറുകൾ, പണം കവരുന്ന ലിങ്കുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : യോനോ ആപ്‌ വഴി ഇടപാട്‌ നടത്താൻ ബുദ്ധിമുട്ടുണ്ടായതോടെയാണ്‌ പയ്യന്നൂർ സ്വദേശിയായ വിമുക്തഭടൻ കസ്‌റ്റമർ കെയറിലേക്ക്‌ വിളിച്ചത്‌. കാര്യം പറഞ്ഞപ്പോൾ തങ്ങളുടെ ശ്രദ്ധയിലുണ്ടെന്നും തിരിച്ചുവിളിക്കുമെന്നും മറുപടി. തകരാർ ഇത്രപെട്ടെന്ന്‌ കൈകാര്യം ചെയ്യാനുള്ള മികവിനെ മനസിൽ അഭിനന്ദിച്ചാണ്‌ തൊട്ടുപിന്നാലെയെത്തിയ കോൾ എടുത്തത്‌. ഫോണിൽ ലിങ്ക്‌ അയക്കുന്നുവെന്നും അതിൽ പറയുന്നതുപോലെ ചെയ്യണമെന്നും നിർദേശം.

ലിങ്ക്‌ തുറന്ന്‌ അതിലാവശ്യപ്പെട്ട കാര്യങ്ങൾ അപ്‌ലോഡ്‌ ചെയ്‌തതോടെ വീണ്ടും വിളിയെത്തി. അൽപസമയത്തിനകം ആപ്‌ ശരിയാകും. തൊട്ടുപിന്നാലെ വന്നത്‌ അക്കൗണ്ടിൽനിന്നും പണം കൈമാറിയതായുള്ള സന്ദേശം. തുടരെത്തുടരെയുള്ള പണം കൈമാറ്റത്തിൽ സംശയം തോന്നിയ ബാങ്ക്‌ അധികൃതർ തുടർന്നുള്ള ഇടപാടുകൾ തടയുമ്പോഴേക്കും നഷ്ടമായത്‌ ഒമ്പതുലക്ഷം രൂപ. അക്കൗണ്ടിലുണ്ടായിരുന്ന, ഭവനവായ്‌പയായി ലഭിച്ച 14 ലക്ഷത്തിൽനിന്നാണ്‌ ഒമ്പത്‌ ലക്ഷം തട്ടിയത്‌. 

 കസ്‌റ്റമർ കെയർ നമ്പറും ചതിക്കുഴി
 
എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ്‌ നമ്മൾ. എന്നാൽ, ഈ രീതി മാറ്റണമെന്നാണ്‌ സൈബർ തട്ടിപ്പുകൾ പരിശോധിക്കുന്നവർ മുന്നറിയിപ്പുനൽകുന്നത്‌. സ്‌മാർട്ട്‌ ഫോണുകൾ നിത്യജീവിതത്തിന്റെ ഭാഗമായതോടെ ആവശ്യമുള്ള ഫോൺ നമ്പർപോലും ഗൂഗിളിൽനിന്നാണ്‌ എടുക്കുന്നത്‌. ഇ-കൊമേഴ്‌സ്‌, ഹോട്ടൽ ബുക്കിങ്‌, ബാങ്കിങ്‌ ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം തേടാൻ കസ്‌റ്റമർ കെയറുകളെയാണ്‌ ആശ്രയിക്കുന്നത്‌. വിരൽത്തുമ്പിൽ നമ്പർ കിട്ടുമ്പോൾ മറ്റുവഴികളെന്തിന്‌ തേടണമെന്നാണ്‌ ചിന്ത. എന്നാൽ, ഇവിടെയാണ്‌ തട്ടിപ്പുകാർക്ക്‌ ചാകരയ്‌ക്കുള്ള വഴിയൊരുങ്ങുന്നത്‌.
 
ഗൂഗിളിൽനിന്ന്‌ ലഭിക്കുന്ന കസ്‌റ്റമർ കെയർ നമ്പറുകൾ ചതിക്കുഴികളാണ്‌. കസ്‌റ്റമർ കെയർ അടക്കമുള്ള സർവീസ്‌ നമ്പറുകൾക്ക്‌ തങ്ങളെ ആശ്രയിക്കരുതെന്ന്‌ ഗൂഗിൾതന്നെ മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌. ഗൂഗിൾ അനുവദിച്ച വിവരങ്ങൾ എഡിറ്റ്‌ ചെയ്യാനുള്ള ഓപ്‌ഷനാണ്‌ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്‌. നിരവധി നമ്പറുകൾ ഇവർ എഡിറ്റ്‌ ചെയ്‌ത്‌ ചേർക്കും. ശരിയായ നമ്പർ ഉണ്ടാകാമെങ്കിലും ആദ്യം ലഭ്യമാകുക തട്ടിപ്പുകാരുടെ നമ്പറായിരിക്കും. സെർച്ച്‌ എൻജിൻ ഓപ്‌റ്റിമൈസേഷനിലെ സൂത്രമുപയോഗിച്ചാണ്‌ തട്ടിപ്പുകാർ അവരുടെ നമ്പർ ആദ്യംലഭിക്കുന്ന രീതിയിലാക്കുന്നത്‌. ഈ നമ്പറിൽ നമ്മൾ വിളിക്കുന്നതോടെ അവർ പണി തുടങ്ങുകയായി. ഇംഗ്ലീഷിലും ഹിന്ദിയിലും ആരെയും വീഴ്‌ത്തുന്ന രീതിയിൽ സംസാരിക്കുന്നവർ ഫോണിലേക്ക്‌ വരുന്ന ലിങ്കിൽ ആവശ്യമായ വിവരങ്ങൾ നൽകാൻ നിർദേശിക്കുന്നു. ഇത്‌ നൽകുന്നതോടെ നമ്മുടെ ഫോൺ അവർക്കും കൈകാര്യം ചെയ്യാനാവുന്നതാകും. 
 
മിറർ ഇമേജ്‌ ആപ്പുകളാണ്‌ ഇത്തരം ലിങ്കുകളായി വരുന്നത്‌. കോവിഡ്‌ കാലത്ത്‌ ഇവ വ്യാപകമായി ഇറങ്ങി. ഇത്തരം സംഭവങ്ങളിൽ നമ്മുടെ വിവരങ്ങൾ അവർക്കു കിട്ടിയ അടുത്ത നിമിഷം അക്കൗണ്ടിൽനിന്ന്‌ പണം നഷ്ടപ്പെടും. ഈ സമയത്താണെങ്കിൽ സന്ദേശങ്ങൾ വരുന്നതിൽനിന്നും ശ്രദ്ധ തിരിക്കാനായി ഇവർ കോളിൽ തുടരുകയും ചെയ്യും. സംശയകരമായി തുടരെത്തുടരെ പണം പോകുന്നത്‌ ശ്രദ്ധയിൽപ്പെടുന്നതോടെ ബാങ്കുകളിൽനിന്ന്‌ ബ്ലോക്ക്‌ ചെയ്യുന്നതാണ്‌ ആകെ ആശ്വാസം. നിമിഷങ്ങൾക്കുള്ളിൽ പണം വിവിധ അക്കൗണ്ടുകളിലേക്ക്‌ ഇവർ കൈമാറും. ഇത്‌ മുഴുവനും വ്യാജ അക്കൗണ്ടുകളുമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനും പൊലീസിനാകില്ല.   Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha