അറ്റകുറ്റപണി: നടാൽ റെയിൽവേ ഗേറ്റ് വീണ്ടും അടച്ചിട്ടു
കണ്ണൂരാൻ വാർത്ത
എടക്കാട് : നടാൽ റെയിൽവേ ഗേറ്റ്, നടാൽ–തോട്ടട–താഴെചൊവ്വ റൂട്ടിന്റെ ശാപമായി മാറുന്നു. റെയിൽപാളത്തിന്റെ അറ്റകുറ്റപണികൾക്കായി ഇടയ്ക്കിടെ ദിവസങ്ങളോളം ഗേറ്റ് പൂട്ടിയിടുന്നതാണ് പ്രതിസന്ധി. ഗേറ്റ് മുഴുവൻ സമയവും പൂട്ടിയിട്ടതിനാൽ കണ്ണൂർ– തോട്ടട–തലശ്ശേരി റൂട്ടിലോടുന്ന മിക്ക ബസ്സുകളും താഴെചൊവ്വ–ചാല–ബൈപാസിലൂടെയാണ് കടന്നു പോകുന്നത്. ഇതു കാരണം നടാൽ – ചിറക്കു താഴെ–തോട്ടട–കിഴുത്തള്ളി വരെയുള്ള പ്രദേശങ്ങളിലെ യാത്രക്കാർ ബസ് സൗകര്യം ഇല്ലാതെ വലയുകയാണ്. ചില ബസ്സുകൾ കണ്ണൂരിൽ നിന്ന് നടാൽ റെസയിൽവേ ഗേറ്റ് വരെ സർവീസ് നടത്തുന്നതു മാത്രമാണ് ആശ്വാസം.

തിങ്കളാഴ്ച രാവിലെ മുതൽ പൂട്ടിയ ഗേറ്റ് ഇനി മേയ് 3 വരെ ഗേറ്റ് അടഞ്ഞു കിടക്കും എന്നാണ് റെയിൽവേയുടെ അറിയിപ്പ്. കഴിഞ്ഞ നാലു മാസത്തിനിടയിൽ അ‍ഞ്ചാമത്തെ തവണയാണ് റെയിൽപാളത്തിന്റെ അറ്റകുറ്റ പ്രവൃത്തികൾക്കായി ഗേറ്റ് പൂട്ടിയിടുന്നത്. മിക്ക പൂട്ടിയിടലുകളും ഒരാഴ്ചയിലധികം നീണ്ടു നിൽക്കും. ഇതിനൊക്കെ പുറമേയാണ് ഗേറ്റിൽ വാഹനമിടിച്ച് തകരാറിലാവുന്നത് കൊണ്ടുള്ള പൂട്ടിയിടൽ. ഗേറ്റ് പൂർവ സ്ഥിതിയിലാക്കാൻ ഒന്നോ രണ്ടോ ദിവസം എടുക്കുമെന്നതാണ് ഇതിന്റെ പതിവ്.

തിരക്കില്ലാത്ത ഉൾപ്രദേശങ്ങളിലേക്ക് പോകുന്ന റോഡുകൾക്ക് കുറുകേ റെയിൽവേ ഗേറ്റുള്ള സ്ഥലങ്ങളിൽ വരെ മേൽപാലം പദ്ധതി അനുവദിക്കുകയോ നിർമാണം പൂർത്തീകരിക്കുകയോ ചെയ്തിട്ടുണ്ട്. എന്നിട്ടും കണ്ണൂർ – തലശ്ശേരി ദേശീയപാതയിലെ നടാൽ റെയിൽവേ ഗേറ്റിനു മുകളിലൂടെ മേൽപാലം നിർമിക്കാൻ അധികൃതർ തയാറാകുന്നില്ല. നടാലിൽ മേൽപാലം വേണമെന്ന ആവശ്യം 1980 മുതൽ യാത്രക്കാരും നാട്ടുകാരും ഉന്നയിക്കുന്ന ആവശ്യമാണ്. നടാൽ‌, താഴെചൊവ്വ റെയിൽവേ ഗേറ്റുകൾക്കു മേൽപാലം അനുവദിക്കാൻ പദ്ധതിയുണ്ടായിരുന്നു.
എന്നാൽ നായനാർ സർക്കാരിന്റെ കാലത്ത് താഴെചൊവ്വ–ചാല–നടാൽ ബൈപാസ് നിർമിച്ചതോടെ മേൽപാലം പദ്ധതികൾ ഉപേക്ഷിക്കുകയായിരുന്നു. 

ആറുവരിയിലുള്ള പുതിയ ദേശീയപാത ചാല വഴി വരുന്നുണ്ടെന്നതാണ് ഇപ്പോൾ നടാലിൽ മേൽപാലം വേണ്ടെന്നതിന് കാരണമായി പറയുന്നത്. നടാലിൽ മേൽപാലം വേണ്ടെന്നു പറയുന്ന അധികൃതർ നടാൽ, ചിറക്കുതാഴെ, തോട്ടട, കിഴുത്തള്ളി എന്നിവിടങ്ങളിലുള്ള യാത്രക്കാരടെ യാത്രാ ക്ലേശം കണക്കിലെടുക്കുന്നില്ല. സ്ഥലത്തെ ജനപ്രതിനിധികളും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത