ബസ്സുടമയെ കസ്‌റ്റഡിയിലെടുത്ത്‌ മർദിച്ചതായി പരാതി; ധർമടം എസ്‌.എച്ച്‌.ഒ.യ്ക്ക് സസ്‌പെൻഷൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ധർമടം : വിഷുദിനത്തിൽ ധർമടം ചാത്തോടത്തുനിന്ന്‌ കസ്‌റ്റഡിയിലെടുത്ത ബസ്സുടമയെ ധർമടം എസ്‌എച്ച്‌ഒ കെ വി സ്‌മിതേഷ്‌ മർദിച്ചതായി പരാതി. മദ്യപിച്ച്‌ വാഹനം ഓടിച്ചെന്നാരോപിച്ച്‌ കസ്‌റ്റഡിയിലെടുത്ത മമ്പറം കീഴത്തൂർ ‘ബിന്ദു’ നിവാസിൽ കെ. സുനിൽകുമാറി(53)നെയാണ്‌ മദ്യലഹരിയിലായിരുന്ന എസ്‌.എച്ച്‌.ഒ ലാത്തികൊണ്ടടിച്ചത്‌. ജാമ്യത്തിലെടുക്കാൻ സ്‌റ്റേഷനിലെത്തിയ ഹൃദ്രോഗിയായ അമ്മ രോഹിണി (70)യെ അസഭ്യം പറയുകയും തള്ളിയിട്ടതായും കുടുംബം ആരോപിക്കുന്നു. തലശേരിയിലെ സ്വകാര്യാശുപത്രിയിൽ ഇവർ ചികിത്സതേടി. ബന്ധുക്കൾ സ്‌റ്റേഷനിലേക്ക്‌ വന്ന കാറിന്റെ മുൻഭാഗത്തെ ഗ്ലാസ്‌ തകർത്തതായും പരാതിയിൽ പറയുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരടക്കമുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ‘എടുത്തോണ്ട്‌ പോടാ’യെന്ന്‌ എസ്‌എച്ച്‌ഒ ആക്രോശിക്കുന്നതും ‘വയ്യാത്ത സ്‌ത്രീ’യാണെന്ന്‌ വനിതാപൊലീസുകാർ പറയുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്‌. സുനിൽകുമാറിന്റെ പരാതിയിൽ അന്വേഷണവിധേയമായി എസ്‌.എച്ച്‌.ഒ.യെ ഉത്തരമേഖലാ ഐ.ജി സസ്‌പെൻഡ്‌ ചെയ്‌തു. സർക്കാരിന്റെ പൊലീസ്‌ നയത്തിന്‌ കടകവിരുദ്ധമായ നിലപാട്‌ എസ്‌.എച്ച്‌.ഒ സ്വീകരിച്ചതെന്നതുകൂടി കണക്കിലെടുത്താണ്‌ നടപടി.

സ്‌കൂട്ടറിൽ തട്ടിയ കാർ നിർത്താതെ പോയ പരാതിയിലാണ്‌ സുനിൽകുമാറിനെയും വാഹനവും കസ്‌റ്റഡിയിലെടുത്തത്‌. വിവരമറിഞ്ഞ്‌ സ്‌റ്റേഷനിലെത്തിയ സഹോദരി ബിന്ദു, മരുമകൻ ദർശൻ എന്നിവരോടും എസ്‌.എച്ച്‌.ഒ മോശമായാണ്‌ പെരുമാറിയത്‌. അർധരാത്രിയോടെയാണ്‌ ഇവരെ സ്‌റ്റേഷനിൽനിന്ന്‌ വിട്ടത്‌.

വാഹനാപകട നഷ്ടപരിഹാരത്തിലെ തർക്കമാണ്‌ എസ്‌.എച്ച്‌.ഒ.യുടെ വിരോധത്തിന്‌ കാരണമെന്ന്‌ കുടുംബം പറയുന്നു. മീത്തലെപ്പീടികയിൽ രണ്ടാഴ്‌ചമുമ്പ്‌ എടാട്ട്‌ സ്വദേശിയുടെ കാറും സുനിൽകുമാറിന്റെ ബസ്സും തട്ടിയിരുന്നു. 20,000 രൂപ കാർ ഉടമയ്‌ക്ക്‌ നൽകാൻ എസ്‌.എച്ച്‌.ഒ നിർദേശിച്ചു. കാറുടമയുമായി സംസാരിച്ച്‌ 3,000 രൂപയ്‌ക്ക്‌ ഒത്തുതീർന്നത്‌ എസ്‌.എച്ച്‌.ഒ.യ്ക്ക് ഇഷ്‌ടപ്പെട്ടില്ലെന്നാണ്‌ കുടുംബത്തിന്റെ ആരോപണം. കണ്ണൂർ സിറ്റി പൊലീസ്‌ കമീഷണർ അജിത്ത്‌കുമാർ ധർമടം സ്‌റ്റേഷനിലും തലശേരി എ.എസ്‌.പി ഓഫീസിലുമെത്തി വിവരങ്ങൾ അന്വേഷിച്ചു. മുമ്പും നിരവധി പരാതി ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha